മഞ്ജു വാര്യര്‍ക്കെതിരെ കമന്റ്; പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു
കൊച്ചി: നടി മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് അപമാനകരമായ കമന്റ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പോലീസുകാരന് സസ്‌പെന്‍ഷന്‍. കൊച്ചി സിറ്റി എ.ആര്‍ ക്യാമ്പ് സി.പി.ഒ കെ.എം രഞ്ജു മോനെയാണ് അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
പോലീസ് യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോയാണ് രഞ്ജു പ്രൊഫൈല്‍ ചിത്രമായി നല്‍കിയിരുന്നത്. ഇത്തരമൊരു പ്രൊഫൈല്‍ നിന്നും വന്ന കമന്റിനെതിരെ മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡിജിപി കൊച്ചി പോലീസ് കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ടു തേടുകയും ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്.

മഞ്ജുവും മറ്റൊരു നടനും ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയ്ക്കായിരുന്നു മോശം വാക്കുകളുപയോഗിച്ച് പോലീസുകാരന്റെ അധിക്ഷേപിക്കല്‍. കമന്റിനെതിരെ അന്നുതന്നെ പലരും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ മഞ്ജുവാര്യര്‍ പോലീസിന് പരാതി നല്‍കുകയും ചെയ്തു.
മഞ്ജു വാര്യരെ അപമാനിക്കുന്നത് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പതിവായിരിക്കുകയാണ്. മഞ്ജുവിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് അവരെ നിരന്തരം വേട്ടയാടുന്ന രീതിയിലാണ് പ്രചരണം കൊഴുക്കുന്നത്. സൈബര്‍ പോലീസില്‍ പരാതി നല്‍കുമെന്ന് മഞ്ജു മുന്നറിയിപ്പു നല്‍കിയതോടെ വ്യാജ പ്രചരണം അവസാനിക്കുകയായിരുന്നു.












Click it and Unblock the Notifications