• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹിന്ദുത്വ മാതൃഭൂമി ബഹിഷ്‌കരിക്കുന്നു.... ഇനി മുതല്‍ എഴുതില്ല, തുറന്നടിച്ച് അന്‍വര്‍ അലി

കോഴിക്കോട്: ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ ലേഖനം മാതൃഭൂമി ദിനപത്രത്തില്‍ വന്നതില്‍ പ്രതിഷേധവുമായി കവി അന്‍വര്‍ അലി. ഇനി മാതൃഭൂമിയില്‍ എഴുതില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മരിച്ച മാതൃഭൂമിയില്‍ ഇനിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. എന്റെ എഴുത്തുകാര ജീവിതം നീതിബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും കൂടി ജീവിതമാണ്. ദക്ഷിണേഷ്യയെ അപ്പാടെ കൊടും നരകമാക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന സംഘപരിവാരങ്ങളെ വെള്ളപൂശല്‍ ഇന്ത്യന്‍ മാധ്യമ രംഗത്തെ ഏറ്റവും വേദനാകരമായ അര്‍ബുദമായി മാറിയിരിക്കുന്ന കാലത്ത്, ഹിന്ദുത്വ വര്‍ഗീയതയ്ക്ക് അരുനില്‍ക്കുന്ന മാതൃഭൂമി ഗ്രൂപ്പിന്റെ സാംസ്‌കാരിക മുഖമായ ആഴ്ച്ചപ്പതിപ്പിലെ എഴുത്തുകാരരില്‍ ഒരാളായി ഇനി തുടരാനാവില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു

എസ് ഹരീഷിന്റെ മീശ പിന്‍വലിച്ച വേളയില്‍ തന്നെ എടുക്കേണ്ടിയിരുന്ന, വര്‍ഗീയതയ്‌ക്കെതിരെയും സര്‍ഗാത്മക സ്വാതന്ത്ര്യത്തിന് വേണ്ടിയും വാദിച്ച എഡിറ്ററെ പുറത്താക്കിയപ്പോഴെങ്കിലും എടുക്കേണ്ടിയിരുന്ന, വൈകിപ്പോയ ഒരു തീരുമാനമാണിത്. വൈകിയതിലുള്ള ആത്മനിന്ദയോടെ പറയട്ടെ, ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്‍മദിനത്തില്‍, ഗാന്ധി വധത്തില്‍ നേരിട്ടും പ്രത്യശാസ്ത്രപരമായും ഉത്തരവാദികളായ ആര്‍എസ്എസിന്റെ നേതാവായ മോഹന്‍ ഭാഗവതിനെ കൊണ്ട് ഗാന്ധി വാഴ്ത്ത് നടത്തിച്ച ഹിന്ദുത്വ മാതൃഭൂമിയുടെ പത്രത്തിലോ വാരികയിലോ ഞാനിനി എഴുതില്ലെന്ന് അന്‍വര്‍ അലി പോസ്റ്റില്‍ പറയുന്നു.

പാരമ്പര്യമുള്ള പത്രം

പാരമ്പര്യമുള്ള പത്രം

ബാപ്പുജിയുടെ ആദ്യ ഇന്ത്യന്‍ ജയില്‍വാസത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ 1923 മാര്‍ച്ച് 18ന് പ്രസിദ്ധീകരണമാരംഭിക്കുകയും കണ്ണാടിപ്പെട്ടിയില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ചോരക്കുതിര്‍ മണ്ണ് സൂക്ഷിക്കുകയും ചെയ്യുന്ന മാതൃഭൂമിയെന്ന ദേശീയ വര്‍ത്തമാനപ്പത്രം ഇന്ന് നിലവിലില്ല. വള്ളത്തോളും ബഷീറും എഴുതിയിരുന്ന, അവരില്‍ നിന്ന് പല തലമുറകൈമറിഞ്ഞ് ഞങ്ങളിലെത്തിയ ആ തെളി മലയാളത്താള്‍ ചത്തുകെട്ടുപോയി. കാവിയില്‍ പുതഞ്ഞ അതിന്റെ വേവാശവത്തിന് സംഘപരിവാരികള്‍ നിരന്ന് നിന്ന് പിണ്ഡം വെയ്ക്കുന്നത് എനിക്ക് കാണാം.

