കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂതാടി ഗ്രാമപഞ്ചായത്തില്‍ ഇടതുഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പൂതാടി ഗ്രാമപഞ്ചായത്തിലെ സമസ്തമേഖലയിലും പിന്നോട്ട് നയിച്ച പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നും അല്ലാത്തപക്ഷം അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കുമെന്നും കോണ്‍ഗ്രസ് പ്രതിപക്ഷാംഗങ്ങള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ്, ലൈഫ് പദ്ധതികള്‍ അവതാളത്തിലാണ്. ഈ ഭരണസമിതി അധികാരത്തില്‍ വന്നതിന് ശേഷം 2017-18-ല്‍ ആറു കോടിയിലധികം രൂപ തൊഴിലുറപ്പ് മേഖലയില്‍ ചിലവഴിച്ചപ്പോള്‍ 40 ശതമാനം തുകയായ 2.40 കോടി രൂപയുടെ മെറ്റീരിയല്‍ പ്രവൃത്തി നടത്താമെന്നിരിക്കെ നാളിതുവരെ ഒരു രൂപയുടെ പോലും പ്രവൃത്തി ടെണ്ടര്‍ ചെയ്യാനോ നടപ്പിലാക്കാനോ ശ്രമിച്ചിട്ടില്ല.

ഒട്ടേറെ നടപ്പാതകളും ഗ്രാമീണറോഡുകളും കോണ്‍ക്രീറ്റ് ചെയ്യാമായിരുന്ന പദ്ധതി ഭരണകക്ഷിയുടെ കെടുകാര്യസ്ഥത മൂലമാണ് നഷ്ടമായത്. ഇതിലൂടെ ആയിരക്കണക്കിന് തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ടു. 2018-19 വര്‍ഷത്തെ തൊഴിലുറപ്പ് മേഖലയില്‍ ഒട്ടേറെ പഞ്ചായത്തുകള്‍ 40 ദിവസം വരെ പണി നല്‍കിയപ്പോള്‍ ഇവിടെ ഒറ്റദിവസത്തെ പണി പോലും നല്‍കാന്‍ കഴിയാത്തത് ക്രൂരതയാണ്. 150 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുമെന്ന് വീമ്പ് പറഞ്ഞവര്‍ തൊഴിലാളികളോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലൈഫ് പദ്ധതിയില്‍ 763 ഗുണഭോക്താക്കളെ പുതിയ വീടിനായി തിരഞ്ഞെടുത്തത് ഒട്ടേറെ കടമ്പകള്‍ കടന്നാണ്. ഒരു വീടിന് നാല് മുതല്‍ ആറ് ലക്ഷം വരെ നല്‍കേണ്ട പദ്ധതിയില്‍ ഒറ്റ വീട് പോലും നാളിതുവരെ എഗ്രിമെന്റ് വെച്ച് പ്രവൃത്തി ആരംഭിച്ചിട്ടില്ല.

congress

24,97,40000 രൂപ ചിലവ് വരുന്ന പദ്ധതിക്ക് പഞ്ചായത്തിന്റെ കൈയ്യിലുള്ളത് 81 ലക്ഷം രൂപ മാത്രമാണ്. വീടില്ലാത്ത ആയിരത്തോളം ഗുണഭോക്താക്കളെ വഴിയാധാരമാക്കുന്ന പദ്ധതി ഇടതുപക്ഷത്തിന്റെ ദിവാസ്വപ്നം മാത്രമാണ്. യഥാര്‍ത്ഥ ബോധത്തോടെ പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്ത ഭരണകക്ഷിക്കെതിരെ ജനം സമരത്തിനൊരുങ്ങുകയാണെന്നും പത്രസമ്മേളനത്തില്‍ പി എം സുധാകരന്‍, വി ആര്‍ പുഷ്പന്‍, ജോര്‍ജ് പുല്‍പ്പാറ, ഉണ്ണികൃഷ്ണന്‍, മേഴ്‌സി സാബു, പ്രിയമുരളീധരന്‍, ലതാ മുകുന്ദന്‍, ബിന്ദു സജീവ് എന്നിവര്‍ പറഞ്ഞു.

പൂതാടി ഗ്രാമപഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് സി പി എം രണ്ടര വര്‍ഷക്കാലം ഭരിച്ചത്. എല്‍ ഡി എഫ്-10, യു ഡി എഫ്-8, ബി ജെ പി-4 എന്നിങ്ങനെയാണ് പൂതാടി ഗ്രാമപഞ്ചായത്തിലെ കക്ഷിനില. അതേസമയം, ബി ജെ പിയെ കൂട്ടുപിടിച്ച് ഇടതുഭരണത്തെ അട്ടിമറിക്കുന്നതില്‍ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിന് എതിര്‍പ്പുള്ളതായും സൂചനയുണ്ട്.

English summary
Congress in poothady grama panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X