പോലീസ് ഉറച്ചുതന്നെ...കൂടുതല്‍ തെളിവുകള്‍ തേടി പോലീസ്, ദിലീപിന്റെ സഹോദരനെ ചോദ്യം ചെയ്യുന്നു!!
ആലുവ പോലീസ് ക്ലബ്ബില്‍ അനൂപിനെ ചോദ്യം ചെയ്യുകയാണ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് കുറ്റവാളികള്‍ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടയ്ക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. കേസില്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന നടന്‍ ദിലീപിന്റെ സഹോദരനായ അനൂപിനെ ചോദ്യം ചെയ്യലിനായി പോലീസ് വിളിപ്പിച്ചു. ആലുവ പോലീസ് ക്ലബ്ബിലേക്കാണ് അനൂപിനെ മൊഴി നല്‍കാന്‍ വിളിപ്പിച്ചത്. മലയാള സിനിമയിലെ പുതിയ കോമഡി താരമായ ധര്‍മജന്‍ ബോള്‍ഗാട്ടിയെയും ചോദ്യം ചെയ്യലിന് ഇവിടേക്ക് വിളിപ്പിച്ചിട്ടുണ്ട്. ദിലീപിന്റെ മിക്ക സിനിമകളിലും അഭിനയിച്ചിട്ടുള്ള ധര്‍മജന്‍ അടുത്തിടെ കേസില്‍ ആരോപണം നേരിടുന്ന നാദിര്‍ഷായുടെ സിനിമയിലും ശ്രദ്ധേയമായ വേഷം കൈവാര്യം ചെയ്തിരുന്നു.

നിര്‍ണായകമായ ചോദ്യം ചെയ്യല്‍
കേസിലെ വളരെ നിര്‍ണായകമായ രണ്ടു ചോദ്യം ചെയ്യലാണ് ആലുവ പോലീസ് ക്ലബ്ബില്‍ നടക്കുന്നത്. ധര്‍മജനെയും അനൂപിനെയും ഒരേ സമയത്താണ് ചോദ്യം ചെയ്യലിനായി ഇവിടേക്കു വിളിപ്പിച്ചിട്ടുള്ളത്.

ഗൂഡാലോചനയുണ്ട്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് പോലീസിന് വ്യക്തമായിരുന്നു. ഇതിനു പിന്നില്‍ ആരൊക്കെയാണുള്ളതെന്ന് അറിയുന്നതോടൊപ്പം അവര്‍ക്കെതിരേ ശക്തമായ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. ഇതിന്റെ ഭാഗമായാണ് ധര്‍മജന്റെയും അനൂപിന്റെയും ചോദ്യം ചെയ്യലെന്നാണ് സൂചന.

വിളിച്ചുവരുത്തിയത്
സിഐ ബൈജു പൗലോസാണ് ധര്‍മജനെയും അനൂപിനെയും ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് 2.30 മണിയോടെ ഇരുവരും പോലീസ് ക്ലബ്ബിലെത്തുകയും ചെയ്തു.

റൂറല്‍ എസ്പി പറഞ്ഞിരുന്നു
സിനിമാരംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തേണ്ടിവരുമെന്ന് നേരത്തേ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സിനിമാരംഗത്തെ കൂടുതല്‍ പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്.

ദിലീപിന് നേരിട്ടു ബന്ധമില്ല
കേസില്‍ ദിലീപിനു നേരിട്ടു ബന്ധമുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസിലെ പ്രധാന പ്രതിയായ സുനില്‍ കുമാറിന്റെയും മറ്റു ചിലരുടെയും മൊഴികളും സിസിടിവി ദൃശ്യങ്ങളുമെല്ലാം ദിലീപിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്.

സുനിലിന്റെ മൊഴി
കേസിലെ പ്രധാന പ്രതിയായ സുനിലിനെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പലരുടെയും പേരുകള്‍ ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. അവരില്‍ പലര്‍ക്കും ദിലീപുമായി ബന്ധമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് അന്വേഷണസംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നത്.

വീണ്ടും ചോദ്യം ചെയ്യും
കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു കഴിഞ്ഞു. ഇതിനായുള്ള ചോദ്യാവലി പോലീസ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നതായാണ് സൂചന.












Click it and Unblock the Notifications