ഇക്ക വിളി വഴിതെറ്റിച്ചു; വിഐപിയെ കണ്ടെത്തിയത് ശരത് വഴി, വിഐപി ഫോണ്‍ ഓഫ് ചെയ്ത് മുങ്ങി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപിയെ പോലീസ് തിരിച്ചറിഞ്ഞു. വിഐപിയെ കുറിച്ച് വെളിപ്പെടുത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഫോട്ടോ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്നാണ് വിവരം. തുടര്‍ന്ന് പോലീസ് ഇയാളെ ഫോണില്‍ ബന്ധപ്പെട്ടു. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഇയാള്‍ മുങ്ങിയിരിക്കുകയാണത്രെ. അയാള്‍ വലിയ വിഐപിയല്ല, ബാലചന്ദ്ര കുമാറിന് തോന്നിയതാകുമെന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്തത്.
വിഐപിയെ തിരിച്ചറിഞ്ഞു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ദിലീപുമായി അടുപ്പമുള്ള ചിലരുടെ ദൃശ്യങ്ങളാണ് പോലീസ് ബാലചന്ദ്ര കുമാറിനെ കാണിച്ചത്. ഇതില്‍നിന്ന് വിഐപിയെ തിരിച്ചറിഞ്ഞു. കാവ്യ മാധവന്‍ വിഐപിയെ ഇക്ക എന്ന് വിളിച്ചുവെന്ന ബാലചന്ദ്ര കുമാറിന്റെ മൊഴിയാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ഇരട്ട പേര് പോലെയാണ് ഇയാളെ എല്ലാവരും ഇങ്ങനെ വിളിച്ചിരുന്നത്. ഇക്കാര്യം പോലീസ് പിന്നീടാണ് അറിഞ്ഞത്. വിഐപി ദിലീപിന്റെ വീട്ടിലെത്തിയപ്പോള്‍ ബന്ധുവായ കുട്ടി ശരത് അങ്കിള്‍ വന്നു എന്ന് വിളിച്ചുപറഞ്ഞിരുന്നു. പോലീസ് ശരത്തുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് വിഐപിയിലേക്ക് എത്തിയതെന്നാണ് സൂചന.

വിഐപി എന്ന് കേള്‍ക്കുന്ന പോലെയുള്ള ഒരു വിഐപി അല്ല ഇയാള്‍ എന്ന് പോലീസ് പറയുന്നു. ദിലീപിന്റെ വീട്ടില്‍ ഇയാള്‍ക്ക് ലഭിച്ച പ്രാധാന്യം കണ്ട് ബാലചന്ദ്രകുമാറിന് വിഐപിയാണെന്ന് തോന്നിയതാകാമെന്നാണ് പോലീസ് വിലയിരുത്തുന്നു. വിഐപി ഒരു വ്യവസായിയാണ്. ഇയാള്‍ക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ട്. പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആര്‍ക്കാണ് കൈമാറിയത് എന്നാണ് അറിയേണ്ടത്. പിന്നീടായിരിക്കാം വീഡിയോ വിഐപിയുടെ കൈവശമെത്തിയതെന്ന് പോലീസ് അനുമാനിക്കുന്നു.
കേസിലെ വിഐപിയെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. അതിന് മുമ്പ് ശബ്ദ സാംപിള്‍ പരിശോധന പൂര്‍ത്തിയാക്കും. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തി എന്ന കേസില്‍ ആദ്യ അറസ്റ്റ് വിഐപിയെ ആകുമെന്നാണ് വിവരം. കേസില്‍ ആറാം പ്രതിയാണ് വിഐപി. ദിലീപ്, സഹോദരന്‍ അനൂപ്. അളിയന്‍ സൂരജ് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണ്. ദിലീപിന്റെ വീട്ടില്‍ വച്ച് വിഐപി ഒരു മന്ത്രിയെ വിളിച്ചുവെന്ന മൊഴി പൂര്‍ണമായും ശരിയല്ലെന്ന് പോലീസ് കരുതുന്നു. രാഷ്ട്രീയ നേതാവിനെയാണ് വിളിച്ചത്. മന്ത്രിയെ അല്ലെന്ന് പോലീസ് മനസിലാക്കുന്നു.
നടി ആക്രമിക്കപ്പെട്ട വീഡിയോ ദിലീപിന്റെ വീട്ടില്‍ കൊണ്ടുവന്നത് ഒരു വിഐപിയാണ്. ഇദ്ദേഹത്തെ കണ്ടാലറിയാം. ഖദര്‍ വേഷമാണ് ധരിച്ചിരുന്നത്. വിഐപിയെ കാവ്യ ഇക്ക എന്നാണ് വിളിച്ചിരുന്നത്. സിനിമാ ബന്ധമുള്ള വ്യക്തിയല്ല. ബിസിനസുകാരനാണെന്ന് സംസാരത്തില്‍ തോന്നി- എന്നിങ്ങനെയാണ് ബാലചന്ദ്രകുമാര്‍ വിഐപിയെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.












Click it and Unblock the Notifications