ഫേസ്ബുക്ക് കൊലവിളി; ജയരാജൻറെ മകനെതിരെ കേസ്
കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ ജയിന്‍ രാജിനെതിരെ പോലീസ് കേസെടുത്തു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകനാണ് ജയിന്‍ രാജ്. ഐടി ആക്ട് പ്രകാരമാണ് കേസ്.
പി ജരാജനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട മനോജ്. മനോജ് കൊല്ലപ്പെട്ട ഉടനെയാണ് ' ഈ സന്തോഷ വാര്‍ത്തക്കായി എത്രകാലമായി കാത്തുനില്‍ക്കുന്നൂ... അഭിവാദ്യങ്ങള്‍ പ്രിയ സഖാക്കളെ...' എന്ന ഫേസ്ബുക്ക് സ്റ്റാറ്റസ് ജയിന്‍ രാജ് ഇട്ടത്.

സംഭവം ഉടന്‍ തന്നെ വന്‍ വിവാദമായി. ജയിന്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും നിരവധി പേര്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിക്കാന്‍ തുടങ്ങിയിരുന്നു.
തന്റെ അച്ഛനെ ക്രൂരമായി കൊല്ലാന്‍ ശ്രമിച്ച ആളുടെ മരണത്തില്‍ ഒരു മകനെന്ന നിലക്ക് താന്‍ സന്തോഷിക്കും എന്ന് പറഞ്ഞ് ജയിന്‍ വീണ്ടും ഫേസ്ബുക്കില്‍ രംഗത്തെത്തി. ഇത് വീണ്ടും വിവാദങ്ങളിലേക്കാണ് നയിച്ചത്.
ആരാണ് മനോജിനെ കൊന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ജയിന്‍ രാജിന്റെ പോസ്റ്റ് നല്‍കുന്നതതെന്നാണ് ആര്‍എസ്എസ്-ബിജെപി നേതൃത്വം ആരോപിക്കുന്നത്. ഈ ആരോപണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും രംഗത്തെത്തിയിട്ടുണ്ട്. ജയിന്‍ രാജിന്റെ പ്രതികരണം അല്‍പം അപക്വമായിപോയെന്നാണ് സിപിഎം നേതാക്കളും കരുതുന്നത്.












Click it and Unblock the Notifications