'വിവരദോഷം,നന്ദിയില്ലായ്മ,മറവിരോഗം';ചെറിയാന്‍ ഫിലിപ്പിനെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി
തിരുവനന്തപുരം; പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം എന്ന ചെറിയാൻ ഫിലിപ്പിന്റെ പരാമർശത്തിനെതിരെ രൂക്ഷപരിഹാസവുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ്. 140 ൽ ഒന്നിൽ പോലും അടുപ്പിക്കാതെ പുറമ്പോക്കിൽ തള്ളിയപ്പോൾ കൈ പിടിച്ചു ചേർത്തു നിർത്തി. 20 വർഷം സൗകര്യപ്രദമായ ഇരിപ്പിടവും ഭക്ഷണവും നൽകിയതാണെന്നും മനോജ് പറഞ്ഞു. ഇപ്പോള്‍ തോന്നുന്ന അവസ്ഥയെ വിവരദോഷം, നന്ദിയില്ലായ്മ, മറവി രോഗം എന്നിങ്ങനെയാണ് വിശേഷിപ്പിക്കാന്‍ സാധിക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മനോജ് കുറിച്ചു.

പി എം മനോജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ- 140 ൽ ഒന്നിൽ പോലും അടുപ്പിക്കാതെ പുറമ്പോക്കിൽ തള്ളിയപ്പോൾ കൈ പിടിച്ചു;ചേർത്തു നിർത്തി. 20 വർഷം സൗകര്യപ്രദമായ ഇരിപ്പിടവും ഭക്ഷണവും നൽകി. അതൊക്കെ ചെയ്തത് "രക്ത രക്ഷസായിരുന്നു " എന്ന് ഇപ്പോൾ തോന്നുന്ന അവസ്ഥയെ മൂന്നു തരത്തിൽ വിശേഷിപ്പിക്കാം. 1. വിവരദോഷം. 2. നന്ദിയില്ലായ്മ. 3. മറവി രോഗം. മൂന്നിനും ഫലപ്രദമായ ചികിത്സ ഇല്ല എന്നതാണ് വലിയ ദുരന്തം! എത്ര വലിയ വിപത്താണ് ഒഴിഞ്ഞു പോയത് എന്നതിലാണ് ആശ്വാസം കൊള്ളേണ്ടത്', പോസ്റ്റിൽ പറയുന്നു.
പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സി പി എം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി തോമസിന് സി പി എം ന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല, എന്നായിരുന്നു ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്.
അതേസമയം കണ്ണൂരിൽ സി പി എമ്മിന്റെ പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് കെ വി തോമസ് ഇപ്പോഴും സസ്പെൻസ് തുടരുകയാണ്. സെമിനാറിൽ പങ്കെടുക്കരുതെന്ന കർശനമായ നിർദ്ദേശമാണ് ഹൈക്കമാന്റ് നൽകിയിരിക്കുന്നത്. നേരത്തേ ഹൈക്കമാന്റ് അനുമതി നിഷേധിച്ചതോടെ സെമിനാറിൽ പങ്കെടുക്കില്ലെന്ന് എം പി ശശി തരൂർ വ്യക്തമാക്കിയിരുന്നു. ഇതോടെ തരൂരിനെ സി പി എം ഒഴിവാക്കിയിരുന്നു.
എന്നാൽ തരൂരിന് നിശ്ചയിച്ച സെമിനാറില്‍ കെവി തോമസിനെ ഉള്‍പ്പെടുത്തി പുതിയ പാനൽ സി പി എം തയ്യാറാക്കുകയായിരുന്നു. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് കെ വി തോമസ് അറിയിച്ചിട്ടില്ലെന്നായിരുന്നു സി പി എം വ്യക്തമാക്കിയത്. ഇതോടെ തോമസ് പങ്കെടുക്കാനുള്ള സാധ്യത ഏറെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടത് മുതൽ നേതൃത്വവുമായി കടുത്ത അതൃപ്തിയിലാണ് തോമസ്. രാജ്യസഭ തിരഞ്ഞെടുപ്പിലും മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും നേതൃത്വം പരിഗണിച്ചില്ല. ഇതോടെ പാർട്ടിയിൽ അപമാനിക്കപ്പെട്ടെന്നാണ് കെ വി തോമസ് ആരോപിച്ചത്.
അതിനിടെ പാര്‍ട്ടി തീരുമാനം ലംഘിച്ചാൽ കെ വി തോമസ് കോൺഗ്രസിന് പുറത്ത് പോകേണ്ടി വരുമെന്ന വ്യക്തമായ മുന്നറിയിപ്പാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നൽകുന്നത്. കെ വി തോമസ് പാർട്ടി നിലപാടിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിലെ നിലപാടല്ല കേരളത്തിൽ സി പിഎമ്മിന്. അവരോട് സഖ്യത്തിന്റെ ആവശ്യമില്ലെന്നും സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications