Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസിലെ ട്രാന്‍സ്‌ജെന്റര്‍ നിയമനം; സ്വാഗതം ചെയ്ത് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍

തിരുവനന്തപുരം: കേരള പൊലീസില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ നിയമിക്കുന്നതിനെ പിന്തുണച്ച് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. പൊലീസ് നിയമനങ്ങളില്‍ ലിംഗ വ്യത്യാസമില്ലാതെ നിയമനം നടത്തണമെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഓരോ വിഭാഗത്തിനും ഇത്ര ശതമാനം സംവരണമെന്നത് ആധുനിക ലോകത്തിനു ചേര്‍ന്നതല്ലെന്നും പോലീസില്‍ വനിതകള്‍ക്ക് നിശ്ചിത ശതമാനം സംവരണം മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിശ്ചിത യോഗ്യതയില്‍ പി എസ് സി നടത്തുന്ന പരീക്ഷയില്‍ ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവരും പങ്കെടുക്കട്ടെ. യോഗ്യരായ മിടുക്കര്‍ അത് ഏത് ജെന്റര്‍ ആയാലും പോലീസ് സേനയിലേക്ക് കടന്നു വരട്ടെയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സി ആര്‍ ബിജു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

cr biju

ഇന്ന് ചില മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. ട്രാന്‍സ്‌ജെന്റേഴ്‌സിനെ കേരളത്തിലെ പോലീസ് സേനയിലേക്ക് നിയമിക്കാന്‍ പോകുന്നു എന്നതാണ് വാര്‍ത്ത.

ഈ വാര്‍ത്തയോട് വ്യത്യസ്ഥമായ പല അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ കഴിഞ്ഞു. നമ്മുടെ പോലീസിന്റെ ചരിത്രവും അതില്‍ വന്ന മാറ്റങ്ങളും ഈ സാഹചര്യത്തില്‍ പരിശോധിക്കപ്പെടുന്നത് ഉചിതമായിരിക്കും. ലോകത്താകെ തന്നെ പോലീസും സൈന്യവുമെല്ലാം പുരുഷന്‍മാര്‍ മാത്രമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

ആ കാലഘട്ടങ്ങളില്‍ സേനകളിലാകെ പുരുഷാധിപത്യം മാത്രമല്ല, സ്ത്രീവിരുദ്ധതയും നിലനിന്നിരുന്നു. കാലക്രമേണ അതില്‍ മാറ്റം വരുത്തുകയും, സൈന്യത്തിലും, കേന്ദ്രപരാമിലിട്ടറി വിഭാഗങ്ങളിലും ഉള്‍പ്പെടെ ഇന്ന് സ്ത്രീ സാന്നിധ്യം ആയിക്കഴിഞ്ഞു.

കേരള പോലീസിലും ആദ്യകാലം മുതല്‍ തന്നെ നാമമാത്രമായ സ്ത്രീ സാന്നിധ്യമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ആദ്യകാലങ്ങളില്‍ പോലീസ് സേനയുടെ ഭാഗമാകുന്ന സ്ത്രീകളോട് വലിയ വിവേചനമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. പോലിസ് സേനയിലേക്ക് കടന്നുവരുന്ന സ്ത്രീകള്‍ വിവാഹം കഴിക്കാന്‍ പാടില്ല എന്ന വിചിത്രമായ, ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍ കഴിയാത്ത കടുത്ത മനഷ്യാവകാശലംഘനം നിയമമായി നിലനിന്നിരുന്ന നാടായിരുന്നു കേരളം.

1957 ലെ കേരളത്തിലെ ആദ്യ ജനാധിപത്യ സര്‍ക്കാരാണ് ഈ നിയമം മാറ്റി എഴുതിയത്. 1957 ലെ EMS സര്‍ക്കാരാണ് വനിതകളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി നല്‍കിയത്.
അതിന് ശേഷവും സംസ്ഥാന പോലീസില്‍ വനിതകള്‍ പ്രത്യേക വിഭാഗമായി നിലനിന്നു വന്നു. 1999 ലാണ് അന്നത്തെ മുഖ്യമന്ത്രി ശ്രീ. EK നായനാര്‍ കേരള പോലീസിലെ വനിതാ ഉദ്യോഗസ്ഥരുടെ അംഗബലം ഉയര്‍ത്താന്‍ തീരുമാനം എടുത്തത്.

