ആരും പരാതിയും മൊഴിയും നല്‍കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കേസുകള്‍ അവസാനിപ്പിക്കാന്‍ പൊലീസ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുത്ത കേസുകള്‍ അവസാനിപ്പിക്കുന്നു. ആരും മൊഴി നല്‍കാന്‍ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് തീരുമാനം. ഹേമ കമ്മറ്റിക്ക് മുമ്പില്‍ മൊഴി നല്‍കിയവര്‍ അന്വേഷണ സംഘത്തിന് പരാതി നല്‍കാനോ മൊഴി നല്‍കാനോ തയ്യാറായിട്ടില്ല എന്നതിനാല്‍ തന്നെ കേസുമായി മുന്നോട്ട് പോകാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് പൊലീസ്.
കോടതി മുഖേന നോട്ടീസ് അയച്ചിട്ട് പോലും പരാതിക്കാരില്‍ ആരും മറുപടി നല്‍കിയിട്ടില്ല. പരാതിയില്ലാതെ കേസുമായി മുന്നോട്ട് പോകാന്‍ കഴിയില്ല എന്നാണ് പൊലീസ് പറയുന്നത്. ഇതോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുത്ത 35 കേസുകള്‍ എഴുതി തള്ളേണ്ടി വരും. അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തുടരുന്നതില്‍ തടസമില്ല.

കോടതി ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. ഈ പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും രൂപീകരിച്ചിരുന്നു. ലൈംഗിക അതിക്രമത്തെക്കുറിച്ചും തൊഴില്‍ ചൂഷണത്തെക്കുറിച്ചും വേതന പ്രശ്‌നത്തെക്കുറിച്ചും ഉള്‍പ്പെടെ ഹേമ കമ്മിറ്റിക്ക് മുന്‍പാകെ നിരവധി പേര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പലര്‍ക്കും ഇതില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല എന്നാണ് അറിയിച്ചത്.
അവസാനം കൊടുക്കുന്ന നോട്ടീസിനും മറുപടി നല്‍കിയില്ലങ്കില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി ഈ മാസം അവസാനം കോടതിയില്‍ അറിയിക്കാനാണ് പൊലീസിന്റെ നീക്കം. ആറ് വര്‍ഷം മുന്‍പ് പഠനാവശ്യത്തിനും സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്താനുമാണ് കമ്മിറ്റിയ്ക്ക് മുന്‍പില്‍ മൊഴി നല്‍കിയത് എന്നും അതിനെ കേസിലേക്കും മറ്റ് നിയമപ്രശ്‌നങ്ങളിലേക്കും വലിച്ചിഴയ്ക്കാന്‍ താത്പര്യപ്പെടുന്നില്ല എന്നുമാണ് ചിലര്‍ പറയുന്നത്.
കേസുകള്‍ അവസാനിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പൊലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ നടന്‍മാരായ മുകേഷ്, സിദ്ദിഖ്, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ക്കെതിരായ കേസുകളില്‍ കൃത്യമായി പരാതി ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഈ കേസുകളുമായി മുന്നോട്ടുപോകും എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അത്തരത്തിലുള്ള ഒമ്പത് കേസുകളില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്.
അവശേഷിക്കുന്നവയിലും ഈ മാസം തന്നെ കുറ്റപത്രം നല്‍കും എന്നാണ് വിവരം. നടിയെ ആക്രമിച്ച കേസിന് പിന്നാലെ ഡബ്ല്യുസിസി ആവശ്യപ്പെട്ടത് അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി ഹേമ കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിന് പിന്നാലെ സിനിമാ ലോകത്ത് കേസുകളുടെ പ്രളയമായിരുന്നു.
നേരിട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലും ആയിരുന്നു പൊലീസ് കേസെടുത്തിരുന്നത്.












Click it and Unblock the Notifications