മലപ്പുറത്ത് പ്ലസ്ടു വിദ്യാര്‍ഥിനികളെ കാണാതായി; ഒരു കോള്‍ വന്നു, ശേഷം ഫോണ്‍ ഓഫ് ആയി, അന്വേഷണം
മലപ്പുറം: താനൂരില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികളെ കാണാതായി. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നവരെയാണ് കാണാതായത്. ഇരുവരും സുഹൃത്തുക്കളാണ്. നിറമരുതൂര്‍ സ്വദേശിയെയും താനൂര്‍ മഠത്തില്‍ റോഡ് സ്വദേശിയെയുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് കാണാതായത്.
ബുധനാഴ്ച സ്‌കൂളിലേക്ക് പരീക്ഷയ്ക്ക് വേണ്ടി പോയതാണ് ഇരുവരും. സ്‌കൂളിനടുത്ത കാന്റീന് മുമ്പിലാണ് ഒരു കുട്ടിയുടെ പിതാവ് ബൈക്കില്‍ കൊണ്ടുവിട്ടത്. പിന്നീട് ഭക്ഷണം കഴിച്ചോ എന്ന് ഫോണില്‍ വിളിച്ച് അന്വേഷിച്ചിരുന്നു. കാന്റീനില്‍ ഭക്ഷണമില്ലാത്തതിനാല്‍ പുത്തന്‍തെരുവിലെ കടയില്‍ കഴിക്കാന്‍ പോകുന്നു എന്നും കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു.

പരീക്ഷയ്ക്ക് എത്താതിനുന്നതിനാല്‍ ടീച്ചര്‍ വീട്ടുകാരെ വിളിച്ച് തിരക്കുകയായിരുന്നു. അപ്പോഴാണ് രണ്ടുപേരും പരീക്ഷയ്ക്ക് വീട്ടില്‍ നിന്ന് പോയിട്ടുണ്ടെന്ന് അധ്യാപകരും അറിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പോലീസിനെ വിവരം അറിയിച്ചു. ഇതെല്ലാം നടക്കുന്നത് ബുധനാഴ്ച ഉച്ചയ്ക്കാണ്. ഉടനെ താനൂര്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പെണ്‍കുട്ടികളുടെ രണ്ടുപേരുടെ കൈയ്യിലും മൊബൈല്‍ ഫോണ്‍ ഉണ്ട്. ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കാന്‍ പോലീസ് ശ്രമിച്ചുവരികയാണ്. രണ്ട് ഫോണുകളും സ്വിച്ച്ഡ് ഓഫ് ആണ് എന്ന് പോലീസ് അറിയിച്ചുവെന്ന് കാണാതായ ഒരാളുടെ സഹോദരി പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് എടവണ്ണ ഭാഗത്തുനിന്ന് ഒരു കോള്‍ പെണ്‍കുട്ടികളുടെ ഫോണിലേക്ക് വന്നിരുന്നു. ഈ നമ്പര്‍ ആരുടേതാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പെണ്‍കുട്ടികളെ കണാനില്ല എന്നറിഞ്ഞതോടെ വീട്ടുകാര്‍ സ്വന്തം നിലയില്‍ വ്യാപകമായി അന്വേഷണം നടത്തിയിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോയി, ഒട്ടുംപുറം തൂവല്‍ തീരം ബീച്ചില്‍ പോയി... എന്നെല്ലാം വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇവിടെ വീട്ടുകാര്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടുകാരും പോലീസും അന്വേഷണം തുടരുകയാണ്.
പരീക്ഷയുണ്ടെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ പരീക്ഷ എഴുതിയിട്ടുമില്ല. രണ്ടുപേരില്‍ ഒരാള്‍ക്ക് മാത്രമാണ് പരീക്ഷയുള്ളത് എന്ന് പിന്നീട് വിവരം ലഭിച്ചു. സഹപാഠികളും മറ്റുള്ളവരും പറയുന്നത് പ്രകാരം എല്ലാ സ്ഥലത്തും വീട്ടുകാര്‍ പരിശോധിച്ചു.
എടവണ്ണ ഭാഗത്ത് നിന്നാണ് അവസാന കോള്‍ വന്നത്. രണ്ടുപേരുടെ ഫോണിലേക്കും കോള്‍ വന്നിരുന്നു. ഇതുപ്രകാരമുള്ള അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചുവെന്ന് മഠത്തില്‍ റോഡിലെ പെണ്‍കുട്ടിയുടെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.












Click it and Unblock the Notifications