അടിച്ചുപൂസായി കെഎസ്ആർടിസി ഡ്രൈവർ!സീറ്റിനടിയിൽ വാറ്റു ചാരായവും കിക്കിറങ്ങാൻ മോരും!ടെംപോ ഇടിച്ചിട്ടു..
ഡ്രൈവിംഗ് സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നാണ് വാറ്റു ചാരായവും മോരും കണ്ടെത്തിയത്.
പത്തനംതിട്ട: വെള്ളിയാഴ്ച അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിലെ ഡ്രൈവർ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഡ്രൈവിംഗ് സീറ്റിനടിയിൽ നിന്നും വാറ്റു ചാരായവും മോരും കണ്ടെടുത്തതോടെ ഡ്രൈവർക്കെതിരെ പോലീസ് ക്രിമിനൽ കേസെടുത്തു.
മദ്യപിച്ച് വാഹനമോടിച്ചു, ചാരായം കൈവശം വെച്ചു, അശ്രദ്ധമായി വാഹനമോടിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ കുളനട ഉള്ളന്നൂര്‍ മണ്ണടിയില്‍ ഗോപാലകൃഷ്ണപിള്ള(53)യ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഗോപാലകൃഷ്ണപിള്ളയെ പിന്നീട് റിമാൻഡ് ചെയ്തു.

ജൂൺ 2 വെള്ളിയാഴ്ച രാത്രി പത്തനംതിട്ട ടികെ റോഡിലാണ് വഴിക്കടവിലേക്ക് പോയ കെഎസ്ആർടിസി ബസ് ടെംപോ വാനിലിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ടെംപോ വാൻ രണ്ട് വൈദ്യുതി തൂണുകളും തകർത്താണ് നിന്നത്.
അപകടമുണ്ടായ ഉടൻ ഓടിക്കൂടിയ നാട്ടുകാർ ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയമുന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് പോലീസ് ഇയാളെ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതിനിടെ ബസിൽ സൂക്ഷിച്ചിരുന്ന ബാഗ് എടുത്ത് മാറ്റാൻ ഗോപാലകൃഷ്ണപിള്ള ശ്രമിച്ചെങ്കിലും നാട്ടുകാരിൽ ചിലർ കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചു. ഡ്രൈവിംഗ് സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന ഈ ബാഗിൽ നിന്നാണ് വാറ്റു ചാരായവും മോരും കണ്ടെത്തിയത്.












Click it and Unblock the Notifications