പൂജ ബംബര്‍ ലോട്ടറി യഥാര്‍ഥ ഭാഗ്യശാലി ഇതാണ്; 117 കോടിയില്‍ നിന്ന് എല്ലാം കൊടുത്തു തീര്‍ക്കും
തിരുവനന്തപുരം: പൂജ ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ജെഡി 545542 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. എന്നാല്‍ ബംബറടിച്ച വ്യക്തിക്ക് 12 കോടിയും കിട്ടില്ല. നികുതിയും സര്‍ചാര്‍ജുമെല്ലാം കിഴിച്ചുള്ള സംഖ്യയാണ് ബാങ്ക് അക്കൗണ്ടിലെത്തുക. ഇതിന് ആഴ്ചകള്‍ വേണ്ടി വന്നേക്കും. എങ്കിലും എല്ലാ കിഴിവും കഴിഞ്ഞാലും 6 കോടിയില്‍ അധികം രൂപ കൈയ്യിലെത്തും.
ആറ് കോടി കിട്ടിയെന്ന് കരുതി ധൂര്‍ത്തടിച്ചാല്‍ കുടുങ്ങും. കാരണം അടുത്ത വര്‍ഷമാണ് ഇതിന്റെ ആദായ നികുതി ഒടുക്കേണ്ടി വരിക. കിട്ടിയ ഉടനെ പണം ചെലവാക്കിയലരെല്ലാം പെട്ടുപോയ കഥകള്‍ നിരവധിയാണ്. ബോധവല്‍ക്കരണം നടത്താന്‍ സംസ്ഥാന ഭാഹ്യക്കുറി വകുപ്പ് തന്നെ മുന്‍കൈ എടുക്കാറുണ്ട്. എന്നാല്‍ യഥാര്‍ഥ ബംബറിടിച്ചത് ഒന്നാം സമ്മാനം കിട്ടിയ വ്യക്തിക്കല്ല.

യഥാര്‍ഥ ബംബര്‍ അടിച്ചത് സംസ്ഥാന സര്‍ക്കാരിനാണ്. 300 രൂപയുടെ 40 ലക്ഷത്തോളം പൂജ ബംബര്‍ ലോട്ടറികളാണ് വിറ്റുപോയത്. ഈ വകയില്‍ തന്നെ 117 കോടി രൂപ സര്‍ക്കാരിന്റെ കൈയ്യിലെത്തും. അച്ചടി കൂലി, ഭരണപരമായ ചെലവുകള്‍, സമ്മാനത്തുകകള്‍, ഏജന്‍സി കമ്മീഷന്‍ എന്നീ ഇനത്തിലുള്ള ചെലവ് കഴിഞ്ഞുള്ള തുകയാണ് സര്‍ക്കാരിന് കിട്ടുക. നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിനും അല്‍പ്പം കോടികള്‍ ലഭിക്കും.
ലോട്ടറി വിറ്റ സ്ഥാപനത്തിന് 10 ശതമാനമാണ് കമ്മീഷന്‍. അതായത്, 1.2 കോടി രൂപ. ഫ്‌ളാറ്റ് നികുതി 30 ശതമാനം, 37 ശതമാനം സര്‍ചാര്‍ജ്, വിദ്യാഭ്യാസ ആരോഗ്യ സെസ് എന്നിവയെല്ലാം കഴിച്ചുള്ള തുകയാണ് സമ്മാന അര്‍ഹന് ലഭിക്കുക. അടുത്ത വര്‍ഷം ആദായ നികുതിയും കൊടുക്കേണ്ടി വരും. എങ്കിലും 300 രൂപ കൊടുത്ത് ആറ് കോടി കിട്ടുക എന്നത് ഒന്നാം സമ്മാനം നേടിയ വ്യക്തിക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്.
പൂജ ബംബര്‍ 12 കോടി അടിച്ചത് പാലക്കാട്
പാലക്കാട് വിറ്റ ടിക്കറ്റിനാണ് പൂജ ബംബര്‍ ഒന്നാം സമ്മാനം ലഭിച്ചത്. കിങ്‌സ്റ്റാര്‍ ഏജന്‍സിയിലെ എസ് സുരേഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഓരോ കോടി രൂപ വീതമാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം പത്തുപേര്‍ക്കാണ്. കൂടുതല്‍ സമ്മാനങ്ങള്‍ നല്‍കുന്നതു കൊണ്ടുതന്നെയാണ് ഇത്തവണ പൂജ ബംബര്‍ ലോട്ടറി റെക്കോര്‍ഡ് എണ്ണത്തില്‍ വിറ്റുപോയത്.
ലോട്ടറി വിറ്റ വ്യക്തിക്ക് 1.2 കോടി രൂപ കിട്ടുമെന്നതാണ് എടുത്തു പറയേണ്ട കാര്യം. സാധാരണ ബംബര്‍ സമ്മാനം കിട്ടുന്നവര്‍ പരസ്യമായി രംഗത്തുവരാറില്ല. നേരിട്ട് ബാങ്കിലെത്തി ടിക്കറ്റ് കൈമാറുകയാണ് ചെയ്യുക. കഴിഞ്ഞ ഓണം ബംബര്‍ എറണാകുളം നെട്ടൂരില്‍ വിറ്റ ടിക്കറ്റിനായിരുന്നു അടിച്ചത്. 25 കോടിയുടെ ഭാഗ്യവാന്‍ ആലപ്പുഴ സ്വദേശിയായിരുന്നു. അദ്ദേഹം എസ്ബിഐ ബാങ്കിലെത്തി ടിക്കറ്റ് കൈമാറിയപ്പോഴാണ് ഭാഗ്യവാനെ പുറംലോകം അറിഞ്ഞത്.
പാലക്കാട് വിറ്റ ടിക്കറ്റായതിനാല്‍ ഭാഗ്യവാന്‍ സംസ്ഥാനത്തിന് അപ്പുറത്താണോ എന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. നേരത്തെ പാലക്കാട് വിറ്റ ബംബര്‍ അടിച്ചത് തമിഴ്‌നാട്ടിലെ നാലു പേര്‍ ചേര്‍ന്ന് എടുത്ത ടിക്കറ്റിനായിരുന്നു.












Click it and Unblock the Notifications