മുസ്ലിം ലീഗ് കൈമാറിയ സ്‌നേഹ ഭവനങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു എന്ന് പിഎംഎ സലാം
മലപ്പുറം: മുസ്ലിം ലീഗ് വയനാട്ടില്‍ നിര്‍മിച്ചു നല്‍കിയ സ്‌നേഹ ഭവനങ്ങള്‍ കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും വരുന്നത് അവസാനിപ്പിക്കണം എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ആളുകള്‍ കൂട്ടത്തോടെ എത്തുന്നത് വീട്ടുകാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അഭ്യര്‍ഥന. വിനോദ സഞ്ചാരത്തിന് എന്ന പേലെ പദ്ധതി സ്ഥലത്തേക്ക് കൂടുതല്‍ പേര്‍ വരുന്നത് അലോസരം സൃഷ്ടിക്കുന്നുണ്ടെന്നും സലാം വ്യക്തമാക്കി.
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് 105 വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചിരുന്നു. കഴിഞ്ഞാഴ്ച 51 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ബാക്കി വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. വരുന്ന മാസങ്ങളില്‍ എല്ലാം കൈമാറുമെന്ന് മുസ്ലിം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇവിടേക്ക് ജനങ്ങള്‍ എത്തുന്നത് പ്രയാസം സൃഷ്ടിക്കുന്നത്.

പിഎംഎ സലാമിന്റെ അറിയിപ്പ് വായിക്കാം: ''മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന്റെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് കൈമാറിയ സ്നേഹഭവനങ്ങളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം നിരോധിച്ചു. പദ്ധതി പ്രദേശത്തെ 51 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറിയത്. 105 വീടുകളില്‍ ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
51 വീടുകളിലും കുടുംബങ്ങള്‍ താമസം ആരംഭിച്ച് കഴിഞ്ഞു. ഇതോടെ ഈ വീടുകളെല്ലാം ഗുണഭോക്താക്കളുടെ ഉടമസ്ഥതയിലാണ്. അടുത്ത ബന്ധുക്കളല്ലാതെ മറ്റാരും വീടുകളിലേക്ക് കയറുന്നത് അനുവദിക്കില്ല. ബസ്സുകളിലും മറ്റും വിനോദസഞ്ചാരത്തിനെന്ന പോലെ പദ്ധതി പ്രദേശത്തേക്ക് എത്തി പലരും വീടുകളില്‍ കയറുന്നത് ഗുണഭോക്താക്കള്‍ക്ക് അലോസരം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഓരോ വീടുകളും ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്താണ്. വലിയ സൗകര്യങ്ങളില്‍ കഴിഞ്ഞ ദുരന്തബാധിതര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് മുസ്ലിംലീഗ് വീടുകള്‍ കൈമാറിയത്. സംഭവിച്ചതെല്ലാം മറക്കാന്‍ ശ്രമിച്ച് പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന അവരെ ഉരുള്‍പൊട്ടലിന്റെ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നത് പലര്‍ക്കും മാനസികമായ ആഘാതം സൃഷ്ടിക്കുന്നുണ്ട്.
സന്ദര്‍ശകരുടെ ആധിക്യം അവരുടെ സൈ്വര്യജീവിതത്തെ ബാധിക്കുന്നുണ്ട്. വീടുകള്‍ കൈമാറിയതോട് കൂടി നമ്മുടെ ഉത്തരവാദിത്തം കഴിഞ്ഞെന്നും ഏതെങ്കിലും തരത്തിലുള്ള അവകാശബോധത്തോടെ ആ മണ്ണിലേക്ക് ചവിട്ടിപ്പോകരുതെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിലീഗ് പ്രവര്‍ത്തകരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അക്കാര്യം ഉള്‍ക്കൊണ്ട് പദ്ധതി പ്രദേശത്തേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം. ഇന്ന് മുതല്‍ ആരെയും കടത്തിവിടാതെ കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തുന്നു.''












Click it and Unblock the Notifications