പറക്കും തളിക ബൈജു പോലീസിനെ കബളിപ്പിച്ച് മുങ്ങി!
തിരുവനന്തപുരം: തലയ്ക്ക് വെട്ടേറ്റ നിലയിൽ പോലീസുകാർ ആശുപത്രിയിലെത്തിച്ചത് കൊടുംകുറ്റവാളി പറക്കുംതളിക ബൈജുവിനെയെന്ന് അറിയാതെ പോലീസിന് അമളിപറ്റി. തിരിച്ചറിഞ്ഞപ്പോഴേക്കും പറക്കും തളിക മുങ്ങി.വെട്ടേറ്റ് ചോരയൊലിക്കുന്ന നിലയിലാണ് ബൈജുവിനെ തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ പൊലീസ് എത്തിച്ചത്. വെട്ട് കൊണ്ടതിനെക്കുറിച്ച് ബൈജുവിന് പരാതിയോ കോടതികളിൽ നിന്ന് ഇയാൾക്കെതിരെ നിലവിൽ വാറന്റോ ഇല്ലെന്ന് കാട്ടി ഒടുവിൽ പൊലീസ് തടിയൂരി.
ഞായറാഴ്ച വൈകിട്ടാണ് ഉറിയാകോട് അരശുംമൂട് ജംഗ്ഷനിൽ ബൈജുവിനെ തലയ്ക്ക് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് വിളപ്പിൽശാല പൊലീസെത്തി രക്തത്തിൽ കുളിച്ച ഇയാളെ ആശുപത്രിയിലാക്കി.സഹോദരിയുടെ മക്കൾ ആക്രമിച്ചതാണെന്നും തനിക്ക് പരാതിയില്ലെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയെങ്കിലും പരിക്കേറ്റയാളുടെ ഊരോ പേരോ തിരക്കാതെ ആശുപത്രിയിൽ നിന്ന് പൊലീസ് മടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കുപ്രസിദ്ധ മോഷ്ടാവും ഒട്ടേറെ കേസുകളിൽ പിടികിട്ടാപ്പുള്ളിയുമായ പറക്കുംതളിക ബൈജുവാണെന്ന് വൈകിയാണ് പൊലീസ് തിരിച്ചറിഞ്ഞത്.

കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം ബിജുവിനെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെ ബൈക്കിലെത്തി രക്ഷപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് പറക്കുംതളിക ബൈജു. ഈ കേസിൽ പിടിയിലായ ഇയാൾ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 250ലധികം ക്രിമിനൽ കേസുകളിലെ പ്രതിയായ എറണാകുളം ബിജുവിനെ നെയ്യാറ്റിൻകരയിൽ നിന്ന് ബൈജു രക്ഷപെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് സംരക്ഷണത്തിൽ തിരികെ കൊണ്ടുവരുന്നതിനിടെ ബൈക്കിലെത്തിയ പറക്കുംതളിക ബൈജു, ബിജുവിനെ സാഹസികമായി രക്ഷപെടുത്തുകയായിരുന്നു.
പൂജപ്പുര ജയിലിൽ തടവിൽ കഴിയുന്നതിനിടെയാണ് ബിജുവും ബൈജുവും തമ്മിൽ അടുത്തത്. മൂന്ന് മാസം മുമ്പ് ജയിൽ മോചിതനായ പറക്കുംതളിക ബൈജു, ബിജുവിനെ രക്ഷപെടുത്തുന്നതിനുള്ള ശ്രമം വൈകാതെ തുടങ്ങി. പൊലീസ് പിൻതുടരുന്നതായി മനസിലാക്കിയതിനെ തുടർന്ന് ഇരുവരും വഴിപിരിഞ്ഞു. പാറശാല റെയിൽവെ സ്റ്റേഷനിൽവെച്ചാണ് ബൈജു പിടിയിലായത്. നൂറിലധികം കേസുകളിൽ പ്രതിയാണിയാൾ.












Click it and Unblock the Notifications