പൂജവെപ്പിന് അവധി അഞ്ച് ദിവസം? സര്‍ക്കാരിന് മുന്നില്‍ ആവശ്യവുമായി ബിജെവിഎസ്
സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള അവധിയില്‍ വ്യക്തത വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഭാരതീയ ജ്യോതിഷ വിചാര സംഘം (ബിജെവിഎസ്-ബിഎംഎസ്). നവരാത്രിയിലെ പുസ്തക പൂജവെപ്പ് പ്രമാണിച്ച് ഒക്ടോബര്‍ 19ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്നാണ് ഭാരതീയ ജ്യോതിഷ വിചാര സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വിഡി സതീശനും പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനും ഭാരതീയ ജ്യോതിഷ വിചാര സംഘം നിവേദനം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷത്തെ പൂജവെപ്പ് ഒക്ടോബര്‍ 18 ന് വൈകുന്നേരമാണ് നടക്കുന്നത്. അഷ്ടമിതിഥി ഒക്ടോബര്‍ 19 ന് ഉച്ചയോടെ അവസാനിക്കും. മാത്രമല്ല 19 ന് വൈകുന്നേരം അഷ്ടമിതിഥി ഇല്ല. അതിനാലാണ് ഗ്രന്ഥങ്ങള്‍ 18 ന് വൈകിട്ട് പൂജയ്ക്ക് വെക്കുന്നത് എന്ന് ബി ജെ വി എസ് പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ ഒക്ടോബര്‍ 18 ന് വൈകിട്ട് പൂജവെപ്പ് നടത്തിയ ശേഷം പിറ്റേന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളും അധ്യാപകരും എത്തേണ്ട സാഹചര്യമുണ്ടാകും. അതിനാലാണ് 19 ന് കൂടി അവധി അനുവദിക്കണം എന്ന ആവശ്യം സംഘടന മുന്നോട്ടുവയ്ക്കുന്നത്. ഒക്ടോബര്‍ 19 തിങ്കളാഴ്ച അഷ്ടമിയും ഒക്ടോബര്‍ 20 ചൊവ്വാഴ്ച നവമിയും ആചരിച്ച ശേഷം ഒക്ടോബര്‍ 21 ബുധനാഴ്ചയാണ് വിജയദശമി ദിനത്തിലെ പൂജയെടുപ്പ് നടക്കുക.
കേരള സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടറിലും ഒക്ടോബര്‍ 18 ന് പൂജവെപ്പ്, 19 ന് ദുര്‍ഗാഷ്ടമി, 20 ന് മഹാനവമി ആയുധപൂജ, 21 ന് വിജയദശമി പൂജയെടുപ്പ് എന്ന ക്രമം രേഖപ്പെടുത്തിയിട്ടുണ്ട്. പൂജവെപ്പ് ഒക്ടോബര്‍ 18 ന് വൈകുന്നേരം നടക്കുന്നതിനാല്‍ 19 ന് അവധി നല്‍കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നല്ലതായിരിക്കുമെന്നാണ് ഭാരതീയ ജ്യോതിഷ വിചാര സംഘം പറയുന്നത്.
സംഘടന സംസ്ഥാന പ്രസിഡന്റ് ഡോ. എം. സുധീഷ് പണിക്കരും സംസ്ഥാന ജനറല്‍ സെക്രട്ടറി കുടജാദ്രി മഠം രാജാ ജെ. അയ്യരും ഇത് സംബന്ധിച്ച പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. അതേസമയം അവധി സംബന്ധിച്ച് സര്‍ക്കാര്‍ നിലവില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ല. പൂജവെപ്പ് കഴിഞ്ഞ് അടുത്ത ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മറ്റ് സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.
ആവശ്യം അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഇത്തവണ നവരാത്രിയോട് അനുബന്ധിച്ച് അഞ്ച് ദിവസം അവധി ലഭിക്കും. ഒക്ടോബര്‍ 17 ന് ശനിയാഴ്ചയാണ്. ഞായറാഴ്ചയാണ് പൂജവെയ്പ്പ്. ഒക്ടോബര്‍ 19 തിങ്കളാഴ്ച കൂടി അവധി പ്രഖ്യാപിച്ചാല്‍ പിന്നീട് ഒക്ടോബര്‍ 22 വ്യാഴാഴ്ചയെ സ്‌കൂള്‍ തുറക്കൂ.


Click it and Unblock the Notifications
