'പ്ലീനം വിഎസിനെ തകര്‍ക്കാനും പിണറായിയെ വാഴിക്കാനും
കായംകുളം: പാര്‍ട്ടി ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ സി പി എം പാലക്കാട് വച്ച് നടത്തിയ പ്ലീനത്തില്‍ പാര്‍ട്ടിക്കും പ്ലീനത്തിനും എതിരെ സംസാരിക്കാന്‍ ഇതരപാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രണ്ടായുധങ്ങളാണ് ലഭിച്ചത്. ഒന്ന് സമാപന ദിവസം വിവാദ വ്യവസായിയുടെ പരസ്യം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ കൊടുത്തത്. മറ്റൊന്ന് വി എസ് അച്യുതാനന്ദന്‍ സമാപനച്ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനിന്നത്.
സി പി എമ്മിലെ 'പരസ്യ' വിവാദങ്ങള്‍ക്ക് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഒരു നീണ്ട വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ വി എസ് സമാപനച്ചടങ്ങില്‍ പങ്കെടുക്കാതെ മാറിനിന്നതെന്തിനാണെന്ന് അദ്ദേഹമൊന്നും പറഞ്ഞ് കേട്ടില്ല. എന്നാല്‍ അതിനുള്ള ഉത്തരവുമായി കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല രംഗത്ത് വന്നിട്ടുണ്ട്. വി എസ് മാറിനിന്നതെന്തിനെന്നതിനെക്കാള്‍ പ്ലീനം എന്തിനായിരുന്നെന്നാണ് ചെന്നിത്തലയുടെ വാക്കുകള്‍.

വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനും പിണറായി വിജയനെ അരിയിട്ട് വാഴിക്കാനും വേണ്ടിയാണ് പ്ലീനം നത്തിയതെന്നാണ് ചെന്നിത്തല പറഞ്ഞത്. കായംകുളം പത്തിയൂരില്‍ രാഷ്ട്രീയ സംഘട്ടനത്തില്‍കൊല്ലപ്പെട്ട പുരുഷോത്തമന്റെയും പഞ്ചമാരാജിന്റെയും രക്തസാക്ഷിദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലീനത്തില്‍ വിഎസിനെതിരെ കടുത്ത വിമര്‍ശനുമുണ്ടായതും ലാവ്‌ലിന്‍കേസില്‍ കുറ്റവിമുക്തനായ പിണറായിയെ വാഴ്ത്തിയതുമാണ് ചെന്നിത്തലയുടെ ഈ വാക്കുകള്‍ക്ക് ഹേതു.
അതേസമയം വി എസ് ഇരിക്കാന്‍ കഴിയാത്തവിധം പനിയായതുകൊണ്ടാണെന്നാണ് സമാപന ദിവസം തിരുവനന്തപുരത്തേക്ക് മടങ്ങിയതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. തങ്ങളോട് അക്കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും നേതാക്കള്‍ പറയുന്നു. പ്ലീനം വലിയ വിജയമാണെന്നും അവര്‍ വിലയിരുത്തി.












Click it and Unblock the Notifications