രാഷ്ട്രീയത്തിൽ കൊല ചെയ്യപ്പെടുന്നത് അണികളിലെ പാവപ്പെട്ടവർ മാത്രമാണെന്ന് നടൻ മാമുക്കോയ
കണ്ണൂർ: രാഷ്ട്രീയത്തിൽ കൊല ചെയ്യപ്പെടുന്നത് അണികളിലെ പാവപ്പെട്ടവർ മാത്രമാണെന്നും ഇവിടെ നേതാവും കോടീശ്വരനും കൊല്ലപ്പെടാറില്ലെന്നും നടൻ മാമുക്കോയ. ഷുഹൈബ് വധത്തെ തുടർന്ന് അരുംകൊല രാഷ്ട്രീയ ഫാസിസത്തിനെതിരെ സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി കണ്ണൂരിൽ നടത്തിയ വാളല്ല എൻ സമരായുധം സാംസ്കാരിക പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാഷ്ട്രീയ പ്രവർത്തനത്തിന് എതിരു നിൽക്കുന്നവനെ കൊല്ലുന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പരാജയമാണ്. അതിനെ യഥാർത്ഥ രാഷ്ട്രീയം എന്ന് വിളിക്കാനാവില്ല. ഒരുതരം വിഷം കലർന്ന സ്പിരിറ്റാണത്. ഇവിടെ രാഷ്ട്രീയ എതിരാളികളെ ലിസ്റ്റിട്ട് പ്ലാൻ ചെയ്ത് വകവരുത്തുകയാണ് ചെയ്യുന്നത്. അഭിപ്രായവും അഭിപ്രായ വ്യത്യാസവും രാഷ്ട്രീയത്തിൽ സ്വാഭാവികമാണ്. എന്നാൽ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ആളുകളെ കൊല്ലാൻ നിന്നാൽ ഇതെവിടെ ചെന്ന് അവസാനിക്കുമെന്നും മാമുക്കോയ കൂട്ടിച്ചേർത്തു.
സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്മാരായ യുകെ കുമാരൻ, പി സുരേന്ദ്രൻ, കൽപ്പറ്റ നാരായണൻ, എൻ പി ഹാഫിസ് മുഹമ്മദ്, ബാലചന്ദ്രൻ വടക്കേടത്ത്, സാമൂഹ്യ വിമർശകരായ കെ വേണു, ഹമീദ് ചേന്ദമംഗലൂർ, പ്രൊഫ ബി മുഹമ്മദ് അഹമ്മദ് എന്നിവരും പ്രസംഗിച്ചു. ചിത്രകാരന്മാരുടെ നേതൃത്വത്തിൽ വരയുടെ പ്രതിരോധവും കവികളുടെ നേതൃത്വത്തിൽ കാവ്യപ്രതിരോധവും നടത്തി. രാത്രി മെഴുകുതിരി തെളിച്ച് പ്രതിഷേധവും നടന്നു.












Click it and Unblock the Notifications