രാഹുലിനെതിരെ കേസില്ല, പരാതി കോടതിയിലേക്ക്
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസിന്റെ യുവകേരള യാത്രക്കെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്. പദയാത്രക്കിടെ രാഹുല്‍ പോലീസ് ജീപ്പിന് മുകളില്‍ കയറി ഇരുന്ന് യാത്ര ചെയ്തതിനെതിരെ നല്‍കിയ പരാതിയിലാണ് പോലീസിന്റെ മറുപടി.
എന്‍സിപി നേതാവായ അഡ്വ. മുജീബ് റഹ്മാനാണ് നൂറനാട് പോലീസ് സ്‌റ്റേഷനില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി കൊടുത്തത്. എന്നാല്‍ സുരക്ഷ പ്രശ്‌നം മുന്‍ നിര്‍ത്തി എസ്പിജിക്കാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാഹുല്‍ ജീപ്പിന് മുകളില്‍ കയറിയത് എന്നാണ് പോലീസിന്റെ വിശദീകരണം. നിയമവശങ്ങള്‍ നന്നായി പരിശോധിച്ചതിന് ശേഷമേ കേസ് എടുക്കുന്നതിനെപ്പറ്റി ചിന്തിക്കൂ എന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിലപാട്.

എന്നാല്‍ ഇതുകൊണ്ടൊന്നും തോറ്റ് കൊടുക്കാന്‍ അഡ്വ. മുജീബ് റഹ്മാന്‍ തയ്യാറല്ല. രാഹുലിന്റെ നിയമ ലംഘനത്തിനെതിരെ മാവേലിക്കര കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം.
രാഹുലിനെതിരെ വേറേയും ആരോപണങ്ങള്‍ പരാതിയില്‍ ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ വാഹനത്തില്‍ രാഷ്ട്രീയ പ്രചരണം നടത്തി ,. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിച്ചു എന്നൊക്കെയായിരുന്നു പരാതികള്‍. ഈ രണ്ട് കാര്യങ്ങളിലും കേസെടുക്കാത്തിന് പോലീസിന് കാര്യമായ ന്യായീകരണങ്ങള്‍ ഒന്നും പറയാനില്ല താനും.
രാഹുല്‍ ഗാന്ധിയെ ഒന്നാം പ്രതിയാക്കിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെ രണ്ടാം പ്രതിയാക്കിയും ആണ് മുജീബ് റഹ്മാന്‍ പരാതി നല്‍കിയിരുന്നത്.












Click it and Unblock the Notifications