സിപിഎമ്മിന്റെ മെഗാ തിരുവാതിര; വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: സിപിഎം സമ്മേളനത്തോടനുബന്ധിച്ച് വനിതാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തു. പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം സലൂജ ഉള്‍പ്പടെ കണ്ടലറിയാവുന്ന 550 പേര്‍ക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. മെഗാ തിരുവാതിരക്കെതിരെ തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെതിരെയായിരുന്നു എം മുനീര്‍ പരാതി നല്‍കിയത്.
ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത സമൂഹ തിരുവാതിര സിപിഎം സംഘടിപ്പിച്ചത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ജനങ്ങളില്‍ നിന്നും ഉയര്‍ന്നത്. അതേസമയം ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട ഉടന്‍ തന്നെ തിരുവാതിരക്കളി നടത്തിയത് പാര്‍ട്ടിക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവാതിരക്കെതിരെ രംഗത്ത് വന്നിരുന്നു.

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് വ്യാപനം പന്ത്രണ്ടായിരം കടന്ന ഇന്ന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സിപിഎം പൊതുസമ്മേളനത്തിന് ജില്ലയുടെ വിവിധിയിടങ്ങളില്‍നിന്നായി ആയിരകണക്കിനുപേര്‍ എത്തിയതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കേന്ദ്രീകരിച്ചുള്ള റാലിയും പ്രകടനുവുമെല്ലാം ഒഴിവാക്കിയെന്നും, ആരും പൊതുസമ്മേളന വേദിയായ കടപ്പുറത്തക്ക് എത്തേണ്ടതില്ലെന്ന് അറിയിച്ചെന്നും പാര്‍ട്ടി നേതൃത്വം പറയുമ്പോഴും ചടങ്ങിലേക്ക് പ്രവര്‍ത്തകരും അനുഭാവികളും ഒഴുകിയെത്തുകയായിരുന്നു. ചട്ടങ്ങള്‍ കാറ്റില്‍പറത്തിയാണ് ചടങ്ങെങ്കിലും ഒമൈക്രോണ്‍ ജാഗ്രത കര്‍ശനമാക്കേണ്ടത് അത്യാവിശ്യമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞിരുന്നതും. എന്നിട്ടും ആളുകല്‍ കൂടിയത് വന്‍ വിമര്‍ശനത്തിനാണ് വഴിയൊരുക്കിയത്.
പൊതു സമ്മേളനങ്ങള്‍ക്ക് പരമാവധി 150 പേരെമാത്രം പങ്കെടുപ്പിക്കണമെന്ന ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ചടങ്ങ് നടന്നത്. സംസ്ഥാനം അടച്ചിടല്‍ ആശങ്കയുടെ വക്കിലെത്തി നില്‍ക്കെയാണ് കൂടിച്ചേരലിന് സിപിഎംതന്നെ വേദിയൊരുക്കുന്നത് തുടങ്ങിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്.












Click it and Unblock the Notifications