സിപിഎമ്മുകാരെ എസ്ഡിപിഐക്കാർ വെട്ടിയതിങ്ങനെ
മലപ്പുറം:സിപിഎം പ്രവര്‍ത്തകരെ നാട്ടുകാരുടെ മുന്നില്‍ വച്ച് പരസ്യമായി വെട്ടി. പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.മലപ്പുറം ജില്ലയിലെ തിരൂരില്‍ ആണ് സംഭവം. ജനുവരി 29 ബുധനാഴ്ചയാണ് ഉച്ചക്ക് 11 മണിയോടെയാണ് ആക്രമണം നടന്നത്. നടുറോഡില്‍ വച്ച് സിപിഎമ്മുകാരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടിവി ചാനലുകള്‍ പുറത്തുവിട്ടു.
സിപിഎം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ മജീദിനേയും അര്‍ഷാദിനേയും ആണ് ആക്രമിച്ചത്. എന്തിനാണ് തങ്ങള്‍ ആക്രമിക്കപ്പെടുന്നത് എന്ന് പോലും അറിയാതെ ഇവര്‍ കേഴുന്നത് ദൃശ്യങ്ങളില്‍ കാണാം. രണ്ട് പേരും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ ആക്രമിക്കപ്പെടുന്പോള്‍ ഒന്നും ശ്രദ്ധിക്കാതെ തൊട്ടുത്തുകൂടി നടന്നുപോകുന്ന ആളുകളേയും ദൃശ്യങ്ങളില്‍ കാണാം.

കാര്‍ തടഞ്ഞ് നിര്‍ത്തി മജീദിനേയും അര്‍ഷാദിനയേും പുറത്തേക്ക് വലിച്ചിറക്കിയാണ് അക്രമികള്‍ വടിവാളുകൊണ്ട് വെട്ടിയത്. അക്രമി സംഘത്തിലെ എല്ലാവരും യുവാക്കളായിരുന്നു. മജീദ് ആയിരുന്നു അക്രമികളുടെ ലക്ഷ്യം.തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അര്‍ഷാദിന് വെട്ടേറ്റത്.
സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞതായി തിരൂര്ർ പോലീസ് വ്യക്തമാക്കിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ വിവരം നല്‍കിയിട്ടും ആദ്യം പോലീസ് നടപടിയെടുക്കാന്‍ വിസമ്മതിച്ചു എന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
ആക്രമണം നടത്തിയത് ലീഗ്-പോപ്പുലര്‍ ഫ്രണ്ട് കൂട്ടുകെട്ടാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം മംഗലം പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടിയിരുന്നു. ആഹ്ലാദ പ്രകടനത്തിനിടയിലേക്ക് ബൈക്കുമായി എത്തിയ എസ്ഡിപിഐ പ്രവര്‍ത്തകന് നേരേ ആക്രമണം ഉണ്ടായതായി പറയപ്പെടുന്നു. ഇതിന് ശേഷമാണ് സിപിഎം പ്രവര്‍ത്തകരെ നടുറോഡില്‍ പരസ്യമായി വെട്ടിയത്.
തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണ് യഥാര്‍ത്ഥത്തില്‍ തിരൂരില്‍ അരങ്ങേറിയത്. എസ്ഡിപിഐ ഇത്തരത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആരോപിക്കപ്പെടുന്ന സംഘടനയുമാണ്. കേരളത്തില്‍ മത തീവ്രവാദ സംഘടനകള്‍ വേരാഴ്ത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമാ അത്തെ ഇസ്ലാമി ഇത്തരത്തില്‍ നിരീക്ഷണത്തിലാണെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.












Click it and Unblock the Notifications