മനോദൗര്‍ബല്യമുള്ള വീട്ടമ്മയെ പീഡിപ്പിച്ച സിപിഎം പ്രവര്‍ത്തകനെ രക്ഷിക്കാന്‍ മതിലകം പോലീസ്...
തൃശൂര്‍: മനോദൗര്‍ബല്യമുള്ള വീട്ടമ്മയെ പീഡിപ്പിച്ച സിപിഎം. പ്രവര്‍ത്തകനെ രക്ഷിക്കാനുള്ള പോലീസ് ശ്രമത്തെ നാട്ടുകാര്‍ തടഞ്ഞു. കയ്പമംഗലം ശ്രീനാരായണപുരം ആമണ്ടൂരില്‍ മനോ ദൗര്‍ബല്യമുള്ള വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തായക്കാട് സ്വദേശി തരൂപീടികയില്‍ ജബ്ബാറിനെയാണ് മതിലകം എസ്.ഐ.പി.കെ.മോഹിത്തും സംഘവും അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൊടുങ്ങല്ലൂര്‍ മതിലകത്താണ് സംഭവം.
മാനസിക അസ്വാസ്ഥ്യമുള്ള അമ്മയെ കുറച്ചു നാളായി ഒരാള്‍ ശല്യം ചെയ്യുന്നു എന്നറിഞ്ഞ മകന്‍ ഒളിച്ചിരുന്നാണ് ഇയാളെ പിടികൂടിയത്. വീടിനു മുന്നില്‍ കെട്ടിയിട്ട ശേഷം നാട്ടുകാരെ വിളിച്ചു വരുത്തി പോലീസില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ പോലീസ് ആദ്യം കേസെടുത്തില്ല. പകരം ഒത്തു തീര്‍പ്പാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ മകന്‍ ഇതിന് തയ്യാറാകാതിരുന്നതോടെ പൊലീസ് ഭീഷണിപ്പെടുത്തി. ജബ്ബാറിനെ പിടികൂടുമ്പോള്‍ പിടിവലിക്കിടെ ശരീരത്തില്‍ മുറിവുണ്ടായിട്ടുണ്ടായിരുന്നു. ഇത് വച്ച് കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. പോലീസ് തന്നെ കേസില്‍ പെടുത്തുമെന്നറിഞ്ഞതോടെ മകന്‍ പേടിച്ച് പിന്മാറി. കേസ് പിന്‍ വലിച്ചതിനാല്‍ പ്രതിയെ പൊലീസ് വെറുതെ വിടുകയാണുണ്ടായത്. സംഭവം അറിഞ്ഞ് നാട്ടുകാര്‍ രോഷാകുലരായി. മതിലകം പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധവുമായെത്തി. ഇതോടെയാണ് പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.

ശ്രീനാരായണപുരം പതിനഞ്ചാം വാര്‍ഡ് നെല്ലിപ്പൊഴി ഗാന്ധിഗ്രാമത്തില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന അറുപതുകാരിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. വര്‍ഷങ്ങളായി മനോ ദൗര്‍ഭല്യമുളള വയോധിക, മനോ ദൗര്‍ബല്യമുള്ള മകനുമൊത്താണ് താമസിക്കുന്നത്. കുറച്ചു ദിവസമായി ഒരാള്‍ വീട്ടില്‍ കയറി വന്ന് ഉപദ്രവിക്കുന്നതായി രണ്ടാമത്തെ മകനോട് വയോധിക പറഞ്ഞിരുന്നു.
മാതാവിനെ ഒരാള്‍ പതിവായി ശല്യപ്പെടുത്തുന്നതായി വിവരം ലഭിച്ചതോടെ മൂന്നുദിവസമായി വീടിനു കാവല്‍ നില്‍ക്കുകയായിരുന്നു ഇദ്ദേഹം.
ഇതറിയാതെയെത്തിയ ജബ്ബാര്‍ വീട്ടില്‍ കയറി സ്ത്രീയെ കടന്നുപിടിച്ചതോടെയാണ് മകന്‍ ഇയാളെ കീഴ്‌പ്പെടുത്തിയത്. സി.പി.എം. പ്രവര്‍ത്തകനായ ജബ്ബാര്‍ വെമ്പല്ലൂര്‍ സഹകരണ ബാങ്ക് പത്താഴക്കാട് ശാഖയിലെ വാച്ച് മാനാണ്. ഡ്യൂട്ടിക്കിടെയാണ് പ്രതി വീട്ടിലെത്തിയത്. ജബ്ബാറിനെ പിടികൂടി വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ട മകന്‍ വിവരം നാട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്നു പോലീസ് എത്തി. ജബ്ബാറിനെ സ്‌റ്റേഷനിലെത്തിച്ചു. ഈ സമയത്താണ് പോലീസ് ഭീഷണിപ്പെടുത്തിയത്.
സി.പി.എം. നേതൃത്വം നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ ഇടപെട്ടാണ് സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ പോലീസിന് കേസെടുക്കാതെ നിര്‍വാഹമില്ലായിരുന്നു. നിരവധി തവണ ഇയാള്‍ വീട്ടിലെത്തി വീട്ടമ്മയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications