നാലരക്കിലോ കഞ്ചാവും 120 ഗ്രാം ഹാഷിഷുമായി രണ്ട് യുവാക്കൾ അമരവിള ചെക്പോസ്റ്റിൽ പിടിയിൽ
തിരുവനന്തപുരം: കേരളത്തിലേക്ക് കടത്തിയ നാലരക്കിലോ കഞ്ചാവും, മൂന്ന് സിറിഞ്ചുകളിൽ നിറച്ചിരുന്ന 140 ഗ്രാം ഹാഷിഷുമായി രണ്ട് യുവാക്കൾ അമരവിള എക്സൈസ് ചെക്പോസ്റ്റിൽ പിടിയിലായി. കാര്യവട്ടം പാങ്ങപ്പാറ കൃഷ്ണപാദത്തിൽ രാഹുൽ (24), പാങ്ങപ്പാറ മങ്കുഴി ത്രാഞ്ചിയിൽ ലയിനിലെ അശ്വതിയിൽ ആകാശ് ഗിരീഷ് (23) എന്നിവരാണ് പിടിയിലായത്.
ഇന്നലെ നടന്ന വാഹന പരിശോധനക്കിടെ രാവിലെ 11.30ന് അമരവിള എക്സൈസ് ചെക്പോസ്റ്റിൽ എത്തിയ തമിഴ്‌നാട് ട്രാൻസ്പോർട്ടിൻറെ ഫാസ്റ്റ് പാസഞ്ചർ ബസിലെ രണ്ട് യാത്രക്കാരായിരുന്നു ഇരുവരും. രാഹുൽ ബാംഗ്ലൂരിലെ ഒരു സോഫ്ട്‌വെയർ കമ്പനിയിലെ ജീവനക്കാരനും, ആകാശ് ഗിരീഷ് ഫ്രീലാൻസ് ഫോട്ടോ ഗ്രാഫറുമാണ്. കർണാടകത്തിൽ നിന്നും തമിഴ്‌നാട്ടിലെത്തിച്ച കഞ്ചാവ് ഹൊസൂർ ബസ് സ്റ്റാൻഡിൽ വച്ച് ഒരു പ്രത്യേക ബാഗിലാണ് ഇരുവരെയും കൈമാറിയത്.

ഹൊസൂറിൽ നിന്നും നാഗർകോവിലിൽ എത്തിയതിനെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമദ്ധ്യേയാണ് ഇവർ പിടിയിലായത്. കഞ്ചാവ് നിറച്ച ബാഗ് സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കേരളത്തിൽ എത്തിക്കുന്നതിന് പ്രതിഫലമായി 10,000 രൂപയും ഹൊസൂറിൽ കൈമാറിയ കൈമാറിയ ആൾ വാഗ്ദാനം ചെയ്‌തിരുന്നതായും പ്രതികളിൽ ഒരാൾ നേരത്തെയും ഇതുവഴി തന്നെ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നതായും എക്സൈസ് അധികൃതരോട് സമ്മതിച്ചിട്ടുണ്ട്. അമരവിള എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ.ഷിബുവിൻറെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്‌പെക്ടർമാരായ ഷമീർ,തങ്കരാജ്,പ്രിവെൻറ്റിവ് ഓഫീസർ സുധീർ,എക്സൈസ് സിവിൽ ഓഫീസർമാരായ ഉദയകുമാർ,ബിജു.സജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications