പൊളിറ്റിക്കൽ ക്രിമിനലിസം, സ്വാർഥതാ ബോധം, ആദർശ പാപ്പരത്തം- ഇടത് പരാജയകാരണങ്ങൾ എണ്ണിപ്പറഞ്ഞ് ജി. സുധാകരൻ
ജനങ്ങൾ മുഴുവൻ വിഡ്ഢികളാണെന്ന് കരുതി ഒരുവിഭാഗത്തെ അടിച്ചമർത്തുകയും ചെറിയവിഭാഗത്തെ മാത്രം ചുറ്റുനിർത്തി പ്രോൽസാഹിപ്പിക്കുകയും കുറേപേരുടെ വകയാണ് ഭരണവും സിപിഎമ്മും എന്ന് കരുതുകയും ചെയ്തവർക്കുള്ള തിരിച്ചടിയായി മാറി ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് ജയിച്ച ജി. സുധാകരൻ. 'ജനം അകന്നതല്ല, പാർട്ടിയും നേതാക്കളും ജനങ്ങളിൽ നിന്ന് അകന്നതാണ് ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ കനത്ത തോൽവിക്ക് കാരണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എല്ലാതത്ത്വങ്ങളും മറന്ന് ഉത്തരവാദിത്ത ബോധമില്ലാതെ ഏതോവഴിയിലൂടെയാണ് നേതാക്കളുടെ സഞ്ചാരം. പാർട്ടിയിൽ പൊളിറ്റിക്കൽ ക്രിമിനലിസം വളർന്നു. അത്തരം ചിന്താഗതിയുള്ളവർ കൂടിയെന്ന കാര്യം ജനങ്ങൾ വ്യക്തമായി മനസ്സിലാക്കിയതാണ് തകർച്ചയുടെ മറ്റൊരു പ്രധാനകാരണം’- ഇടത് തകർച്ചയെ കുറിച്ചുള്ള ലേഖനത്തിൽ സുധാകരൻ ചൂണ്ടിക്കാട്ടി.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നശിപ്പിക്കുന്നവരുടെ ഒരുസെറ്റാണ് കേരളത്തിൽ പാർട്ടിയെ കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. ഇടതുപക്ഷം മുൻപും തോറ്റിട്ടുണ്ട്. പക്ഷേ അന്ന് തിരുത്താനുള്ള സന്നദ്ധതയുണ്ടായിരുന്നു. എന്നാൽ ഇനി ഒരുതിരിച്ചുവരവിനുള്ള വഴി കാണുന്നില്ല. ഇത്രയേറെ ദുർബലമായ ഘട്ടത്തിൽപോലും തിരിച്ചുവരുന്നതിനുള്ള സാധ്യതയും പ്രതികരണവുമല്ല ഇടതുനേതാക്കളിൽനിന്നുണ്ടാകുന്നത്. ആലപ്പുഴയിലും അമ്പലപ്പുഴയിലും സിപിഎം നേതൃത്വത്തിലെ വലിയൊരുവിഭാഗം പൊളിറ്റിക്കൽ ക്രിമിനലുകളാണ്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയാതെ വെറുതെ വ്യക്തിഹത്യയാണ് നടത്തിയത്. രാഷ്ട്രീയമില്ലാതെ വല്ലവരെയും ആക്ഷേപിക്കാൻ നടക്കുന്നവരെ ജനം വോട്ടുചെയ്യില്ല. ഇത് ഞങ്ങളുടെ രീതിയല്ലെന്ന് പറഞ്ഞുകൊടുക്കാൻ ആരും കേരളത്തിലില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

63വർഷം പ്രവർത്തിച്ച സിപിഎം അല്ലാതായപ്പോഴാണ് താൻ പാർട്ടി വിട്ടതെന്നും സുധാകരൻ പറഞ്ഞു. കൊടിയും ചിഹ്നവും അതിന്റെ സർവ്വാധികാരവും ഏറ്റെടുത്തിരിക്കുന്ന കുറച്ച് നേതാക്കളും മാത്രമാണ് ഇന്നാ പാർട്ടിയിലുള്ളത്. പാർട്ടിക്ക് സംഭവിക്കുന്നതെന്ത് എന്ന് പ്രത്യശാസ്ത്രപരമായി വിശകലനം ചെയ്യാൻ സിപിഎമ്മിൽ ആരുമില്ല. ആശയദാരിദ്യത്തിന്റെ പാരമ്യത്തിൽ നിൽക്കുന്ന സിപിഎമ്മിന്റെ ഭാവിയെക്കുറിച്ച് പറയാനില്ല. രാഷ്ട്രീയത്തിന്റെ പരമോന്നത ലക്ഷ്യം അധികാരമാണ്. അത് വ്യക്തിതാൽപര്യങ്ങൾ സംരക്ഷിക്കാനോ സ്വന്തക്കാരെ ഉന്നത സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാനോ ഉള്ള ഉപകരണമല്ല, മറിച്ച് ജനസേവനത്തിനുള്ള ഉപാധിയാണ്. ജനാധിപത്യത്തിൽ വിശാലബോധമാണ് ജനപിന്തുണയുടെ അടിസ്ഥാനം. പാർട്ടി നേതൃത്വത്തെ പിടികൂടിയ സ്വാർഥതാ ബോധം ഇനിയെങ്കിലും ഉപേക്ഷിക്കണമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
'ഭാര്യയോടും മകനോടും മരുമകളോടും മാത്രം തീരുമാനമറിയിച്ചാണ് ഞാൻ സ്വതന്ത്രസ്ഥാനാർഥിയായത്. ഒരു പോസ്റ്ററും അഭ്യർഥനയും മാത്രമാണുണ്ടായിരുന്നത്. പത്ത് ദിവസങ്ങൾക്കകം യുഡിഎഫ് പിന്തുണയുമായെത്തി. അവരുടെ സ്ഥാനാർഥിക്കുവേണ്ടി പ്രവർത്തിക്കുന്നതിനെക്കാൾ ഊർജ്ജത്തോടെ കോൺഗ്രസും ലീഗും പ്രവർത്തിച്ചു. കെ.സി. വേണുഗോപാൽ മുതൽ താഴെത്തട്ടിലുള്ളവർ വരെ കഷ്ടപ്പെട്ടു. എംഎൽഎയും മന്ത്രിയുമായിരിക്കേ ഞാൻ എന്തെല്ലാം ചെയ്തുവെന്നതും എങ്ങനെയായിരുന്നുവെന്നതും ജനം വിലയിരുത്തി. നല്ലത് ചെയ്തവരെ മാത്രമേ ജനങ്ങൾ ഓർമിക്കൂ. സീറ്റുകളല്ല ജനഹൃദയങ്ങളിലെ സ്ഥാനം തിരിച്ചുപിടിക്കുമ്പോഴാണ് ഒരു പ്രസ്ഥാനം ശക്തിവീണ്ടെടുക്കുക. നിലവിലെ നേതാക്കളെയും നിലപാടുകളും വെച്ച് സിപിഎമ്മിന് അതു സാധിക്കുക എന്നത് എളുപ്പമല്ല’- സുധാകരൻ എഴുതുന്നു.












Click it and Unblock the Notifications