വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രി കേരളത്തിലെത്തും, ശനിയാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച!
കൊച്ചി: രണ്ടാം വട്ടം അധികാരത്തില്‍ എത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുക. രണ്ട് ദിവസം വിവിധ പരിപാടികളുമായി നരേന്ദ്ര മോദി കേരളത്തില്‍ ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു സംസ്ഥാന മന്ത്രിമാര്‍ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ചയാണ് രാവിലെ കൂടിക്കാഴ്ച നടക്കുക. ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവും പ്രധാനമന്ത്രിയുടെ പരിപാടികളിലുണ്ട്.
പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് ഗുരുവായൂരില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രമാര്‍ഗങ്ങളില്‍ നിരീക്ഷണം തുടങ്ങിക്കഴിഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പ്രധാനമന്ത്രി മമ്മിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ക്ഷേത്ര ദര്‍ശനത്തിന് ശേഷം സംസ്ഥാനത്ത് ബിജെപി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാത്രിയോടെയാണ് കൊച്ചിയിലെ നാവിക ആസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങുക. രാത്രി 11.20നാണ് പ്രധാനമന്ത്രിയെത്തുക. രാത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ താമസിക്കും.
ശനിയാഴ്ചത്തെ ആദ്യ പരിപാടി മുഖ്യമന്ത്രി അടക്കമുളളവരുമായുളള യോഗമാണ്. നിപ്പ അടക്കമുളള വിഷയങ്ങളില്‍ ചര്‍ച്ച നടന്നേക്കും. ശേഷം ഹെലികോപ്റ്ററില്‍ മോദി ഗുരുവായൂരിലേക്ക് പോകും. ദര്‍ശനത്തിന് ശേഷം ബിജെപിയുടെ പൊതുയോഗത്തില്‍ പങ്കെടുക്കും. ശേഷം കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് മാലിദ്വീപ് സന്ദര്‍ശനത്തിനായി പോകും












Click it and Unblock the Notifications