ഹയർസെക്കന്ററി ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്മെന്റ് റിസൾട്ട് ചൊവ്വാഴ്ച്ച
തിരുവനന്തപുരം: ഹയർസെക്കന്ററി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് റിസൾട്ട് ജൂൺ 13 ന് വൈകീട്ട് 4ന് പ്രസിദ്ധീകരിക്കും. ജൂൺ 15ന് വൈകീട്ട് 5 മണിവരെ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ "Click for Higher Secondary Admissison" എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. ഇതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകരുടെ വീടിനടുത്തുള്ള സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളിൽ നിന്നും തേടാവുന്നതാണ്.

ട്രയൽ അലോട്ട്മെന്റ് ലിസ്റ്റിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ഉൾപ്പെടുത്തലുകൾ ജൂൺ 15ന് വൈകീട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം. തെറ്റായ വിവരങ്ങൾ നൽകിയാൽ ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പാൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഹയർസെക്കന്ററി പ്രവേശനം സംബന്ധിച്ച യോഗത്തിലായിരുന്നു മുഖ്യമന്ത്രി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്.
വൊക്കേഷണൽ ഹയർസെക്കന്ററി, ഐ ടി ഐ, പൊളിടെക്നിക്ക് എന്നിവിടങ്ങളിലെ സീറ്റുകൾ കൂടി കണക്കാക്കി ഹയർ സെക്കന്ററിയിൽ സീറ്റുകൾ ഉറപ്പാക്കും. ഇതിനായി കുട്ടികളുടെ എണ്ണം കുറഞ്ഞ ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റി നൽകും. പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യും. പ്രദേശിക സന്തുലിതാവസ്ഥ നിലനിർത്തി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
ഇത്തവണ 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേരായിരുന്നു ഉപരിപഠനത്തിന് യോഗ്യത നേടിയത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ 68,604 പേരാണ്. കഴിഞ്ഞതവണ 44,363 വിദ്യാര്‍ഥികള്‍ക്കായിരുന്നു എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്.












Click it and Unblock the Notifications