60കാരനായ മലപ്പുറത്തെ ലീഗ് നേതാവ് 10 വയസുകാരിയെ പീഡിപ്പിച്ചു! ടിവി കാണാൻ വിളിച്ചുവരുത്തി...
അറുപതു വയസുകാരനായ പ്രതി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ആരോപണം.
മലപ്പുറം: പത്തു വയസുകാരിലെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മഞ്ചേരിയിലെ മുസ്ലീം ലീഗ് നേതാവ് ഒളിവിൽ. മഞ്ചേരിയിലെ മുസ്ലീംലീഗ് നേതാവും മഞ്ചേരി നഗരസഭ കൗൺസിലറുമായ കാളിയാർതൊടി കുട്ടനാണ് ഒളിവിൽ പോയിരിക്കുന്നത്. കൈരളി ന്യൂസാണ് ഇതുസംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അറുപതു വയസുകാരനായ പ്രതി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ആരോപണം. സ്കൂളിൽ വച്ച് പെൺകുട്ടിക്ക് കഴിഞ്ഞദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി പെൺകുട്ടിയിൽ നിന്നും വിശദമായ മൊഴിയെടുത്തു.

ദേഹാസ്വാസ്ഥ്യം...
കഴിഞ്ഞദിവസം സ്കൂളിൽ വച്ചാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് അദ്ധ്യാപകർ കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡനവിവരം പെൺകുട്ടി പുറത്തുപറഞ്ഞത്. സംഭവം ഗൗരവകരമാണെന്ന് മനസിലാക്കിയ അദ്ധ്യാപകർ ഉടൻതന്നെ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു.

പരാതി...
ചൈൽഡ് ലൈൻ പ്രവർത്തകരാണ് പിന്നീട് പെൺകുട്ടിയിൽ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞത്. തുടർന്ന് ശനിയാഴ്ച വൈകീട്ടോടെ മഞ്ചേരി പോലീസിൽ പരാതിയും നൽകി. എന്നാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കാളിയാർതൊടി കുട്ടൻ ഒളിവിൽപോയെന്നാണ് റിപ്പോർട്ട്.

ടിവി കാണാൻ...
അമ്മ ഒപ്പമില്ലാത്ത കുട്ടി രോഗിയായ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസിക്കുന്നത്. പകൽസമയത്ത് മുത്തശ്ശി ജോലിക്ക് പോകുന്ന സമയത്താണ് കുട്ടൻ പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്താറുള്ളത്.

പലതവണ...
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ടിവി കാണാനെന്നും മറ്റും പറഞ്ഞാണ് പ്രതി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നത്. തുടർന്ന് ഇയാളുടെ വീട്ടിൽ വച്ച് ഭീഷണിപ്പെടുത്തിയ ശേഷം പലതവണ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

വൈദ്യപരിശോധന...
പീഡനത്തിനിരയായ പെൺകുട്ടിയെ കഴിഞ്ഞദിവസം മഞ്ചേരി മെഡിക്കൽ കോളേജിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പോക്സോ നിയമപ്രകാരം കുട്ടനെതിരെ പോലീസ് കേസെടുത്തെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

പ്രതിഷേധം...
അതിനിടെ കുട്ടിയെ പീഡിപ്പിച്ച കേസിൽ നഗരസഭാ കൗൺസിലറെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, കൗണ്‍സിലർ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് മഞ്ചേരിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കുട്ടൻ രാജിവച്ചില്ലെങ്കിൽ പുറത്താക്കുംവരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അറിയിച്ചു.

വിശദീകരണം...
അതേസമയം, ആരോപണവിധേയനായ നഗരസഭാ കൗൺസിലർ പാർട്ടിയിൽ നിന്ന് രാജിവെച്ചതായും, ഇയാളെ ലീഗിൽ നിന്ന് പുറത്താക്കിയതായും റിപ്പോർട്ടുകളുണ്ട്. ഒളിവിൽപോയിരിക്കുന്ന പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.












Click it and Unblock the Notifications