വിനു വി ജോണിനെ ചോദ്യം ചെയ്യാൻ പോലീസ്, ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് നോട്ടീസ്
ന്യൂസ് അവർ ചർച്ചകളിൽ ഇടതുപക്ഷത്തിനെ മനപ്പൂർവ്വം കടന്നാക്രമിക്കുന്നു എന്നാരോപിച്ച് ഇടത് അണികൾ സോഷ്യൽ മീഡിയയിൽ വിനു വി ജോണിനെതിരെ നിരന്തരം വിമർശനം ഉന്നയിക്കാറുണ്ട്.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി ജോണിനെ ചോദ്യം ചെയ്യാന്‍ പോലീസ്. സിപിഎം രാജ്യസഭാ എംപിയും സിഐടിയു നേതാവുമായ എളമരം കരീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് വേണ്ടി തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് വിനു വി ജോണിന് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹാജരായിട്ടില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.
2022 മാര്‍ച്ചില്‍ വിനു വി ജോണ്‍ അവതാരകനായ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് എളമരം കരീമിന്റെ പരാതി. മാര്‍ച്ച് 22ന് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിലുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ചായിരുന്നു 9 മണി ചര്‍ച്ച. സംസ്ഥാനത്ത് വ്യാപകമായ അക്രമ സംഭവങ്ങളുണ്ടായി എന്നത് ശരിയല്ലെന്ന എളമരം കരീമിന്റെ വാദത്തോട് വിനു വി ജോണ്‍ നടത്തിയ പ്രതികരണം സോഷ്യല് മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു.

എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്നും മനപ്പൂര്‍വ്വം അപമാനിച്ചുവെന്നും അദ്ദേഹത്തെയും കുടുംബത്തേയും മറ്റുളളവര്‍ ആക്രമിക്കണം എന്നുളള പ്രേരണ നല്‍കിയെന്നുമാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്. എളമരം കരീം പോകുന്ന വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു, എന്നിട്ട് അതിലുളള ആളുകളെ എളമരം കരീം കുടുംബ സമേതമാണെങ്കില്‍ അവരെയൊക്കെ ഒന്ന് ഇറക്കി വിടണമായിരുന്നു, എളമരം കരീമിനെ യാസറിനെ പോലെ മുഖത്തടിച്ച് മൂക്കില്‍ നിന്നും ചോര വരുത്തണമായിരുന്നു എന്നായിരുന്നു ചാനല്‍ ചര്‍ച്ചയ്ക്കിടെ വിനു വി ജോണ്‍ പറഞ്ഞത്.
അതിനിടെ കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തി വിനു വി ജോണ്‍ പോലീസിന് മൊഴി നല്‍കി. കേസ് എടുത്ത വിവരം ഒരു വര്‍ഷത്തോളം വിനു വി ജോണില്‍ നിന്ന് പോലീസ് മറച്ചുവെച്ചു എന്നാണ് ആരോപണം ഉയരുന്നത്. പാസ്‌പോര്‍ട്ട് പുതുക്കാന്‍ ശ്രമിക്കുന്നതിനിടെ മാത്രമാണ് കേസില്‍ പ്രതിയാണെന്ന വിവരം അറിയത് എന്ന് വിനു വി ജോണ്‍ പറഞ്ഞു. ബിബിസിക്ക് മാത്രം മതിയോ മാധ്യമസ്വാതന്ത്ര്യം എന്നും വിനു വി ജോണ്‍ ചോദിച്ചു.
വിനു വി ജോണിനെതിരെ കേസെടുത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് വന്നിട്ടുണ്ട്. വിനു വി ജോണിനുണ്ടായ അനുഭവം സ്വദേശാഭിമാനി രാമകൃഷ്ണ പിളളയ്ക്കുണ്ടായ അതേ അനുഭവം ആണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിനെ വിമര്‍ശിച്ചും എന്നതിന്റെ പേരില്‍ ഒരു മാധ്യമപ്രവര്‍ത്തകന് എതിരെ കേസെടുക്കുകയാണ്.. ബിബിസി റെയ്ഡിനെതിരെ പ്രസംഗിക്കുകയും ഇവിടെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയുമാണ്. എന്നിട്ടാണ് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നതെന്നും വിഡി സതീശന്‍ പ്രതികരിച്ചു.












Click it and Unblock the Notifications