കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പോക്സോ കേസിൽ വെട്ടിലായി സിപിഎം നേതാക്കൾ
കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹം ഇപ്പോൾ വലിയ നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ്. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും വെറും 16 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി. ഇതോടെ പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു. വിവാഹത്തിന് കാർമികത്വം വഹിക്കുകയും ആഘോഷമാക്കുകയും ചെയ്ത കേരളത്തിലെ പ്രമുഖ സിപിഎം നേതാക്കളും ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ്.
ചതിച്ചത് വ്യാജ സർട്ടിഫിക്കറ്റ്
കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിനായി പെൺകുട്ടിയുടെ ഭർത്താവ് പോലീസിന് മുന്നിൽ ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞു. മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചത്. അതായത് വിവാഹ സമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായം. എന്നാൽ പ്രായപൂർത്തിയായെന്ന് കാണിച്ച് വ്യാജ രേഖകൾ നിർമ്മിക്കുകയായിരുന്നു എന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.

വെട്ടിലായി സിപിഎം നേതാക്കൾ
ഈ വിവാഹത്തെ 'റിയൽ കേരള സ്റ്റോറി' എന്ന് വിശേഷിപ്പിച്ചുകൊണ്ട് സിപിഎം നേതാക്കൾ വലിയ രീതിയിൽ ആഘോഷിച്ചിരുന്നു. വീഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ അടക്കം വലിയ തോതിൽ പ്രചരിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എംപി തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും ദമ്പതികൾക്ക് ആശംസകൾ നേർന്ന് രക്തഹാരവും ബുക്കുകളും സമ്മാനിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പോക്സോ കേസായതോടെ നേതാക്കൾ വലിയ പ്രതിരോധത്തിലായിരിക്കുകയാണ്. രേഖകൾ പരിശോധിക്കാതെ ഇത്തരം ചടങ്ങുകളിൽ പങ്കെടുത്തതിനെതിരെ പാർട്ടി പ്രവർത്തകരിലും പ്രതിഷേധം ശക്തമാണ്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ നേരിട്ട് ഹാജരാകാൻ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ സിനിമാ ലോക്കേഷനിൽ നിന്ന് പെൺകുട്ടിയെ പിതാവ് നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതോടെയാണ് ഈ വിഷയം ആദ്യം വിവാദമായത്. അന്ന് തമ്പാനൂർ പോലീസിന് നൽകിയ ആധാറിലും സർട്ടിഫിക്കറ്റിലും പ്രായപൂർത്തിയായെന്ന് കണ്ടതിനാൽ പോലീസ് കൂടുതൽ പരിശോധന നടത്തിയിരുന്നില്ല. എന്നാൽ കമ്മീഷന്റെ വിശദമായ അന്വേഷണത്തിൽ കള്ളിവെളിച്ചത്താവുകയായിരുന്നു. പോക്സോ കേസായ സാഹചര്യത്തിൽ വിവാഹത്തിന് നേതൃത്വം നൽകിയ നേതാക്കളും മധ്യപ്രദേശ് പോലീസിന് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കേണ്ടി വരും. വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.












Click it and Unblock the Notifications