വീണ്ടും കഞ്ചാവ് വേട്ട; പിടിയിലായത് ബ്ലസ്സിയുടെ സുഹൃത്ത്
തൃശൂര്‍: കൊച്ചി മയക്കുമരുന്ന് കേസില്‍ പിടിയിലായ സഹസംവിധായിക ബ്ലസ്സിക്ക് ലഹരി മാഫിയയുമായുള്ള അടുത്ത ബന്ധം തെളിയിക്കുന്ന ഒരു കണ്ണി കൂടി പിടിയില്‍. ചെന്ത്രാപ്പിന്നി സ്വദേശി കരണ്‍ എന്ന 24 കാരനാണ് പോലീസിന്റെ പിടിയിലായത്.
ഇയാളുടെ കയ്യില്‍ നിന്ന് ഒന്നര കിലോ ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബാംഗ്ലൂരിലെ ഫ്‌ലാറ്റില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിന്ന് ഓടി രക്ഷപ്പെട്ട ആളാണ് കരണ്‍.

കൊലക്കേസ് പ്രതിയായ വിവേക്, മയക്കുമരുന്ന് കേസിലെ പ്രതി നൈനേഷ് എന്നിവര്‍ക്കൊപ്പമാണ് കരണും ഈ മേഖലയിലേക്ക് കടക്കുന്നത്. തുടക്കത്തില്‍ നാട്ടിലായിരുന്നു കഞ്ചാവ് കച്ചവടമെന്ന് പോലീസ് പറയുന്നു. പിന്നീട് വിവേകിനും നൈനേഷിനും ഒപ്പം കരണ്‍ ബെംഗളൂരുവില്‍ താമസം തുടങ്ങിയത്രെ.
നൈനേഷിന്റെ ഫ്‌ലാറ്റില്‍ താമസിക്കുന്ന സമയത്താണ് കരണ്‍ ബ്ലസ്സിയെ പരിചയപ്പെടുന്നതെന്നാണ് പോലീസ് പുറത്ത് വിടുന്ന വിവരം. ഇവിടെ ബ്ലസ്സി സ്ഥിരമായി എത്താറുണ്ടായിരുന്നത്രെ. മയക്ക് മരുന്ന് ഉപയോഗിക്കാനാണ് ബ്ലസ്സി നൈനേഷിന്റെ ഫ്‌ലാറ്റ് സന്ദര്‍ശിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
നാട്ടില്‍ കഞ്ചാവ് കച്ചവടക്കാരനായിരുന്ന കരണ്‍ ബെംഗളൂരുവിലെത്തിയതിന് ശേഷം കൊക്കെയ്ന്‍ ഉപയോഗിക്കാന്‍ തുടങ്ങി. പിന്നീട് ബിസിനസ് ഗോവയിലേക്ക് മാറ്റി. കരണ്‍ ഗോവയില്‍ ഹോട്ടല്‍ തുടങ്ങിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications