ഐസി ബാലകൃഷ്ണനേയും എന്‍ഡി അപ്പച്ചനേയും ചോദ്യം ചെയ്യാന്‍ പൊലീസ്: എംഎല്‍എ രാജിവെക്കണമെന്ന് സിപിഎം
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ഡി സി സി അധ്യക്ഷന്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ പൊലീസ്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ മൂന്നു കോൺഗ്രസ് നേതാക്കൾക്കും പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചിരുന്നു. 20, 21, 22 തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനോടും കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
നിയമസഭ സമ്മേളനം നടക്കുന്നതിനാൽ 20 മുതൽ 25 വരെയുള്ള തീയതികളിൽ ഏതെങ്കിലും മൂന്നുദിവസം ഹാജരാകാണമെന്ന് ഐസി ബാലകൃഷ്ണനോടും വ്യക്താക്കിയിട്ടുണ്ട്. ഇത് ഏതൊക്കെ ദിവസങ്ങളിലായിരിക്കുമെന്ന് എം എല്‍ എ പൊലീസിനെ അറിയിക്കും. രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെയാകും ചോദ്യം ചെയ്യൽ. ഇതോടൊപ്പം തന്നെ കോൺഗ്രസ് ഓഫീസുകളിൽ നിന്നും തെളിവ് ശേഖരിക്കുന്ന നടപടിക്രമങ്ങളും നടക്കും.

അതേസമയം, കോടതിയിൽ അങ്ങേയറ്റം മോശമായാണ് എൻ എം വിജയനെ കോൺഗ്രസ് നേതാക്കളായ പ്രതികൾ ചിത്രീകരിച്ചതെന്ന് സി പി എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് അഭിപ്രായപ്പെട്ടു. കുടുംബത്തോടൊപ്പമാണ് എന്ന് കോൺഗ്രസ് നേതാക്കൾ പറയുകയും കോടതിയിൽ മോശക്കാരനായി എൻ എം വിജയനെ ചിത്രീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അപഹാസ്യമാണ്. എൻ എം വിജയനെക്കുറിച്ച് കോടതിയിൽ പറഞ്ഞ അഭിപ്രായം തന്നെയാണോ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് എന്ന് വ്യക്തമാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമയബന്ധിത കസ്റ്റഡിയിൽ അടുത്ത 3 ദിവസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നതുൾപ്പെടെയുള്ള കർശന ഉപാധികളോടെ മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചു എന്നതിനർത്ഥം കേസ് ഇല്ലാതായി എന്നല്ല, എൻ എം വിജയൻ്റേയും മകൻ്റേയും മരണവും അദ്ദേഹം എഴുതി വെച്ച മരണക്കുറിപ്പും കോൺഗ്രസ് നേതാക്കൾ നടത്തിയ കോടികളുടെ തട്ടിപ്പും ഇല്ലാതാകുന്നില്ല. ഐ സി ബാലകൃഷ്ണൻ ഒന്നാം പ്രതിയായ കേസ് മുന്നോട്ട് പോകും. ക്രൈം ബ്രാഞ്ച് അന്വേഷിക്കും.
അഞ്ച് പതിറ്റാണ്ട് കാലം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച ശ്രീ എൻ എം വിജയൻ്റേയും ഭിന്നശേഷിക്കാരനായ മകൻ്റേയും മരണത്തിന് ഉത്തരവാദിയായി അടുത്ത 3 ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഇരിക്കേണ്ടി വരുന്ന അവസ്ഥയിലും എം എല്‍ എ സ്ഥാനത്ത് ഐ സി ബാലകൃഷ്ണൻ തുടരുന്നതിൽ എന്ത് ന്യായീകരണമാണുള്ളത്. അടിയന്തിരമായി രാജി വെച്ചൊഴിയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications