Get Updates
Get notified of breaking news, exclusive insights, and must-see stories!

'എഴുതാത്ത പരീക്ഷ പാസാക്കിത്തരണമെന്ന് ആരോടെങ്കിലും ആവശ്യപ്പെടാൻ ബുദ്ധിയില്ലാത്ത ആളല്ല ഞാൻ';പിഎം ആർഷോ

തിരുവനന്തപുരം: എഴുതാത്ത പരീക്ഷ ജയിച്ചതായി മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. സംഭവിച്ചത് സാങ്കാതിക പിഴവായിരിക്കാമെന്നും അല്ലെങ്കിൽ വിവാദം ഉണ്ടാക്കാനായി ആരെങ്കിലും മനപ്പൂർവ്വം ചെയ്ത പ്രവൃത്തിയായിരിക്കാം ഇതെന്നും ആർഷോ പറഞ്ഞു. എഴുതാത്ത പരീക്ഷ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ആരെയെങ്കിലും വിളിക്കാൻ മാത്രം ബോധവും ബുദ്ധിയും ഇല്ലാത്ത ആളല്ല താനെന്നും മാതൃഭൂമി ചാനലിനോട് ആർഷോ പ്രതികരിച്ചു.

'താൻ പരീക്ഷ എഴുതിയിട്ടില്ല. നാല് മാസം എറണാകുളം ജില്ലയിൽ കയറാൻ പാടില്ലെന്ന് ജാമ്യ വ്യവസ്ഥ ഉണ്ടായിരുന്നു. ഈ പരീക്ഷ നടക്കുമ്പോൾ ഞാൻ ആ ജില്ലയിൽ തന്നെയില്ല. എഴുതാത്ത പരീക്ഷ പാസാക്കിയതിനെ കുറിച്ച് പരീക്ഷ കൺട്രോളറാണ് മറുപടി നൽകേണ്ടത്. ഒന്നുകിൽ സാങ്കേതിക പിഴവായിരിക്കാം. അല്ലെങ്കിൽ വിവാദം ഉണ്ടാക്കാനായി ആരെങ്കിലും കരുതിക്കൂട്ടി ചെയ്തതായിരിക്കാം. പരീക്ഷ എഴുതാത്തത് കൊണ്ട് തന്നെ മാർക്ക് ലിസ്റ്റ് താൻ പരിശോധിച്ചിട്ട് പോലുമില്ല. ഇന്ന് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്', ആർഷോ പറഞ്ഞു.

 sfi-

ആർഷോയ്ക്കെതിരായ ആരോപണം കെട്ടിച്ചമച്ചതെന്ന് എസ്എഫ്ഐ

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ ഉയർന്ന മാർക്ക് ലിസ്റ്റ് വിവാദം കെട്ടിച്ചമച്ചതാണെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം. പരീക്ഷാ ഫലം ഓൺലൈനായി പ്രസിദ്ധീകരിച്ചതിൽ വന്ന സാങ്കേതികപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് എസ്.എഫ്.ഐ നേതാവിന് എഴുതാത്ത പരീക്ഷയ്ക്ക് വിജയം എന്ന് വലതുപക്ഷവും അവർക്ക് ചൂട്ട്പിടിക്കുന്ന മാധ്യമങ്ങളും കൊട്ടിഘോഷിക്കുന്നതെന്നും എസ്എഫ്ഐ നേതൃത്വം വിമർശിച്ചു.

പരീക്ഷയിലെ മാർക്കിൻ്റെ സ്ഥാനത്ത് പൂജ്യമെന്ന് രേഖപ്പെടുത്തിയും, ടോട്ടൽ ക്രെഡിറ്റ് പോയൻ്റ്, സെമസ്റ്റർ ക്രെഡിറ്റ് പോയൻ്റ് ആവറേജ്, സെം ഗ്രേഡ് എന്നിവ രേഖപ്പെടുത്താതെയും കൃത്യമായി തന്നെയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. എൻഐസിക്ക് പറ്റിയ സാങ്കേതികപ്പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് കോളേജ് പ്രിൻസിപ്പാൾ തന്നെ വിശദീകരിച്ചിട്ട് പോലും വാർത്ത പിൻവലിക്കുന്നതിനോ ശരിയായ വാർത്ത നൽകുന്നതിനോ ഇതുവരെ മാധ്യമങ്ങൾ തയ്യാറായിട്ടില്ല. ഇതിൽനിന്ന് തന്നെ ഇവരുടെ ലക്ഷ്യം എസ്.എഫ്.ഐയെ വ്യാജവാർത്ത നൽകി തകർക്കുകയാണ് എന്നുള്ളത് വ്യക്തമാണെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്താവനയുടെ പൂർണരൂപം

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ അന്നുമുതൽ സ. പി.എം ആർഷോക്കെതിരെ നിരന്തരമായ ആക്രമണമാണ് വലതുപക്ഷവും മാധ്യമങ്ങളും അഴിച്ചുവിടുന്നത്. ഇവ ഓരോന്നിനെയും വസ്തുതകൾ അണിനിരത്തി എസ്.എഫ്.ഐ ചെറുത്തു തോൽപ്പിച്ചതുമാണ്. ഇനിയും കലി തീരാത്ത മാധ്യമങ്ങളും വലതുപക്ഷവും പുതുതായി ഉയർത്തിയ ആരോപണവും കെട്ടിച്ചമച്ചതാണ്. എറണാകുളം മഹാരാജാസ് കോളേജിൽ എം.എ ആർക്കിയോളജി വിദ്യാർത്ഥിയായ സഖാവ് പി.എം ആർഷോ എഴുതാത്ത മൂന്നാം സെമസ്റ്റർ പരീക്ഷ വിജയിച്ചു എന്ന പുതിയ പ്രചരണം വസ്തുതാ വിരുദ്ധമാണ്. പരീക്ഷാ റിസൾട്ട് ഓൺലൈനായി പ്രസിദ്ധീകരിച്ചതിൽ വന്ന സാങ്കേതികപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് എസ്.എഫ്.ഐ നേതാവിന് എഴുതാത്ത പരീക്ഷയ്ക്ക് വിജയം എന്ന് വലതുപക്ഷവും അവർക്ക് ചൂട്ട്പിടിക്കുന്ന മാധ്യമങ്ങളും കൊട്ടിഘോഷിക്കുന്നത്.

പരീക്ഷയിലെ മാർക്കിൻ്റെ സ്ഥാനത്ത് പൂജ്യമെന്ന് രേഖപ്പെടുത്തിയും, ടോട്ടൽ ക്രെഡിറ്റ് പോയൻ്റ്, സെമസ്റ്റർ ക്രെഡിറ്റ് പോയൻ്റ് ആവറേജ്, സെം ഗ്രേഡ് എന്നിവ രേഖപ്പെടുത്താതെയും കൃത്യമായി തന്നെയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാൽ സാങ്കേതികപ്പിഴവ്മൂലം 'passed' എന്ന് രേഖപ്പെടുത്തിയതാണ് ഇക്കൂട്ടർ ഉയർത്തിക്കാണിക്കുന്നത്. ലോകത്ത് ഒരു പരീക്ഷയിലും പരീക്ഷ എഴുതാതെ പൂജ്യം മാർക്ക് ലഭിച്ച ഒരാൾ പാസ് ആകില്ല എന്ന കാര്യം എല്ലാവർക്കുമറിയാം. കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻഫോർമേഷൻ സെൻ്ററാണ്(nic) മഹാരാജാസ് കോളേജിലെ പരീക്ഷാ ഫലങ്ങൾ ഓൺലൈനായി പ്രസിദ്ധീകരിക്കാറുള്ളത്. NIC ക്ക് പറ്റിയ സാങ്കേതികപ്പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് കോളേജ് പ്രിൻസിപ്പാൾ തന്നെ വിശദീകരിച്ചിട്ട് പോലും വാർത്ത പിൻവലിക്കുന്നതിനോ ശരിയായ വാർത്ത നൽകുന്നതിനോ ഇതുവരെ മാധ്യമങ്ങൾ തയ്യാറായിട്ടില്ല. ഇതിൽനിന്ന് തന്നെ ഇവരുടെ ലക്ഷ്യം എസ്.എഫ്.ഐയെ വ്യാജവാർത്ത നൽകി തകർക്കുകയാണ് എന്നുള്ളത് വ്യക്തമാണ്.

കെ.എസ്‌.യുവിൻെറ ഏതെങ്കിലും യൂണിറ്റ് നേതാവ് നൽകുന്ന ബൈറ്റ് പൊക്കിപ്പിടിച്ച് സംസ്ഥാന വ്യാപകമായി വ്യാജവാർത്ത നൽകുന്ന മാധ്യമ പ്രവർത്തകർ ജേർണലിസം കോഴ്സ് ചെയ്തിരുന്ന കാലത്ത് പഠിച്ച പുസ്തകങ്ങൾ ഒരിക്കൽകൂടി പൊടിതട്ടിയെടുത്ത് മാധ്യമങ്ങളുടെ ധാർമികത എന്ന പാഠഭാഗം വായിച്ചു നോക്കുന്നത് നന്നാകും. സഖാവ് പി.എം ആർഷോക്കെതിരെ മാധ്യമങ്ങൾ ഉയർത്തുന്ന വ്യാജ ആരോപണങ്ങളെ വസ്തുതാപരമായി പരിശോധിച്ച് സത്യം മനസ്സിലാക്കാൻ കേരളത്തിലെ വിദ്യാർത്ഥികളും പൊതുസമൂഹവും തയ്യാറാവണം. എസ്.എഫ്.ഐ നേതാക്കളെ വ്യക്തിപരമായി ലക്ഷ്യംവെച്ച് വലതുപക്ഷ - മാധ്യമ നെക്സസ് നടത്തുന്ന ആക്രമണങ്ങളെ വിദ്യാർത്ഥികളെയും ബഹുജനങ്ങളെയും അണിനിരത്തി സംഘടന ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+