പ്ലസ് വൺ പ്രതിസന്ധി; സംസ്ഥാനത്ത് അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ച് അനുവദിച്ച് സർക്കാർ. കാസർകോഡ്, മലപ്പുറം ജില്ലകളിലാണ് താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചത്. മലപ്പുറത്ത് 74 സർക്കാർ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസർകോഡ് 18 സ്‌കൂളുകളിലായി 18 ബാച്ചുകളുമാണ് അനുവദിച്ചത്.
മലപ്പുറത്ത് ഹ്യൂമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും കൊമേഴ്‌സ് കോമ്പിനേഷനിൽ 61 ബാച്ചുകളുമാണ് അനുവദിച്ചത്. ഇവിടെ സയൻസ് ബാച്ചുകൾ ഇല്ല. കാസർകോഡ് ജില്ലയിൽ ഒരു സയൻസ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്‌സ് ബാച്ചുമാണ് അനുവദിച്ചത്.

14,90,40,000 രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് അധിക ബാച്ച് അനുവദിച്ചതിലൂടെ സർക്കാരിന് ഉണ്ടാകുകയെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പുതിയ ബാച്ചുകൾ അനുവദിക്കുന്നതിലൂടെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോഴിക്കോട് ജില്ലയിൽ അധിക ബാച്ചുകൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് ആർഡിഡി ഓഫീസ് ഉപരോധിക്കുമെന്ന് എംഎസ്എഫ് അറിയിച്ചു. വൈകീട്ട് 3.30 നാണ് ഉപരോധം.
ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യുഡിഎഫ് വിദ്യാര്‍ത്ഥി- യുവജന സംഘടനകളുടെ പോരാട്ട വിജയം-വിഡി സതീശൻ
മലപ്പുറം, കാസര്‍കോട് ജില്ലകളിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 138 ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യു.ഡി.എഫും യു.ഡി.എഫ് യുവജന വിദ്യാര്‍ത്ഥി സംഘടനകളും നിരന്തരമായി നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് സർക്കാർ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്, പാലക്കാട് വയനാട് ജില്ലകളില്‍ കൂടി ആവശ്യമായ ബാച്ചുകള്‍ അനുവദിക്കണം. ഒരു കുട്ടിക്ക് പോലും പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടരുത്. ആ ജില്ലകളില്‍ കൂടി ആവശ്യമായ ബാച്ചുകള്‍ അനുവദിക്കണം.
സീറ്റുകള്‍ ബാക്കി വരുമെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. 30 ശതമാനം മാര്‍ജിനല്‍ ഇന്‍ക്രീസ് നല്‍കിയിട്ടും മലപ്പുറം ജില്ലയില്‍ 120 ബാച്ചുകള്‍ കൂടി അനുവദിക്കേണ്ടി വന്നു. പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് സര്‍ക്കാരിന് ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്. അടുത്ത വര്‍ഷം ഈ പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ മുന്‍കൂട്ടി സീറ്റുകളും ബാച്ചുകളും അനുവദിക്കണം. അടുത്ത വര്‍ഷത്തോടെ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.












Click it and Unblock the Notifications