കഞ്ചാവിനായി പിരിവ്; എത്തിക്കാന്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍; കോളജില്‍ നടന്ന രഹസ്യ ഇടപാടുകള്‍ ഞെട്ടിക്കുന്നത്
കൊച്ചി: കളമശേരി പോളിടെക്നിക് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവിന്റെ വന്‍ ശേഖരം പിടികൂടിയ സംഭവത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെന്ന് പൊലീസ്. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച ആഷിഖ്, ഷാരില്‍ എന്നീ രണ്ട് പൂര്‍വ വിദ്യാര്‍ഥികളാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ വര്‍ഷമാണ് ഷാരില്‍ കാമ്പസില്‍ നിന്ന് പഠിച്ചിറങ്ങിയത്. പോളിടെക്നിക്കില്‍ നിന്ന് സെമസ്റ്റര്‍ ഔട്ടായ വിദ്യാര്‍ഥിയാണ് ആഷിഖ്. സംഭവത്തില്‍ ആദ്യം പിടിയിലായ വിദ്യാര്‍ഥികളുടെ മൊഴിയില്‍ നിന്നാണ് പൂര്‍വ വിദ്യാര്‍ഥികള്‍ക്കും പങ്കുള്ളതായി പൊലീസിന് വിവരം ലഭിച്ചത്. സെമസ്റ്റര്‍ ഔട്ടായിട്ടും ഇയാള്‍ നിരന്തരം അനധികൃതമായി ഹോസ്റ്റലില്‍ പ്രവേശിച്ചിരുന്നു.

ഹോളി ആഘോഷത്തിന് മുന്നോടിയായി വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് ശേഷമാണ് ആഷിഖ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. ആഷിഖിന് എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്ന് പൊലീസ് അന്വേഷിക്കും. ഹോസ്റ്റലില്‍ കഞ്ചാവ് ഓഫര്‍ വിലയിലാണ് വില്‍പന നടത്തിയിരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായാണ് വിവരം. 500 രൂപയ്ക്ക് വിറ്റിരുന്ന കഞ്ചാവ് മുന്‍കൂട്ടി പണം നല്‍കുന്നവര്‍ക്ക് 300 രൂപയ്ക്കാണ് ഇവര്‍ നല്‍കിയത്. ആകാശിന്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവിനുള്ള പണപ്പിരിവ് നടന്നത്.
ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിക്കും. ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പണം വന്നെന്നും പോയെന്നുമുള്ള അന്വേഷമാണ് നടത്തുക. ഇതിന് പുറമേ വിദ്യാര്‍ത്ഥികളുടെ ഫോണ്‍ രേഖകളും കോള്‍ റെക്കോഡുകളും പരിശോധിക്കും.
അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിദ്യാര്‍ഥികളെ ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കളമശേരി പോളിടെക്നിക് കോളജിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ രണ്ട് എഫ്‌ഐആറാണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം കുളത്തൂപ്പുഴ ആകാശ് (21), ആലപ്പുഴ കാര്‍ത്തികപ്പിള്ളി സ്വദേശി ആദിത്യന്‍ (20), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്‍ അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആഭ്യന്തര അന്വേഷണത്തിന് നാലംഗ അധ്യാപക സമിതിയെയും കോളജ് നിയോഗിച്ചു.
അതേസമയം, പ്രിന്‍സിപ്പലിന്റെ നിര്‍ണായക ഇടപെടലാണ് കഞ്ചാവ് പിടിച്ചെടുത്ത റെയ്ഡിന് കാരണമായതെന്ന വിവരങ്ങളും പുറത്തുവന്നു. കാമ്പസില്‍ ഹോളി ആഘോഷത്തിന്റെ ഭാഗമായി ലഹരിമരുന്നിന്റെ ഒഴുക്കുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇതിനായി പണപ്പിരിവ് നടക്കുന്നുണ്ടെന്ന്
വിശ്വസനീയ ഉറവിടങ്ങളില്‍നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും അറിയിച്ച് പ്രിന്‍സിപ്പല്‍ ഡിസിപിക്ക് കത്തയച്ചിരുന്നു. ഇതാണ് കേരളത്തെ ഞെട്ടിച്ച കോളജിനുള്ളിലെ വന്‍ കഞ്ചാവ് വേട്ടയിലേക്ക് പൊലീസിനെ നയിച്ചത്.












Click it and Unblock the Notifications