ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെട്ട പോക്‌സോ കേസ്; സിപിഎമ്മിൽ കൂട്ടനടപടി
തിരുവനന്തപുരം: ഡി വൈ എഫ് ഐ നേതാവ് ഉൾപ്പെട്ട പോക്സോ കേസിൽ സി പി എമ്മിൽ കൂട്ട നടപടി. വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ നീക്കുകയും താക്കീത് നൽകുകയും ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ എസ് രഞ്ജിത്തിനെ തരംതാഴ്ത്തി. മറ്റ് രണ്ട് ലോക്കൽ കമ്മിറ്റിയംഗങ്ങൾക്കും താക്കീത് നൽകി.പോക്‌സോ കേസ് പ്രതി ജിനേഷിന്റെ കാര്യത്തിൽ ജാഗ്രത പുലർത്താതിരുന്നതാണ് നടപടിക്ക് കാരണമായത്.

16 കാരിയെ പീഡിപ്പിച്ച കേസിലാണ് ഡി വൈ എഫ് ഐ നേതാവ് ഉൾപ്പെടെ 6 പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഡി വൈ എഫ് ഐ നേതാവായ വിളവൂർക്കൽ മലയം ജിനേഷ് ഭവനിൽ ജിനേഷ് ജയൻ (29), മലയം ചിത്തിര വീട്ടിൽ അരുൺ (മണികണ്ഠൻ-27)പൂഴിക്കുന്ന് പൊറ്റവിള വീട്ടിൽ വിഷ്ണു (20), പെരുകാവ് തൈവിള മുണ്ടുവിള തുറവൂർ വീട്ടിൽ സിബി (20), വിളവൂർക്കൽ പ്ലാങ്കോട്ടുമുകൾ ലക്ഷ്മി ഭവനിൽ അനന്തു (18), വിളവൂർക്കൽ വിഴവൂർ വഴുതോട്ടുവിള ഷാജി ഭവനിൽ അഭിജിത്ത് (20) എന്നിവരാണ് കേസിൽ പ്രതികൾ.
കഞ്ചാവ് ബോയ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ പെൺകുട്ടിയുടെ ഫോൺ നമ്പര്‍ പ്രചരിപ്പിച്ചാണ് ജിനേഷും മറ്റുള്ളവരും പെൺകുട്ടിയെ പീഡിപ്പിച്ചത്. ആളില്ലാത്ത നേരത്തേ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് 2 വർഷത്തോളമായി പെൺകുട്ടിയെ ഇവർ പീഡിപ്പിച്ചത്. പീഡനത്തിന്റെ ദൃശ്യങ്ങൾ ജിനേഷ് മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.
ജിനേഷിന്റെ ഫോണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ചൊന്നും ആരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. ആറ് വർഷങ്ങൾക്ക് മുൻപ് ജിനേഷിനെതിരെ ഒരു സ്ത്രീ പരാതി ഉയർത്തിയിരുന്നു. വിവിധ ഗ്രൂപ്പുകളിൽ ജിനേഷ് തന്റെ നമ്പർ ഷെയർ ചെയ്തെന്നായിരുന്നു ആരോപണം. എന്നാൽ അന്ന് പാർട്ടി ഇടപെട്ട് പരാതി ഒതുക്കി തീർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം ജിനേഷ് ലഹരി ഉപയോഗിക്കുന്ന വീഡിയോകളും ഇയാളുടെ ഫഓണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ലഹരിക്ക് അടിമയാണെന്ന് ജിനേഷ് പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും ലഹരി ഉത്പന്നങ്ങൾ കണ്ടെത്താത്തതിനാൽ കേസെടുക്കാനാകില്ലെന്നാണ് പോലീസ് വിശദീകരിക്കുന്നത്. ഡബിൾ എം എയുള്ള ജിനേഷ് വധക്കേസിലും പ്രതിയാണ്.












Click it and Unblock the Notifications