പി ജയരാജനെതിരെ കൊലവിളി; വി മുരളീധരനെതിരെ പോലീസ് കേസ്, സംഭവം ഇങ്ങനെ......
Recommended Video

കൊച്ചി: ബിജെപി നേതാവ് വി മുരളീധരനും പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയില്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചുമായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി.
ഇതിനെതിരെ സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധം ഉണ്ടായിരുന്നു. രാഷ്ട്രീയസംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും, പ്രകോപന പരമായ മുദ്രാവാക്യത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യാത്ര കൂത്തുപറമ്പ് എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ പി ജയരാജന്റെ രണ്ടാമത്തെ കൈയ്യും വെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചത്. പ്രവര്‍ത്തകരുടെ ഈ കൊലവിളി ബിജെപി നേതാവ് വി മുരളീധരനാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
'ഒറ്റക്കയ്യാ ജയരാജാ, മറ്റേ കയ്യും കാണില്ല' തുടങ്ങിയ ഭീഷണി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ വിളിച്ചത്. ഇത് വി മുരളീധരന്‍ ഫെയ്‌സ്ബുക്കിലൂടെ തത്സമയം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് ചൂണ്ടിക്കാട്ടി തലശ്ശേരി സ്വദേശി റാഷിദാണ് തലശ്ശേരി ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

കൊലവിളി
സിപിഎമ്മുകാർ ബിജെപി-ആർഎസ്എസ് പ്രവർത്തകരെ കൊന്നൊടുക്കുകയാണെന്നും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് യാത്രയിലുടനീളം നേതാക്കൾ പ്രസംഗിക്കുന്നത്. എന്നാൽ അതേ ജാഥയിലാണ് പി ജയരാജനെതിരെ കൊലവിളി മുഴക്കിയത്.

വെട്ടിലായി ബിജെപി നേതൃത്വം
വർഷങ്ങൾക്കുമുമ്പ് ബിജെപി ആക്രമണത്തിൽ വലതുകൈയുടെ സ്വാധീനവും വിരലുകളും നഷ്ടപെട്ടയാളാണ് പി ജയരാജൻ. സിപിഎം ജില്ല സെക്രട്ടറിയെ പേരെടുത്തുവിളിച്ച് കൈവെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചത് വിശദീകരിക്കാൻ പ്രയാസപ്പെടുകയാണ് ബിജെപി നേതൃത്വം.

അമിത് ഷായുടെ പിന്മാറ്റം
പിണറായിവഴിയുള്ള പദയാത്രയിൽനിന്ന് അമിത് ഷാ അവസാനനിമിഷം പിന്മാറിയതിന്റെ പരിക്ക് മാറുന്നതിന് മുമ്പാണ് ജനരക്ഷായാത്ര അടുത്ത കുരുക്കിൽ അകപ്പെട്ടത്.

അക്രമത്തിന് ബിജെപി കോപ്പു കൂട്ടുന്നു
ഉത്തരവാദപ്പെട്ട ബിജെപി നേതാവുതന്നെയാണ് കൊലവിളിയുടെ വിഡിയോ ഫേസ്ബുക്കിലിട്ടത്. നേതൃത്വത്തിന്റെ പ്രോത്സാഹനത്തോടെയാണ് അക്രമത്തിന് ബിജെപി കോപ്പുകൂട്ടുന്നതെന്നതിന് തെളിവാണെന്നും ജയരാജൻ പറഞ്ഞു.

പാനൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക്...
ജനരക്ഷായാത്രയുടെ നാലാം ദിനമായ വെള്ളിയാഴ്ച പാനൂരിൽനിന്ന് കൂത്തുപറമ്പിലേക്ക് നടത്തിയ ജാഥക്കിടെയാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നത്.












Click it and Unblock the Notifications