വിവിധയിനം ആടുകളും കോഴികളും; മെഗാ എക്‌സിബിഷനില്‍ ശ്രദ്ധാകേന്ദ്രമായി മൃഗസംരക്ഷണ വകുപ്പ്
കണ്ണൂര്‍: മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പൊന്‍കതിര്‍ മെഗാ എക്‌സിബിഷനില്‍ വേറിട്ട കാഴ്ചകളും സേവനങ്ങളുമായി മൃഗസംരക്ഷണ വകുപ്പും. വിവിധയിനം കോഴികളെയും ആടുകളെയും ഉള്‍പ്പെടുത്തി മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച പ്രദര്‍ശനം എക്‌സിബിഷനില്‍ ശ്രദ്ധാകേന്ദ്രമായി. മുണ്ടയാട് കോഴി വളര്‍ത്തല്‍ കേന്ദ്രം, ഗവ: ഗോട്ട്ഫാം കൊമ്മേരി, പ്രജനന നിയന്ത്രണ കേന്ദ്രം എന്നിവയുടെ എക്‌സിബിഷനാണ് ഒരുക്കിയിട്ടുള്ളത്.

കേവലമൊരു പ്രദര്‍ശനം മാത്രമല്ല വകുപ്പ് ലക്ഷ്യം വെക്കുന്നത്. ആവശ്യക്കാര്‍ക്കായി കോഴി, കോഴിമുട്ട, കോഴിവളം, ആട്ടിന്‍വളം തുടങ്ങിയവയുടെ വില്‍പനയും ഒരുക്കിയിട്ടുണ്ട്. ഗ്രാമശ്രീ വിഭാഗത്തില്‍ പെട്ട കോഴികളാണ് വില്‍പനക്കായി തയ്യാറാക്കിയിട്ടുള്ളത്. 60 ദിവസം പ്രായമായ കോഴിക്ക് 100 രൂപയാണ് വില. അതോടൊപ്പം നേക്കഡ് നെക്ക്, ലഗൂണ്‍, അസീല്‍, റോഡ് ഐലന്‍ഡ് റെഡ് തുടങ്ങിയ വിഭാഗത്തിലുള്ള കോഴികളെയും പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഇവിടെ രജിസ്റ്റര്‍ ചെയ്യാനും സൗകര്യമുണ്ട്. നാണ്യവിളകള്‍, പച്ചക്കറി, പുഷ്പ സസ്യങ്ങള്‍ എന്നിവയ്ക്ക് ഒരുപോലെ അനുയോജ്യമായ ആട്ടിന്‍ വളം പൊടിച്ചതും വില്‍പനക്കായി സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ഒരു കിലോയ്ക്ക് 20 രൂപയാണിതിന്റെ വില. ഇതോടൊപ്പം തീറ്റപ്പുല്‍ വിത്തും ഇവിടെ വില്‍പ്പനക്കായി എത്തിച്ചിട്ടുണ്ട്. കോഴികളെയും മറ്റും ആവശ്യമുള്ളവര്‍ക്ക് 9633615878 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ഇതിനു പുറമേ മൃഗസംരക്ഷണ മേഖലയില്‍ കേരളസര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള വിവിധ സേവനങ്ങളുടെയും പദ്ധതികളുടെയും സമ്പൂര്‍ണ്ണ വിവരങ്ങളും നല്‍കിയിട്ടുണ്ട്. മാതൃകാ മൃഗസംരക്ഷണ ഗ്രാമം, മുട്ടക്കോഴിയും കൂടും പദ്ധതി (ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി), കന്നുകുട്ടി പരിപാലന പദ്ധതി തുടങ്ങിയവ ഇതില്‍പ്പെടുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഭ്രൂണാവസ്ഥ മുതലുള്ള പശുവിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചത് വേറിട്ട കാഴ്ചയായി. ആട്ടിന്‍കുട്ടിയുടെ ഭ്രൂണവും പ്രദര്‍നത്തിനുണ്ട്.
പ്രജനന നിയന്ത്രണ കേന്ദ്രത്തിന്റെ പ്രദര്‍ശനമാണ് സ്റ്റാളിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. തെരുവുനായ്ക്കളുടെ ശല്യമില്ലാതാക്കുന്നതിന് വേണ്ട മുന്‍കരുതലുകള്‍ എന്ന വിഷയത്തെ സംബന്ധിച്ചുള്ള ബോധവല്‍ക്കരണവും സ്റ്റാളില്‍ നിന്ന് ലഭിക്കുന്നു. ഒന്നോ രണ്ടോ തെരുവുനായ്ക്കളെ കൊല്ലുന്നതിലൂടെ ഇവയുടെ ശല്യം ഇല്ലാതാക്കാനാവില്ലെന്നും അവ പെറ്റുപെരുകുന്നത് തടയുകയാണ് വേണ്ടതെന്നും ആനിമല്‍ ബര്‍ത്ത്് കണ്‍ട്രോള്‍ പ്രൊജക്റ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. വിനോദ് പറയുന്നു.
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ നാലാംദിവസമായ തിങ്കളാഴ്ച 'കണ്ണൂര്‍ വിമാനത്താവളം- വികസന സാധ്യതയുടെ ആകാശം' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകീട്ട് നാലിന് ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സെമിനാര്‍ ഇ.പി ജയരാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കിയാല്‍ എം.ഡി എസ് തുളസീദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിക്കും. വൈകീട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക സായാഹ്നം പൊന്‍കതിര്‍ വേദിയില്‍ ആലങ്കോട് ലീലാ കൃഷ്്ണന്‍ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂര്‍ മുരളി അധ്യക്ഷത വഹിക്കും. ഏഴ് മണിക്ക് 'വെയില്‍' നാടകം.
കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശാലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി.












Click it and Unblock the Notifications