"ഞങ്ങൾ ചെണ്ടയല്ല"; നഗരൂർ സംഭവത്തിൽ പോലീസിന്റെ ശക്തമായ പ്രതിഷേധം
തിരുവനന്തപുരം നഗരൂരിൽ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ പോലീസ് ജീപ്പ് തടഞ്ഞുനിർത്തി എസ്ഐയെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിൽ ശക്തമായ പ്രതിഷേധവുമായി പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുകയാണ്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ വ്യക്തിഹത്യ ചെയ്യുന്നതും അധിക്ഷേപിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി. വഴിയേ പോകുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയല്ല പോലീസെന്നും അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ പോലീസുകാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളും അധിക്ഷേപങ്ങളും വർദ്ധിച്ചു വരികയാണെന്നും, ഇതിനെതിരെ നിയമപരമായ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു. പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായി രാപ്പകൽ ഭേദമന്യേ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടാകുന്ന ഇത്തരം പ്രവണതകൾ ജനാധിപത്യ സമൂഹത്തിന് തന്നെ അപമാനകരമാണ്.
സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ജനങ്ങളും ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടതുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടികൾ ഉറപ്പാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥരെ തെറിവിളിക്കുന്നതിനും എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി.












Click it and Unblock the Notifications