'ദയവായി ഇത് അവസാനിപ്പിക്കൂ..'; കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നൂവെന്ന് കെഎല്‍ രാഹുല്‍
ബെംഗളൂരു: കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുകയാണ് എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെയാണ് കെ എല്‍ രാഹുലിന്റെ പ്രതികരണം. കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുകയാണ് എന്നും ഇത് അവസാനിപ്പിക്കുകയാണ് എന്നും കെ എല്‍ രാഹുല്‍ ആവശ്യപ്പെട്ടു.
തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വി ഒ എസ് ഡി എന്ന സംഘടനയുടെ പോസ്റ്റര്‍ ആണ് കെ എല്‍ രാഹുല്‍ പങ്ക് വെച്ചിരിക്കുന്നത്. കേരളത്തില്‍ വ്യാപകമായി തെരുവ് നായ്ക്കളെ കൊല്ലുന്നത് വീണ്ടും ആരംഭിച്ചു എന്നാണ് ഈ പോസ്റ്ററില്‍ പറയുന്നത്. വി ഒ എസ് ഡിയ്ക്ക് പിന്തുണ എന്ന തരത്തിലാണ് രാഹുലിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

വി ഒ എസ് ഡി എന്ന് പറയുന്നത് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. തെരുവുകളില്‍ കഴിയുന്ന നായ്ക്കളെ ആജീവനാന്തം സംരക്ഷിക്കുക എന്നതാണ് വി ഒ എസ് ഡി എന്ന സന്നദ്ധ സംഘടനയുടെ രീതി. തെരുവ് നായ സംരക്ഷണത്തിനായുള്ള ലോകത്തെ തന്നെ വലിയ പദ്ധതി ആണിത് എന്നാണ് വി ഒ എസ് ഡി അവരുടെ വെബ് സൈറ്റില്‍ അവകാശപ്പെടുന്നത്.

ബെംഗളൂരിലെ വി ഒ എസ് ഡി സാങ്ച്വറി & ഹോസ്പിറ്റലില്‍ ഈ രീതിയില്‍ രക്ഷപ്പെടുത്തിയ നൂറ് കണക്കിന് നായ്ക്കളെയാണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ 30-ലധികം നഗരങ്ങളില്‍ നിന്ന് റോഡ്, ട്രെയിന്‍, വിമാനമാര്‍ഗം എന്നിവയിലൂടെ കൊണ്ടുവന്നവയാണ് ഈ നായ്ക്കള്‍ എല്ലാം എന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്.

ഇവരുടെ ഷെല്‍ട്ടര്‍ ഹോമിലുള്ള നായ്ക്കളെ ദത്തെടുത്ത് കൊടുക്കാറില്ല. വി ഒ എസ് ഡിയിലെ നായ്ക്കള്‍ ജീവിതകാലം മുഴുവന്‍ ഇവിടെ തങ്ങുന്നതാണ് രീതി എന്നും വെബ്‌സൈറ്റില്‍ പറയുന്നു. അതേസമയം എട്ട് ലക്ഷത്തിലേറെ തെരുവ് നായ്ക്കളുള്ള കേരളത്തില്‍ ഈ സംഘടന എന്തെങ്കിലും പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കേരളത്തില്‍ കഴിഞ്ഞ കുറച്ച് നാളായി തെരുവ് നായ ശല്യം രൂക്ഷമാണ്. നിരവധി പേര്‍ക്ക് കടിയേല്‍ക്കുകയും ചിലര്‍ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. വിഷയത്തില്‍ ഹൈക്കോടതി അടക്കം ഇടപെട്ടിട്ടുണ്ട്. പൗരന്‍മാരെ സംരക്ഷണം സര്‍ക്കാരിന്റെ ബാധ്യതയാണ് എന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. അതേസമയം പ്രശ്‌നപരിഹാരത്തിനായി വന്ധ്യംകരണം, എബിസി പദ്ധതി എന്നിവ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.












Click it and Unblock the Notifications