സലീം രാജിനെതിരെ പരാതി നല്‍കിയവര്‍ക്ക് കേസ്
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ ആരാ മോന്‍? കഴിഞ്ഞ ദിവസം കേടതിക്ക് പോലും സംശയാമുണ്ടായി, മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജാണോ കേരളം ഭരിക്കുന്നതെന്ന്. സംസ്ഥാനത്തെ പൊലീസ് മേധാവി പോലും സലീം രാജിനെ ഭയക്കുന്നതെന്തിന്?. ചോദ്യം തികച്ചും ന്യായം. അല്ലെങ്കില്‍ പിന്നെ സലീം രാജിനെതിരെ പരാതി കൊടുത്തവര്‍ക്കെതിരെ എന്തിന് പൊലീസ് കേസെടുക്കണം?
മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജും ബന്ധുക്കളും ചേര്‍ന്ന് ഭൂമി തട്ടിയെടുത്തെന്ന കേസിലെ പരാതിക്കാരായ ഷെരീഫയ്ക്കും മക്കള്‍ നാസറിനും നൗഷാദിനുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സലീം രാജിന്റെ ബന്ധുവിന്റെ പരാതിയെ തുടര്‍ന്നാണ് കേസ്. ഷരീഫയും മക്കളും നല്‍കിയ പരാതിയിലെ കേസില്‍ സലീം രാജ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഈ കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പരാതിക്കാര്‍ തൃക്കാക്കര പൊലീസിന് മൊഴിനല്‍കിയിരുന്നുവത്രെ. സലീം രാജിന് ഭൂമി നല്‍കിയില്ലെങ്കില്‍ റവന്യു അതേറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭീഷണിപ്പെടുത്തിയെന്ന് നാട്ടുകാര്‍ പരാതി നല്‍കിയതായി റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത പുറത്തു വിട്ടു. ഇതിനു പിന്നാലെയാണത്രെ ഷരീഫയെയും മക്കളെയും പ്രതിച്ചേര്‍ത്ത് 1969 ല്‍ ഭൂമിയുമായി ബന്ധപ്പെട്ട് വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയതുകൊണ്ടാണ് തങ്ങള്‍ക്കെതിരെ കേസെടുക്കുന്നതെന്ന് നാസര്‍ ആരോപിച്ചു. ഇവരുടെ പരാതിയില്‍ സലീം രാജിനെ ഒഴിവാക്കി പൊലീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത് നേരത്തെ വിവാദമായിരുന്നു. സലീം രാജും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഷരീഫയ്ക്കും മക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications