പോലീസുകാരന്റെ മൂക്കിടിച്ച് തകര്‍ത്തു; റൗഡികള്‍ക്ക് മലപ്പുറത്തെ വിട്ടുകൊടുക്കരുത് എന്ന് കെടി ജലീല്‍
തിരൂരിന് അടുത്ത വൈലത്തൂരില്‍ പോലീസുകാരന്റെ മൂക്കിടിച്ച് തകര്‍ത്ത് യുവാക്കള്‍. മയക്കുമരുന്ന് സംഘത്തെ നിരീക്ഷിക്കാന്‍ എത്തിയതായിരുന്നുവത്രെ പോലീസുകാര്‍. യൂണിഫോമില്‍ അല്ലാതിരുന്ന ഇവര്‍ ബൈക്കിലെത്തിയ യുവാക്കളുമായി തര്‍ക്കമുണ്ടായി. ഇതിന്റെ വീഡിയോയും പുറത്തുവന്നു. ഇതിനിടെയാണ് യുവാക്കള്‍ ചേര്‍ന്ന് പോലീസുകാരനെ ആക്രമിച്ചത്. പോലീസുകാരനാണ് എന്ന് പറഞ്ഞിട്ടും യുവാക്കള്‍ ആക്രമിച്ചു.
തിരൂരിലെ പൂക്കയില്‍, വൈലത്തൂര്‍ എന്നിവിടങ്ങളിയെ യുവാക്കളാണ് ആക്രമണത്തിന് പിന്നില്‍ എന്ന് മുന്‍ എംഎല്‍എ കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൊന്‍മുണ്ടത്തെ സ്‌കൂള്‍ വരാന്തയില്‍ പെണ്‍കുട്ടികളോട് യുവാക്കള്‍ അപമര്യാദയായി പെരുമാറുന്നത് കണ്ട പോലീസുകാര്‍ ബൈക്കിന്റെ നമ്പര്‍ എഴുതിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇതെല്ലാം സംഭവിച്ചത് എന്നും ജലീല്‍ കുറിക്കുന്നു.

കെടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്
മലപ്പുറത്തെ റൗഡികള്‍ക്ക് വിട്ടുകൊടുക്കരുത് എന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ശക്തമായ നടപടി സ്വീകരിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍- ''റൗഡികൾക്ക് മലപ്പുറത്തെ വിട്ടുകൊടുക്കരുത്!
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഷാഡോ പോലീസ് പെട്രോളിംങ് ഡ്യൂട്ടിയിലായിരുന്നു കൽപഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരായ രാമചന്ദ്രനും സുധീഷും. തിരൂർ വൈലത്തൂരിനടുത്ത് അരിപ്പീടിയേങ്ങലുള്ള പൊന്മുണ്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് മയക്കുമരുന്ന് വിൽക്കാൻ വരുന്ന സംഘത്തെ സംബന്ധിച്ച വിവരം പോലീസിന് നേരത്തെ കിട്ടിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിന് നിയോഗിക്കപ്പെട്ട രാമചന്ദ്രനെന്ന പോലീസുകാരനെയാണ് രണ്ട് 'യുവറൗഡികൾ' അതിക്രൂരമായി അക്രമിച്ച് പരിക്കേൽപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ രാമചന്ദ്രൻ്റെ മൂക്കിൻ്റെ പാലം (Nasal bone) തകർന്ന് രക്തം ചീറ്റി. തക്കസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതുകൊണ്ടുമാത്രം അദ്ദേഹം രക്ഷപ്പെട്ടു. അല്ലെങ്കിൽ രക്തം വാർന്നൊഴുകി ജീവാപായം വരെ സംഭവിക്കുമായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് രാമചന്ദ്രനും സുധീഷും വധശ്രമത്തിന് വിധേയരായതെന്ന് പ്രത്യേകം ഓർക്കണം.
വൈലത്തൂർ ഭാഗത്തുനിന്ന് KL 11 AM 1496 നമ്പർ സ്കൂട്ടറിലാണ് ഒന്നും രണ്ടും പ്രതികളായ പൂക്കയിൽ സഫ്വാനും, അരീക്കാട് ദിൽഷാദും എത്തിയത്. ഇരുവരും ചേർന്നാണ് പോലീസുകാരെ അടിച്ചും ഇടിച്ചും മൃതപ്രായരാക്കിയത്. സ്കൂൾ വരാന്തയിൽ നിന്ന് ഒപ്പന പ്രാക്ടീസ് ചെയ്തിരുന്ന പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുന്നതു കണ്ട രാമചന്ദ്രൻ, വാഹനത്തിൻ്റെ നമ്പർ എഴുതിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് രാസലഹരിയിൽ ലക്കുകെട്ട ഗുണ്ടകൾ പോലീസിനെതിരെ തിരിഞ്ഞത്.
തിരൂർ, പൂക്കയിൽ, വാക്കാട് സ്വദേശി ഷറഫുദ്ദീൻ്റെ മകൻ സഫ്വാനും, തലക്കടത്തൂർ, അരീക്കാട് തലപ്പറമ്പ്, സ്വദേശി അബ്ദുൾനാസറിൻ്റെ മകൻ ദിൽഷാദും കണ്ണിൽ ചോരയില്ലാത്ത അക്രമമാണ് പോലീസിനു നേർക്ക് നടത്തിയത്. 22 വർഷം പോലീസ് സേനയിൽ സ്തുത്യാർഹമായ സേവനം നടത്തി മേലുദ്യോഗസ്ഥരുടെ പ്രശംസക്ക് പാത്രമായ രണ്ടു പോലീസുകാരെ വധിക്കാനാണ് അപകടകാരികളായ റൗഡികൾ ശ്രമിച്ചത്. പ്രിയപ്പെട്ട രമേശ്ജീ, പോലീസിൻ്റെ മനോവീര്യം തകർത്ത് മയക്കുമരുന്ന് മാഫിയകൾക്ക് അഴിഞ്ഞാടാൻ കേരളത്തെ വിട്ടുകൊടുക്കരുത്. ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയുടെ ശക്തമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണം.''


Click it and Unblock the Notifications
