പര്‍ദയിട്ട് പ്രസവവാര്‍ഡില്‍ കയറി പോലീസുകാരന്‍; ബഹളമായതോടെ കുതറിയോടി!! ഇടുക്കിയില്‍...
തൊടുപുഴ: ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ പര്‍ദ ധരിച്ച കയറിയ പോലീസുകാരനെതിരെ കേസ്. കുളമാവ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നൂര്‍ സമീറിനെതിരെയാണ് കേസ്. പെരുമ്പള്ളിച്ചിറയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കയറുകയായിരുന്നു. പര്‍ദ ധരിച്ചാണ് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഒരു രോഗിക്ക് കൂട്ടിരിക്കുന്ന വ്യക്തി പോലീസുകാരനെ കണ്ടു. തിരിച്ചറിഞ്ഞതോടെ ബഹളം വച്ചു. ഈ വേളയില്‍ പര്‍ദ്ദയിട്ടയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സുരക്ഷാ ജീവനക്കാരന്‍ പിടികൂടിയെങ്കിലും പോലീസുകാരനാണെന്ന് പറഞ്ഞ് വീണ്ടും കുതറിയോടി.
സെക്യൂരിറ്റി ജീവനക്കാരന്റെയും വാര്‍ഡിലുള്ളവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ എന്തിനാണ് പര്‍ദ ധരിച്ചെത്തിയതെന്ന് വ്യക്തമല്ല. പോലീസുകാരനെതിരെ ശക്തമായ അച്ചടക്ക നടപടിയെടുക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
ആള്‍മാറാട്ടത്തിനാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ഒരു കേസില്‍പെട്ട് സസ്‌പെന്‍ഷനിലായിരുന്നു നൂര്‍ സമീര്‍. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കി അടുത്തിടെയാണ് ഇയാള്‍ വീണ്ടും ജോലിക്ക് കയറിയത്. കഞ്ചാവ് കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസിലാണ് നേരത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നത്.
പോലീസുകാരന്‍ വാര്‍ഡിലുള്ള ആരെയെങ്കിലും കാണാന്‍ എത്തിയതാണോ എന്നാണ് സംശയം. ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാളെ ചോദ്യം ചെയ്ത ശേഷമാകും അച്ചടക്ക നടപടി സ്വീകരിക്കുകയെന്നാണ് വിവരം.












Click it and Unblock the Notifications