മനോജ് വധം; വാഹന രജിസ്‌ട്രേഷന്‍ ജയരാജന്റെ പേരില്‍
തലശേരി: ആര്‍എസ്എസ് ജില്ലാ നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഉപയോഗിച്ച വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പേരില്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രകാശന്‍ സഞ്ചരിച്ച കെഎല്‍ 58 സി 1717 ബൊലേറോ ജീപ്പിന്റെ രജിസ്‌ട്രേഷനാണ് ജയരാജന്റെ പേരിലുള്ളത്.
സിപിഎം നിയന്ത്രണത്തിലുള്ള പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സെക്രട്ടറിയാണ് മനോജ് വധക്കേസിലെ പ്രതി ഈസ്റ്റ് കതിരൂരിലെ കീര്‍ത്തന ഹൗസില്‍ പ്രകാശന്‍. നേരത്തെ പി.ജയരാജന്‍ ആയിരുന്നു സൊസൈറ്റിയുടെ പ്രസിഡന്റ്. അപ്പോള്‍ വാങ്ങിയ ജീപ്പാണ് കൊലപാതകികളെ രക്ഷിക്കാനായി ഉപയോഗിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.

ഈ വാഹനം ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കൊലയ്ക്കുശേഷം മുഖ്യപ്രതി വിക്രമനെ രക്ഷപ്പെടാന്‍ സഹായിച്ചത് പ്രകാശനായിരുന്നു. ബൊലേറോയില്‍ വിക്രമന് എക്‌സോര്‍ട്ട് പോയത് പ്രകാശനാണെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിനിടെ പരിക്കേറ്റ വിക്രമന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ നല്‍കാനായിരുന്നു പ്രകാശന്‍ ഒപ്പമുണ്ടായത്.
അതേസമയം, കൊലക്കേസില്‍ നേരിട്ട് പങ്കെടുത്തെന്ന് പറയപ്പെടുന്ന ആറുപേര്‍ ഇപ്പോഴും ഒളിവിലാണ്. കോടതിയില്‍ കീഴടങ്ങിയ വിക്രമന്‍ ഇടയ്ക്കിടെ മൊഴിമാറ്റുന്നത് അന്വേഷണോദ്യോഗസ്ഥരെ വെട്ടിലാക്കിയിട്ടുണ്ട്. പ്രതികള്‍ ജില്ലവിട്ടുപോയെന്നും, അതല്ല പാര്‍ട്ടിയുടെ അധീനതയിലുള്ള ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നും വിക്രമന്‍ പോലീസിന് മൊഴി നല്‍കി. ഇവര്‍ക്കുവേണ്ടി നിരവധി സംഘങ്ങളായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.












Click it and Unblock the Notifications