പ്രധാനമന്ത്രി വീണ്ടും തൃശൂരിലേക്ക്; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തേക്കും
തൃശൂർ: പ്രധാന മന്ത്രി വീണ്ടും കേരളത്തിലേക്ക്. നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയേക്കുക. ഈ മാസം 17ന് ഗുരുവായൂരിൽ വച്ചാണ് വിവാഹ ചടങ്ങ്. സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് കേന്ദ്രം പോലീസിനോട് റിപ്പോർട്ട് തേടി. പോലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.
സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യയുടെ വിവാഹമാണ് 17 ന്. ബിസിനസുകാരനായ ശ്രേയസ് ആണ് വരൻ. നേരത്തേ വിവാഹത്തിന് നരേന്ദ്ര മോദിയെ ക്ഷണിക്കാൻ സുരേഷ് ഗോപിയും കുടുംബവും ഡൽഹിയിൽ എത്തിയിരുന്നു. ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യക്കും ഒപ്പമാണ് സുരേഷ് ഗോപി വിവാഹ ക്ഷണക്കത്ത് മോദിക്കു കൈമാറിയത്. കൂടി കാഴ്ചയിൽ സ്വർണനിറമുള്ള താമരയുടെ രൂപം കുടുംബം പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നു. ഇതിൻറെ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തൃശൂരിൽ എത്തിയപ്പോൾ സുരേഷ് ഗോപിയും മക്കളായ ഭാവ്നിയും മാധവും ചേർന്ന് അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

അതേസമയം പ്രധാനമന്ത്രി എത്തുമ്പോൾ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് ഇന്ന് തന്നെ കേരള പോലീസ് കൈമാറുമെന്നാണ് വിവരം. ഇതിനായി ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡ് പോലീസ് പരിശോധിച്ചു.
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ജൂലൈയിലായിരുന്നു നടന്നത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. വിവാഹത്തിന് ശേഷം ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് വിവാഹ സത്കാരം നടക്കും. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.












Click it and Unblock the Notifications