കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലിനീകരണവുമില്ല, ചെലവും കുറവ്; താരമായി വൈദ്യുത കാര്‍

  • By Desk
Google Oneindia Malayalam News

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള 'പൊന്‍കതിര്‍' പ്രദര്‍ശനമേളയില്‍ താരമായി വൈദ്യുത കാര്‍. സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡാണ് ജനങ്ങള്‍ക്ക് അത്ര പരിചിതമല്ലാത്ത വൈദ്യുത കാര്‍ പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചത്. പ്രദര്‍ശനത്തിലെ കെ.എസ്.ഇ.ബി സ്റ്റാളിനു പുറത്താണ് കാര്‍ പ്രദര്‍ശനത്തിനു വെച്ചത്.

ഇന്ത്യന്‍ വാഹന നിര്‍മാണ കമ്പനിയായ മഹീന്ദ്രയുടെ വൈദ്യുത കാറുകള്‍ നിര്‍മ്മിക്കുന്ന യൂണിറ്റായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡാണ് ഇ.ടു.ഒ എന്ന കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ കൊണ്ടുള്ള അന്തരീക്ഷ മലിനീകരണവും വാഹനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള ശബ്ദമലിനീകരണവും കുറയ്ക്കാനായി വൈദ്യുതിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മഹീന്ദ്രയുടെ വൈദ്യുത കാറിന് കെ.എസ്.ഇ.ബി പിന്തുണ നല്‍കുന്നത്.

cpm

പ്രവര്‍ത്തിക്കുമ്പോള്‍ ശബ്ദം തീരെ ഉണ്ടാകുന്നില്ല എന്നതാണ് ഇ2ഒയുടെ പ്രത്യേകത. നാലുപേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന കാര്‍ ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ ദൂരം ഓടും. കാറിന്റെ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ ആറുമണിക്കൂറാണ് വേണ്ടത്. കാറുകള്‍ വീടുകളില്‍ നിന്നു തന്നെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെങ്കിലും പൊതു ഇടങ്ങളില്‍ കാറുകള്‍ റീച്ചാര്‍ജ് ചെയ്യാനുള്ള ചാര്‍ജിംഗ് ബൂത്തുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ബോര്‍ഡ്.

നിലവില്‍ ആറ് വൈദ്യുത കാറുകളാണ് വി കെ.എസ്.ഇ.ബി വാങ്ങിയിട്ടുള്ളത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലായി രണ്ടു വീതം കാറുകള്‍ ഉണ്ട്. പെട്രോള്‍ പമ്പിന്റെ മാതൃകയില്‍ ചാര്‍ജിംഗ് ബൂത്തുകള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ വൈദ്യുത കാറുകള്‍ വാങ്ങുകയും ഇവ കുറഞ്ഞ വാടകയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും.

വൈദ്യുത കാറിന് പുറമെ പഴശ്ശി വൈദ്യുത പദ്ധതിയുടെ നിശ്ചലമാതൃക, 110 കെ.വി. സബ് സ്റ്റേഷന്റെ പ്രവര്‍ത്തന മാതൃക എന്നിവയും പ്രദര്‍ശന മേളയില്‍ വൈദ്യുത വകുപ്പ് ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓരോദിവസവും സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കുന്ന വൈദ്യുതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെ ശരിയുത്തരം നല്‍കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനവും നല്‍കുന്നുണ്ട്. കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. പൊന്‍കതിര്‍ വേദിയില്‍ ഇന്ന് വൈകീട്ട് 7 മണിക്ക് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി അവതരിപ്പിക്കുന്ന ഇശലിരമ്പം മാപ്പിളപ്പാട്ട് മെഗാഷോ അരങ്ങേറും.

English summary
Electric car exhibited by KSEB becomes star in Ponkathir exhibition held as part of State-level second anniversary celebrations of the Kerala state ministry at collectorate ground Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X