പഴയ ചരിത്രം

പഴയ ചരിത്രം

1930-40 കളില്‍ ഹിറ്റ്‌ലര്‍ക്കും ഗീബല്‍സിനും ഗോറിങ്ങിനും നിര്‍ലജ്ജം വിടുപണിചെയ്ത മാധ്യമങ്ങളുടെയും ധൈഷണികരുടെയും പൊതുപ്രവര്‍ത്തകരുടെയും സൈനിക നേതാക്കളുടെയും പുരോഹിതരുടെയും നീണ്ട നിര ജര്‍മ്മനിയിലുണ്ടായിരുന്നു. അവരില്‍ പലരും നാസികളാല്‍ ചതിച്ച് കൊല്ലപ്പെട്ടു. ചിലര്‍ പിന്നീട് നാസി പക്ഷപാതത്തിന്റെ പേരില്‍ ന്യൂറംബര്‍ഗിലെ വിചാരണയ്ക്കു വിധേയരായി കൊല്ലപ്പെട്ടു. ചിലര്‍ക്ക് പില്‍ക്കാല ജീവിതം മുഴുവന്‍ ആത്മനിന്ദയുടേയും ആത്മവിനാശത്തിന്റേതുമായി. ആ ചരിത്രത്തിന്റെ പിന്തുടര്‍ച്ചയാണ് ഇന്നത്തെ ഇന്ത്യയിലെ സമാനഹൃദയരെയും കാത്തിരിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. അക്കൂട്ടത്തില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ കൂടി സന്തതിയായ മാതൃഭൂമിയുമുണ്ട് എന്നത് സമകാലീനകേരളചരിത്രത്തിലെ വേദനാകരമായ വൈപരീത്യമാണ്.

ആ രണ്ട് സ്വാഭാവികതകളും എനിക്കില്ല

ആ രണ്ട് സ്വാഭാവികതകളും എനിക്കില്ല

മാതൃഭൂമിയില്‍ എഴുതി വളര്‍ന്നതിന്റെ മമതയും ഗൃഹാതുരതയുമൊക്കെ എന്റെ എഴുത്തുകൂട്ടുകാര്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ചില പ്രദേശത്തിനും രീതിക്കും സാമുദായികപദവിക്കും മാതൃഭൂമി നല്‍കുന്ന ഭൂതകാലക്കുളിര്‍ അവരുടെ വാക്കുകളില്‍ വ്യഞ്ജിക്കുമ്പോള്‍ അത് സ്വാഭാവികമെന്നേ തോന്നിയിട്ടുള്ളൂ.. മറ്റൊന്ന്, എക്കാലത്തുമെന്ന പോലെ മാതൃഭൂമിയിലെഴുത്തിന് ഇന്നുമുള്ളതായി എഴുത്തുകാര്‍ കരുതുന്ന അധികമാന്യതയാണ്. അതിന് റീച്ച് റീച്ച് എന്നൊക്കെ ഞങ്ങള്‍ പറയുമെങ്കിലും സംഗതി എഴുത്തധികാരം ഊട്ടിയുറപ്പിക്കുന്ന ഗ്ലാമര്‍ തന്നെ. അതും സ്വാഭാവികം. മേല്‍പ്പറഞ്ഞ രണ്ടു സ്വാഭാവികതകളും പക്ഷേ എനിക്കില്ല, ആദ്യത്തേത് അനുഭവിച്ചിട്ടില്ല. രണ്ടാമത്തേത് ആവശ്യമില്ല.

മാതൃഭൂമിയില്‍ എഴുതി തുടങ്ങിയത്

മാതൃഭൂമിയില്‍ എഴുതി തുടങ്ങിയത്

1980 കളുടെ ഒടുവില്‍ ലിറ്റില്‍ മാഗസീനുകളിലും 1989 മുതല്‍ തുടര്‍ച്ചയായി കലാകൗമുദിയിലും തുടര്‍ന്ന് ഭാഷാപോഷിണി, ദേശാഭിമാനി, സമകാലീനമലയാളം, ഇന്ത്യ ടുഡേ, മാധ്യമം, കുങ്കുമം തുടങ്ങിയ മുഖ്യധാരാ ആനുകാലികങ്ങളിലും കവിതകള്‍ പ്രസിദ്ധീകരിച്ചു പോന്ന ഞാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിത്തുടങ്ങിയത് 1998 മുതലാണ്. 80-90 കാലത്ത് എന്റെ കൗമാരരചനകള്‍ എന്‍.വി.കൃഷ്ണവാര്യരും കെ.വി.രാമകൃഷ്ണനും അപ്പാടെ നിരസിച്ചിരുന്നതിനാല്‍ ഇനി മാതൃഭൂമി ഇങ്ങോട്ട് ആവശ്യപ്പെട്ടാലേ എഴുതൂ എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ തുടരവേ 90കള്‍ ഒടുവില്‍ എംടി വീണ്ടും പത്രാധിപരായി വന്ന കാലത്ത് സബ് എഡിറ്ററായ കെ ശ്രീകുമാര്‍ കവിത വേണമെന്ന് കത്തയച്ചും ഫോണിലൂടെയും ആവശ്യപ്പെട്ടതു പ്രകാരമാണ് മാതൃഭൂമിയുമായി സഹകരിച്ചു തുടങ്ങിയത്.ആദ്യം വെള്ളപ്പാട്ട് എന്നൊരു ചെറുകവിതയും പിന്നീട് മുസ്തഫ, ആര്യാവര്‍ത്തത്തില്‍ ഒരു യക്ഷന്‍ തുടങ്ങിയ ചില നീണ്ട ആഖ്യാനങ്ങളും ശ്രീകുമാറിന്റെ ഉത്സാഹത്തില്‍ മാതൃഭൂമിയില്‍ വന്നു. രണ്ടാം എം.ടിക്കാലം പോയതോടെ ശ്രീകുമാറിന്റെ വിളി വരാതെയായി. ഞാന്‍ അയയ്ക്കാതെയുമായി.

