ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ശരിയായ പരിഹാരമല്ല: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: മുസ്‌ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ അനുപാതം പുനഃക്രമീകരിക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തിൽ പ്രതികരിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. മന്ത്രിസഭായോഗത്തിന്റെ തീരുമാനം ശരിയായ പരിഹാരമല്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താർ ചൂണ്ടിക്കാണിക്കുന്നത്.

കേരള ഹൈക്കോടതിയുടെ വിധി പ്രകാരം 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്നാണ് കേരള മന്ത്രിസഭ സ്വീകരിച്ചിട്ടുള്ള തീരുമാനം. നേരത്തെ പ്രാബല്യത്തിലുണ്ടായിരുന്ന 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തിട്ടുള്ളത്.

എല്ലാ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർക്കും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കണമെന്ന നിലപാടാണ് പോപ്പുലർ ഫ്രണ്ടിനുള്ളത്. അതേ സമയം മുസ്‌ലിങ്ങൾക്കിടയിലെ പിന്നാക്കവസ്ഥ സംബന്ധിച്ച് കൃത്യമായ പഠനം നടത്തിയ ശേഷം അതു പരിഹരിക്കുന്നതിനായി കൊണ്ടുവന്ന പദ്ധതി സര്‍ക്കാര്‍ ഇപ്പോള്‍ അട്ടിമറിച്ചിരിക്കുകയാണെന്നും പോപ്പുലർ ഫ്രണ്ട് ചൂണ്ടിക്കാണിക്കുന്നു. സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ കണക്കിലെടുത്ത് തുടര്‍ന്ന് സംസ്ഥാനത്ത് പൂര്‍ണമായും മുസ്ലിം വിഭാഗത്തിനായി അനുവദിച്ച പദ്ധതിയാണ് ഈ സംവരണ ആനുകൂല്യങ്ങളെന്ന വസ്തുത മറച്ചുവച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നും പോപ്പുലർ ഫ്രണ്ട് കുറ്റപ്പെടുത്തി.

ഈ സംവരണത്തെ സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി വിലയിരുത്തിയ സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും. വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം സമുദായത്തിന് പ്രത്യേകം സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ചത്. അതില്‍ തന്നെ അനാവശ്യമായി കൈകടത്തിക്കൊണ്ടാണ് പിന്നാക്ക ക്രൈസ്തവര്‍ക്ക് കൂടി 20 ശതമാനം സംവരണം അനുവദിച്ചതെന്നും പോപ്പുലർ ഫ്രണ്ട് അടിവരയിട്ട് പറയുന്നു. പിന്നീട് തുടര്‍ന്ന് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നടത്തിയ അനാവശ്യ പ്രചാരണത്തിലൂടെയാണ് 80:20 എന്ന അനുപാതം ചര്‍ച്ചയായത് പിന്നീട് കോടതി വിഷയത്തിലിടപെട്ട് റദ്ദാക്കുകയായിരുന്നു.

മുസ്ലിങ്ങൾക്ക് മാത്രമുണ്ടായിരുന്ന പദ്ധതിയെ വീതം വച്ച് അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ ഇപ്പോള്‍ കൂട്ടുനില്‍ക്കുകയാണന്നും . സര്‍ക്കാരിന്റെ ഈ സമീപനം ശരിയല്ലെന്നും പോപ്പുലർ ഫ്രണ്ട് ചൂണ്ടിക്കാണിക്കുന്നു. ഏതെങ്കിലും സമുദായങ്ങള്‍ പിന്നാക്കം നിൽക്കുന്നുവെങ്കിൽ പഠനം നടത്തി അതു പരിഹരിക്കാനുള്ള പദ്ധതികള്‍ ആരംഭിക്കുകയാണ് വേണ്ടതെന്നും മറിച്ച് മുസ്ലിങ്ങൾക്ക് വേണ്ടി അനുവദിച്ചിട്ടുള്ള പദ്ധതി വെട്ടിമുറിച്ച് മറ്റുള്ളവര്‍ക്ക് വീതം വയ്ക്കുകയല്ല വേണ്ടതെന്നും പോപ്പുലർ ഫ്രണ്ട് ചൂണ്ടിക്കാണിക്കുന്നു. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകള്‍ പൂര്‍ണമായും മുസ്ലിം സമുദായത്തിന് അവകാശപ്പെട്ടതാണെന്നും ഇത് മുസ്ലിങ്ങൾക്ക് ലഭ്യമാക്കാനുള്ള നിയമനിര്‍മ്മാണമാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും അടിവരയിട്ട് പറയുന്നു.
Recommended Video

നേരത്തെ മന്ത്രി സഭാ തീരുമാനത്തെ എതിർത്ത് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു. ഒരു പ്രത്യേക ജനവിഭാഗത്തിന് പിന്നാക്കാവസ്ഥ പരിഗണിച്ച് നല്‍കി വരുന്ന ആനുകൂല്യം കേരള സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ തന്നെ തള്ളിക്കളഞ്ഞെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്.ഈ വിഷയത്തിൽ വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കേണ്ട കാര്യവുമില്ലെങ്കിലും പക്ഷെ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആനുകൂല്യം എല്ലാ സംസ്ഥാനങ്ങളിലും കൊടുക്കുമ്പോഴും കേരളത്തില്‍ മാത്രം അത് തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം വിമര്‍ശിച്ചു.












Click it and Unblock the Notifications