അങ്ങനെ 2000 ല്‍ PSC വിജ്ഞാപനം വരികയും 2001 മുതല്‍ നിയമനം ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ പുരുഷാധിപത്യത്തിന്റെ കേന്ദ്രങ്ങളായിരുന്ന പോലീസ് സേനയിലേക്കുള്ള സ്ത്രീകളുടെ വരവ് ആ കാലഘട്ടത്തില്‍ സേനയ്ക്കുള്ളിലെ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ഈ മനോഭാവത്തില്‍ പിന്നീട് വലിയ മാറ്റം ഉണ്ടായി എങ്കിലും ഇന്നും പൂര്‍ണമായും മാറിയിട്ടില്ല.

അതുപോലെ തന്നെ കേരളത്തില്‍ പോലീസിലെ 50% സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകളിലേക്ക് നേരിട്ടാണ് നിയമനം നടത്തി വരുന്നത്. അതില്‍ പുരുഷന്മാരെ മാത്രമാണ് 2018 വരെ നിയമിച്ച് വന്നിരുന്നത്. ഇതില്‍ മാറ്റം വരുത്തി ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാതെ സബ് ഇന്‍സ്‌പെക്ടര്‍ നിയമനം നടത്താന്‍ തീരുമാനമെടുത്തത് 2018 ലാണ്. അങ്ങനെ വലിയ മാറ്റത്തിനാണ് ശ്രീ. പിണറായി വിജയന്‍ അവര്‍കള്‍ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ തീരുമാനം എടുത്ത് നടപ്പിലാക്കിയത്.

പോലീസ് ഡ്രൈവര്‍ നിയമനത്തിലും ലിംഗ വിവേചനം ഒഴിവാക്കി സ്‌പെഷ്യല്‍ റൂള്‍ വന്ന് കഴിഞ്ഞു. അവഗണനകളില്‍ നിന്ന് ട്രാന്‍സ്‌ജെന്റര്‍ വിഭാഗം പരിഗണനകളിലേക്കും, അംഗീകാരത്തിലേക്കും ആദ്യം വന്ന നാടും കേരളമാണ്. ട്രാന്‍സ്‌ജെന്റേഴ്‌സിനെ കേരളത്തിലെ പോലീസ് സേനയിലേക്ക് നിയമിക്കാന്‍ പോകുന്നു എന്ന് ഇന്ന് വാര്‍ത്ത കേട്ടപ്പോള്‍ അതില്‍ ഒരു അഭിപ്രായം ഞാനും രേഖപ്പെടുത്തുന്നു.

സ്ത്രീകള്‍ക്ക് പോലും പോലീസിലേക്കുള്ള നിയമനത്തില്‍ നിശ്ചിത ശതമാനമാണ് മാറ്റി വച്ചിരിക്കുന്നത്. ഇത് മാറണം. എല്ലാ വകുപ്പുകളിലേക്കും നടക്കുന്ന നിയമനം പോലെ തന്നെ, സബ് ഇന്‍സ്‌പെക്ടര്‍ നിയമനത്തില്‍ നടപ്പിലാക്കിയതു പോലെ തന്നെ, സിവില്‍ പോലീസ് ഓഫീസര്‍ നിയമനത്തിലും ജെന്റര്‍ വ്യത്യാസം ഇല്ലാതെ നിയമനം നടത്തണം. ആണെന്നോ, പെണ്ണെന്നോ, ട്രാന്‍സ്‌ജെന്ററെന്നോ വ്യത്യാസം ഇല്ലാതെ നിയമനം നടത്തണം.

ജെന്ററുകള്‍ക്ക് ഇത്ര ശതമാനം എന്ന നിലയിലുള്ള സംവരണം ആധുനിക ലോകത്തിന് ചേര്‍ന്നതല്ല. നിശ്ചിത യോഗ്യതയില്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പരീക്ഷയില്‍ ലിംഗവ്യത്യാസം ഇല്ലാതെ എല്ലാവരും പങ്കെടുക്കട്ടെ. യോഗ്യരായ മിടുക്കര്‍ അത് ഏത് ജെന്റര്‍ ആയാലും പോലീസ് സേനയിലേക്ക് കടന്നു വരട്ടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+