പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: ചോദ്യങ്ങളുടെ കുരുക്കഴിച്ച് പോലീസ്, നാല് പേർ നാല് മുറികളിൽ!!
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് നാല് വ്യത്യസ്ഥ മുറികളിലിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. നാലുമണിയോടെ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വീഡിയോ കോൺഫറൻസ് മുഖേനയാണ് കോടതിയിൽ ഹാജരാക്കുന്നത്. മക്കൾ പിടിയിലായതിന് പിന്നാലെയാണ് റോയ് ഡാനിയേലും ഭാര്യയും പത്തനംതിട്ട എസ്പി ഓഫീസിലെത്തി കീഴടങ്ങുന്നത്.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: മുഖ്യപങ്ക് റോയിയുടെ മക്കൾക്ക്, കമ്പനികൾ രൂപീകരിച്ച് പണം തട്ടി!!

മൊഴികളിൽ വൈരുധ്യം?
പോപ്പുലർ ഫിനാൻസിലെ തട്ടിപ്പ് പുറത്തുവന്നതോടെ നാല് പേരെയും വെവ്വേറെ മുറികളിൽ ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. മൊഴികളിൽ എന്തെങ്കിലും തരത്തിലുള്ള വൈരുധ്യമുണ്ടോ എന്നറിയുന്നതിനായി ഒരേ ചോദ്യങ്ങളാണ് ചോദിക്കുന്നത്. തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിന് പുറമേ വിദേശ രാജ്യങ്ങൾക്ക് ഇവർക്കുള്ള നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങളും ചോദിച്ചറിയുന്നുണ്ട്. എൽഎൽപി കമ്പനികൾ, റോയ് ഡാനിയേലിന്റെ കുടുംബത്തിന്റെ പക്കൽ എത്ര പണമുണ്ട് എന്നിങ്ങനെയുള്ള വിവരങ്ങളും പോലീസ് സംഘം ചോദിച്ചറിയുന്നുണ്ട്. നിക്ഷേപകരിൽ നിന്ന് ഈടായി ലഭിച്ചിട്ടുള്ള സ്വർണ്ണത്തിന്റെ കണക്കും പോലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്.

1500 കോടിയുടെ നിക്ഷേപം
1500 കോടി രൂപ തങ്ങൾക്ക് ഇതുവരെ നിക്ഷേപമുള്ളതായി റോയ് ഡാനിയേലിന്റെ ഭാര്യ പ്രഭാ തോമസ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പോപ്പുലർ ഫിനാൻസിന്റെ നിക്ഷേപകരുടെ പണം മൂന്ന് ബാങ്ക് അക്കൌണ്ടുകളിലേക്കായാണ് മാറ്റിയിട്ടുള്ളതെന്നും ഇവർ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. റോയ്- പ്രഭ ദമ്പതികളുടെ മക്കളായ റീനു, റിയ എന്നിവരാണ് സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യം പത്തംതിട്ട പോലീസ് മേധാവി
കെ ജി സൈമണും വ്യക്തമാക്കിയിരുന്നു.

വിദേശത്ത് കോടികളുടെ നിക്ഷേപം
പോപ്പുലർ ഫിനാൻസിലെ നിക്ഷേപകരുടെ പണം കൊണ്ട് റോയ് ഡാനിയേലിന്റെ മക്കൾ ആസ്ട്രേലിയ ഉൾപ്പെടെ വിവിധ വിദേശ രാജ്യങ്ങളിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ട്. പോപ്പുലർ ഫിനാൻസിന്റെ മറവിൽ ഇവർ നിരവധി എൽഎൽപി കമ്പനികൾ തുടങ്ങിയിരുന്നു. ഇവയിൽ പലതും പേപ്പർ കമ്പനികളാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു. സംഘത്തിന്റെ വിദേശ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ലഭിച്ചതോടെ കേസ് അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. വിദേശ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ കേരള പോലീസിന് ഇതോടെ ലഭിക്കുകയും ചെയ്യും. ഇതിന് പുറമേ രണ്ട് കോടി വിലവരുന്ന ഭൂമിയും ആന്ധ്രയിൽ അടുത്തിടെ വാങ്ങിയിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തി
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റോയ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ് എന്നിവർക്ക് പുറമേ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച റിനു, റിയ എന്നിവരുടെയും അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിനായി ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 25 അംഗ സംഘത്തെയാണ് സർക്കാർ നിയോഗിച്ചിട്ടുള്ളത്. കേസിൽ അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ടാണ് റോയ് ഡാനിയലും പ്രഭയും പത്തനംതിട്ട എസ്പി ഓഫീസിലെത്തി കീഴടങ്ങുന്നത്. വകയാറിലെ പോപ്പുലർ ഫിനാൻസിന്റെ ആസ്ഥാനം അടച്ചിട്ടതിന് പിന്നാലെ ഇരുവരും കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.

നിർണായക പങ്ക്
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അറസ്റ്റിലായ പ്രതികളെ പോലീസ് ശനിയാഴ്ച ചോദ്യം ചെയ്തത്. രാത്രി ഏറെ വൈകിയും ഇത് തുടരുകയും ചെയ്തിരുന്നു. പിന്നീട് റോയ് ഡാനിയേലിനെ അടൂരിലുള്ള ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പ്രഭ തോമസ്, റിയ, റിനു എന്നിവരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്കും മാറ്റിയിരുന്നു. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് എന്നീ വകുപ്പുകളാണ് കേസിൽ പ്രതികൾക്കെതിരെ ചുമത്തുക.
പോപ്പുലർ ഫിനാൻസ് എംഡി തോമസ് ഡാനിയേൽ, മാനേജിംഗ് പാർട്ണറായ പ്രഭാ തോമസ്, മക്കൾ റീനു, റിയ എന്നിവർ ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. പോപ്പുലർ ഫിനാൻസിൽ നിക്ഷേപകർ നിക്ഷേപിച്ചിട്ടുള്ള പണം റിനു, റിയ എന്നിവർ ചേർന്ന് വിദേശത്ത് നിക്ഷേപിച്ചെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.