പൂര്‍വബന്ധങ്ങള്‍ പുതുക്കാന്‍ പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങള്‍; പരിഹരിച്ചത് 30ലധികം കേസുകള്‍: പൊലീസ് ഉദ്യോഗസ്ഥന്‍
ഏതൊരാളും ഏറെ ഇഷ്ടത്തോടെ ഓര്‍ക്കുന്ന ഒരു കാലഘട്ടമാണ് കലാലയ ജീവിതം. സൗഹൃദവും പ്രണയവും തമാശകളും കാല്‍പനികതയുമൊക്കെയായി അടിച്ചുപൊളിക്കുന്ന കാലം. സ്വപ്‌നങ്ങള്‍ക്കു വര്‍ണം ചാര്‍ത്തുന്ന ആ കാലത്തില്‍ നിന്ന് ജീവിതത്തിന്റെ ചുട്ടുപൊള്ളുന്ന യാഥാത്ഥ്യങ്ങളിലേക്ക് കടക്കുമ്പോള്‍ അതുമായി പൊരുത്തപ്പെടാന്‍ പലരും ബുദ്ധിമുട്ടാറുണ്ട്. പഴയ കലാലയ/സ്‌കൂള്‍ ജീവിതത്തിന്റെ ഓര്‍മകള്‍ ചിലരെ വിടാതെ പിന്തുടരാറുമുണ്ട്. ഇത്തരക്കാര്‍ക്ക് വലിയ ആശ്വാസമാണ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍.
പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ വ്യാപകമായി സംഘടിപ്പിക്കപ്പെട്ടതോടെ വര്‍ഷങ്ങള്‍ക്കു ശേഷം സൗഹൃദങ്ങള്‍ പുതുക്കാനുള്ള അവസരമാണ് പലര്‍ക്കും ലഭിച്ചത്. പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ സംഘടിപ്പിക്കാനും പഴയ കൂട്ടുകാരെ കാണാനുമൊക്കെ വലിയ ഉത്സാഹമാണ് കൂടുതല്‍ പേര്‍ക്കും. ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമ പുറത്തിറങ്ങിയതിനു ശേഷമാണ് സ്‌കൂള്‍, കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ വ്യാപകമായി സംഘടിപ്പിച്ചുതുടങ്ങിയത്. പിന്നാലെ വാട്‌സാപ് കൂട്ടായ്മകള്‍ കൂടി സജീവമായതോടെ സൗഹൃദങ്ങള്‍ കൂടുതല്‍ ദൃഡമായി.

എന്നാല്‍ ചിലരെങ്കിലും പഴയ പ്രണയിനിയെയോ/കാമുകനെയോ കാണാനും ബന്ധം പുനസ്ഥാപിക്കാനുമുള്ള അവസരമായി ഈ സംഗമങ്ങളെ പ്രയോജനപ്പെടുത്താറുമുണ്ട്. അക്കാലത്ത് പറയാന്‍ സാധിക്കാതെ പോയ പ്രണയം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലൂടെ വെളിപ്പെടുത്തുന്നവരുമുണ്ട്. അത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കുന്നത്.
തച്ചക്കോട് ചാച്ചിപ്പുന്ന സാസ്‌കാരിക കലാസമിതിയുടെ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഈ വെളിപ്പെടുത്തല്‍. സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലാണ് ഇദ്ദേഹത്തിന്റെ വാക്കുകള്‍.
'സ്റ്റേഷനില്‍ ഞാന്‍ ഇരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നം അഭിമുഖീകരിക്കുന്നത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവുമായി ബന്ധപ്പെട്ട കേസുകളാണ്. അന്ന് പറയാന്‍ പറ്റാത്തതൊക്കെ ഇപ്പോഴാണ് പറയുന്നത്. ഇതിനോടകം ഇവിടെത്തന്നെ മുപ്പതിലധികം പരാതികള്‍ ഞാന്‍ പരിഹരിച്ചുകഴിഞ്ഞു. ഇതു പിന്നീട് ചാറ്റിങ്ങിലേക്കു പോകുകയും കുടുംബ പ്രശ്‌നങ്ങള്‍ക്കു വഴിതെളിക്കുകയും ചെയ്യും. കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കാനും താല്‍കാലിക സുഖങ്ങളുടെ പിന്നാലെ പോകാതിരിക്കാനും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് ഈ ഉദ്യോഗസ്ഥനെ പിന്തുണയ്ക്കുന്നത്. അതേസമയം, വര്‍ഷങ്ങളായി ഇത്തരം സംഗമങ്ങള്‍ നടത്തിയിട്ടും പ്രശ്‌നമില്ലെന്ന് കമന്റിടുന്നവരും നിരവധിയാണ്.












Click it and Unblock the Notifications