കാവ്യ ഇക്ക എന്ന് വിളിച്ച വിഐപി കോട്ടയം സ്വദേശിയോ? 6 ഫോട്ടോ കാണിച്ചു... പോലീസ് വിഐപിക്കരികില്‍
കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം നടപടികള്‍ വേഗത്തിലാക്കി. ഈ മാസം 20ന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനുള്ളതിനാല്‍ സമയം പാഴാക്കാതെയുള്ള നീക്കത്തിലാണ് പോലീസ്. കേസിലെ നിര്‍ണായക വ്യക്തിത്വമെന്ന് കരുതുന്ന വിഐപിയെ കണ്ടെത്താനാണ് ഇപ്പോള്‍ പോലീസിന്റെ ശ്രമം. ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിയുടെ നിര്‍ദേശമുണ്ട്.
Recommended Video
ഈ സാഹചര്യത്തില്‍ വിഐപിയെ കണ്ടെത്താനാണ് പോലീസ് കരുക്കള്‍ നീക്കുന്നത്. സംവിധായകന്‍ ബലചന്ദ്രകുമാര്‍ നല്‍കിയ മൊഴികളുടെയും തെളിവുകളുടെയും വസ്തുത പരിശോധിച്ചുവരികയാണ്. ഇതിനിടെയാണ് കോട്ടയം സ്വദേശിയിലേക്ക് അന്വേഷണം നീങ്ങുന്നതത്രെ. കോട്ടയത്തെ പ്രവാസിയായ വ്യക്തിയെ ആണ് സംശത്തിലുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ...

നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി കേസിന്റെ തുടക്കം മുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആരാണ് വിഐപി എന്നത് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അടുത്തിടെ ബലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലിലും വിഐപി എന്ന പേര് കടന്നുവന്നു. വലിയ ഉന്നതന്‍ എന്ന നിലയിലല്ല, കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തി എന്ന തരത്തിലാണ് താന്‍ വിഐപി എന്ന് വിശേഷിപ്പിച്ചതെന്ന് ബാലചന്ദ്രകുമാര്‍ വാര്‍ത്താ ചാനലുകളോട് പറഞ്ഞിരുന്നു.

ദിലീപിന്റെ വീട്ടില്‍ വിഐപി വന്നിരുന്നു. ഇയാളാണ് ദൃശ്യങ്ങള്‍ കൈമാറിയത്. വിദേശത്തേക്ക് പോകുന്ന കാര്യങ്ങളും ഇയാള്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്ന് സംസാരത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചു. അന്വേഷണ സംഘത്തിലുള്ളവരെ മന്ത്രിയുടെ മുന്നില്‍വച്ച് ചീത്ത വിളിക്കണമെന്നു വിഐപി പറഞ്ഞതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

ദിലീപിന്റെ വീട്ടിലുണ്ടായിരുന്നവര്‍ക്ക് വിഐപിയെ നേരത്തെ പരിചയമുണ്ടായിന്നുവെന്നാണ് കരുതുന്നതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. കാവ്യ മാധവന്‍ ഇക്ക എന്നാണ് ഇയാളെ വിളിച്ചതത്രെ. ട്രാവല്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്ന് സംശയിക്കുന്നു. ബിസിനസുകാരനാണെന്ന് തോന്നും. എന്റെ അടുത്തിരുന്ന് സംസാരിച്ചതിനാല്‍ കണ്ടാല്‍ അറിയാമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

അന്വേഷണ സംഘത്തിലുള്ളവരെ അപായപ്പെടുത്തുന്ന കാര്യങ്ങള്‍ സംസാരിച്ചപ്പോഴും വിഐപിയുണ്ടായിരുന്നുവത്രെ. അതുകൊണ്ടുതന്നെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ പ്രതിയാണ്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളല്ലെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. ഇയാളുടെ സംസാരത്തിന്റെ ശബ്ദരേഖ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

വിഐപിയെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം വൈകാതെ വിജയത്തിലെത്തുമെന്നാണ് വിവരം. ശബ്ദ സാംപിള്‍ ബാലചന്ദ്രകുമാറിന് കൈമാറും. ശാസ്ത്രീയ പരിശോധന നടത്തുമെന്നാണ് വിവരം. സംശയത്തിലുള്ള ചിലരുടെ ഫോട്ടോകള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്. ആറ് ഫോട്ടോകള്‍ തന്നെ കാണിച്ചിരുന്നു എന്നാണ് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിലും വിഐപിക്ക് പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. കോട്ടയം സ്വദേശിയെ ആണ് പോലീസ് സംശയിക്കുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കോട്ടയത്ത് സംശയത്തിലുള്ള വ്യക്തി പ്രവാസിയാണ്. കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നത്. കോട്ടയം സ്വദേശിക്ക് ഹോട്ടല്‍ വ്യവസായവും മറ്റു ബിസിനസുകളുമുണ്ട്. എന്നാല്‍ ഈ വ്യക്തിയാണോ വിഐപി എന്ന് ശബ്ദ സാംപിള്‍ പരിശോധനയ്ക്ക് ശേഷമേ ഉറപ്പിക്കാനാകൂ.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണ് എന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. കോടതി ഈ മാസം 20 വരെ അന്വേഷണത്തിന് സമയം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വൈകാതെ വിഐപിയെ കണ്ടെത്തുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. വിഐപിയെ കണ്ടെത്തിയാല്‍ അന്വേഷണം വേഗം ക്ലോസ് ചെയ്യാമെന്ന പ്രതീക്ഷയിലാണ് പോലീസ്.












Click it and Unblock the Notifications