പ്ലസ് ടു പരീക്ഷ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും; ഫലം പരിശോധിക്കാം, അറിയേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: 2023 മാര്‍ച്ച് മാസം നടന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകളുടെ ഫലം 2023 മെയ് 25 ന് ഉച്ചയ്ക്ക് ശേഷം 03.00 മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് 04.00 മണി മുതല്‍ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in.
ദിവസങ്ങള്‍ക്ക് മുമ്പാണ് സംസ്ഥാനത്തെ എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത്. ആകെ പരീക്ഷയെഴുതിയ 4,19,128 വിദ്യാര്‍ഥികളില്‍ 4,17,864 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 99.7 ആണ് ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവരുടെ ശതമാനക്കണക്ക്. 68,604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

കണ്ണൂര്‍ റവന്യൂ ജില്ലയാണു വിജയശതമാനത്തില്‍ മുന്നില്‍. 99.94 ശതമാനം പേര്‍ ഇവിടെനിന്ന് ഉപരിപഠന യോഗ്യത നേടി. പാല, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകളാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ലകള്‍. 100 ശതമാനം വിദ്യാര്‍ഥികളും ഇവിടെ വിജയിച്ചു. വയനാട് റവന്യൂ ജില്ലയാണ് ഏറ്റവും കുറവ് വിജയശതമാനമുള്ള(98.41) ജില്ല. വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ലയും വയനാടാണ്.
പരീക്ഷയെഴുതിയ 1,04,772 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡും അതിനു മുകളിലും 1,52,025 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസ് ഗ്രേഡും അതിനു മുകളിലും 2,16,582 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡും അതിനു മുകളിലും 2,97,737 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും സി പ്ലസ് ഗ്രേഡും അതിനു മുകളിലും 3,78,874 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും സി ഗ്രേഡും അതിനു മുകളിലും 4,17,864 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും ഡി പ്ലസ് ഗ്രേഡും അതിനു മുകളിലും ലഭിച്ചു. 1,101 പേര്‍ക്ക് ഏതെങ്കിലും വിഷയത്തിനു ഡി ഗ്രേഡ് ലഭിച്ചു.
പുതിയ സ്‌കീമില്‍ പ്രൈവറ്റ് വിഭാഗത്തില്‍ 150 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 100 പേര്‍ ഉന്നത പഠനത്തിനു യോഗ്യത നേടി. 66.67 ആണു വിജയശതമാനം. പഴയ സ്‌കീമില്‍ പ്രൈവറ്റ് വിഭാഗത്തില്‍ 45 പേര്‍ പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്തതില്‍ 29 പേര്‍ വിജയിച്ചു. 64.44 ആണ് വിജയശതമാനം. പട്ടികജാതി വിഭാഗത്തില്‍ 39,441 പേര്‍ പരീക്ഷയെഴുതിയതില്‍ 39,078 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി.












Click it and Unblock the Notifications