വീണ്ടുമുള്ള വരവ്

വീണ്ടുമുള്ള വരവ്

കമല്‍റാം സജീവ് എഡിറ്ററായപ്പോഴാണ് വീണ്ടും മാതൃഭൂമിയില്‍ നിന്ന് എഴുതാന്‍ ക്ഷണം കിട്ടിയത്. അപ്പോഴേക്ക് കൊല്ലത്തില്‍ കഷ്ടിച്ച് രണ്ടോ മൂന്നോ കവിത പ്രസിദ്ധീകരിക്കുന്ന ലുബ്ധിലേക്ക് ഞാന്‍ ചുരുങ്ങിക്കഴിഞ്ഞിരുന്നു. 2000- 01 നു ശേഷം ആറേഴു കൊല്ലം വ്യക്തിപരമായ ചിലകാരണങ്ങളാല്‍ മാതൃഭൂമിക്ക് ഒന്നുമയച്ചില്ല. 2008ലാണെന്നു തോന്നുന്നു, ഒരു കവിതപ്പതിപ്പിന് കമല്‍റാം സജീവ് കവിത ചോദിച്ചു. കൊടുത്തു. പിന്നിട് തുടര്‍ച്ചയായി കവിതയും വിവര്‍ത്തനങ്ങളും ലേഖനങ്ങളും മാതൃഭൂമിയില്‍ എഴുതി. ഇപ്പോഴത്തെ ചീഫ് സബ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്‍ പറഞ്ഞപ്പോഴും എഴുതി. ഹിന്ദുത്വവര്‍ഗീയത വിരിച്ച കോര്‍പ്പറേറ്റ് വലയില്‍ നിന്ന് മാതൃഭൂമി എന്നെങ്കിലും പുനരുജ്ജീവിച്ചു പുറത്തുവരുന്നതായി ബോധ്യപ്പെട്ടാല്‍ വീണ്ടും എഴുതുകയുമാവാം.

ഇത് വെറും പ്രതിഷേധമല്ല

ഇത് വെറും പ്രതിഷേധമല്ല

ഈ ബഹിഷ്‌ക്കരണ തീരുമാനം കേവലം പ്രതിഷേധമല്ല. ഒരു സമരത്തിന്റെ തുടക്കമാണ്; ജനിച്ചു വളര്‍ന്ന നാട്ടില്‍ അഭയാര്‍ത്ഥികളോ അന്യരോ ആയി ജീവിക്കാന്‍ തയ്യാറല്ലാത്ത, സര്‍ഗ്ഗാത്മക സ്വാതന്ത്ര്യം സ്വേഛാധിപത്യഭരണകൂടത്തിനോ അതിന്റെ മാധ്യമപ്പിണിയാളുകള്‍ക്കോ അടിയറവു വയ്ക്കാന്‍ കൂട്ടാക്കാത്ത, എഴുത്താളുകളുടെ അതിജീവന സമരത്തിന്റെ തുടക്കം.മുഖ്യധാരാ ആനുകാലികങ്ങളില്‍ എഴുതിവരുന്ന, കഴമ്പുള്ള എല്ലാ കൂട്ടെഴുത്താളരും ഹിന്ദുത്വമാതൃഭൂമി ബഹിഷ്‌കരിച്ച് ഈ സമരം മുന്നോട്ടു കൊണ്ടുപോകുമെന്ന് അന്‍വര്‍ അലി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മൂന്ന് ഉത്തരങ്ങള്‍.... ഷാജുവിന്റെ കള്ളങ്ങള്‍ ഓരോന്നായി പൊളിഞ്ഞത് ഇങ്ങനെ

English summary
poet anwar ali announces no more works publishing in mathrubhumi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X