പൂജ നടത്തിയത് അരിക്കൊമ്പന്റെ ആരോഗ്യത്തിന്; വിവാദമാക്കേണ്ടെന്ന് മന്ത്രി
ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് മയക്ക് വെടിവെച്ച് പിടിച്ച അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി വനം വകുപ്പിന്റെ വക പൂജ. അരികൊമ്പനെയും വഹിച്ചുള്ള വാഹനം വന്യ ജീവി സങ്കേതത്തിന്റെ കവാടത്തിലെത്തിയപ്പോഴായിരുന്നു രാത്രിയില്‍ പൂജ നടത്തിയത്. അതേസമയം ജനങ്ങളുടെ വിശ്വാസങ്ങള്‍ കണക്കിലെടുത്താണ് പൂജ നടപടികള്‍ എന്നാണ് വനം വകുപ്പ് നല്‍കുന്ന വിശദീകരണം.
എന്നാല്‍ ഇതിന് മുമ്പ് മറ്റു മൃഗങ്ങളെ കൊണ്ട് വന്നപ്പോഴൊന്നും ഇത്തരത്തില്‍ പൂജ കര്‍മ്മങ്ങള്‍ നടത്തിയിരുന്നില്ല എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ആരുടെ നിര്‍ദേശ പ്രകാരമാണ് പൂജ നടത്തിയത് എന്ന് വനം വകുപ്പ് വിശദീകരിച്ചിട്ടില്ല. അതിനിടെ അരിക്കൊമ്പനെ സ്വീകരിക്കാന്‍ പൂജ നടത്തിയത് വിവാദമാക്കേണ്ട കാര്യമില്ല എന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ട് എന്നും അതൊന്നും ചര്‍ച്ചയാക്കേണ്ട ആവശ്യമില്ലെന്നും ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയത് എന്നാണ് മനസിലാക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. പെരിയാര്‍ ടൈഗര്‍ റിസര്‍വിന് മുന്നില്‍ ആണ് പൂജ നടത്തിയത്. എന്നാല്‍ ഇതൊന്നും വിവാദം ആക്കേണ്ട കാര്യമില്ലെന്നാണ് മന്ത്രി പറഞ്ഞത്.
അതേസമയം അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ് എന്നും കൃത്യമായ നിരീക്ഷണം തുടരുമെന്നും മന്ത്രി അറിയിച്ചു. ഇപ്പോള്‍ പെരിയാര്‍ സങ്കേതത്തിലാണ് അരിക്കൊമ്പനുള്ളത്. ജനവാസ കേന്ദ്രത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ആനയുള്ളത്. മൂന്നാര്‍ ഡിഎഫ്ഒയോട് സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയോടെ തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെ ആണ് അരിക്കൊമ്പനെ കൊണ്ടുപോയത്.
Astro Tips: ചിങ്ങം രാശിയിലെ സ്ത്രീകളാണോ...? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയാകും
ഗേറ്റിനു മുന്നില്‍ പൂജാകര്‍മങ്ങളോടെ ആണ് അരിക്കൊമ്പനെ വരവേറ്റിരുന്നത്. ഇത് വലിയ വിവാദമായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടിയത്. ഒന്നിലധികം തവണ വെടിവെച്ചതിന് ശേഷമാണ് ആനയെ പിടിച്ച് കെട്ടാനായത്. ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ പേടിസ്വപ്നമായിരുന്നു അരിക്കൊമ്പന്‍.
അരി തിന്നാനായി വീടും കടകളും പൊളിച്ചതോടെയാണ് അരിക്കൊമ്പന്‍ എന്ന പേര് വീണത്. അരിക്കൊമ്പന്‍ 12 പേരെ കൊന്നിട്ടുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ വനം വകുപ്പിന്റെ കണക്ക് പ്രകാരം ഏഴ് പേരെയാണ് അരിക്കൊമ്പന്‍ കൊന്നിട്ടുള്ളത്. ഒരു വര്‍ഷത്തിനിടയില്‍ ഒമ്പതുതവണയാണ് പന്നിയാര്‍ എസ്റ്റേറ്റിലെ ആന്റണിയുടെ റേഷന്‍കട അരിക്കൊമ്പന്‍ തകര്‍ത്തത്. 35 വയസ് പ്രായമുണ്ട് അരിക്കൊമ്പന് എന്നാണ് കണക്ക്.












Click it and Unblock the Notifications